ഡി.ജെ പാര്‍ട്ടി എന്ന പേരില്‍ നടക്കുന്നത് അഴിഞ്ഞാട്ടം; സ്ത്രീ സുരക്ഷ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു: സതീദേവി
തിരുവനന്തപുരംന്മ സംസ്ഥാനത്ത് സ്ത്രീ സുരക്ഷ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണെന്നും ഡിജെ പാര്‍ട്ടിയെന്ന പേരില്‍ നടക്കുന്നത് അഴിഞ്ഞാട്ടമാണെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി. വനിതാ കമ്മിഷന്‍ സംസ്ഥാനതല സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീകള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന മേഖലയില്‍ സുരക്ഷിതമായി ജോലി ചെയ്യാനും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താനം കഴിയുന്ന വിധത്തില്‍ പൊലിസിന്റെ ഭാഗത്തുനിന്നും ജാഗ്രതവേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തിരക്കേറിയ നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് രാത്രി സമയങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയുന്നില്ല എന്നത് കേരളം പോലെ ഒരു സംസ്ഥാനത്തിന് ഒട്ടും ഭൂഷണമായ കാര്യമല്ലെന്നും അവര്‍ പറഞ്ഞു.
കൊച്ചിയില്‍ യുവതി അവരുടെ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്ന സമയത്ത് കൂട്ട ബലാത്സംഗത്തിന് ഇരയായി. അവര്‍ ആ സമയത്ത് മദ്യപിച്ചിരുന്നു എന്നാണ് വാര്‍ത്ത. മദ്യപിച്ചാല്‍ മാത്രം ആക്രമിക്കപ്പെടണമെന്നില്ലെന്നും പുരുഷന്‍മാര്‍ മദ്യപിച്ചാല്‍ ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാറില്ലല്ലോയെന്നും സതീദേവി ചോദിച്ചു.
സ്ത്രീയെ ഒറ്റയ്ക്ക് രാത്രി കണ്ടുകഴിഞ്ഞാല്‍ കേവലം ശരീരമായി കണുന്നു എന്ന വീക്ഷണഗതിയാണ് കേരളത്തില്‍ പരക്കെയുള്ളതെന്ന് അവര്‍ പറഞ്ഞു. കലാരംഗത്തുള്ള സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്ന അവസ്ഥ സമൂഹത്തിലെ തെറ്റായ വീക്ഷണഗതിയാണ്. കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ പോലും ലജ്ജിക്കേണ്ട സാഹചര്യം ഉണ്ടാവുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതത്വത്തോടെ സഞ്ചരിക്കേണ്ട സാഹചര്യമുണ്ടാവണമെങ്കില്‍ സമൂഹത്തിന്റെ സ്ത്രീയോടുള്ള വീക്ഷണം മാറിയേ തീരൂ. പൊലിസിന്റെ ഭാഗത്തുനിന്നും ജാഗ്രതയുണ്ടാവണം. പലയിടങ്ങളിലും സി.സി.ടി.വി. പ്രവര്‍ത്തനയോഗ്യമല്ലെന്നാണ് സംഭവങ്ങള്‍ നടന്നുകഴിയുമ്പോള്‍ മനസ്സിലാകുന്നതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."