കുറ്റിപ്പുറത്ത് പൊലിസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച് കൊള്ളയടിച്ചു; നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽ
കുറ്റിപ്പുറത്ത് പൊലിസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച് കൊള്ളയടിച്ചു; നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽ
മലപ്പുറം: കുറ്റിപ്പുറത്ത് പൊലിസ് ചമഞ്ഞ് യുവാവിനെ മർദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കേക്കാട് സ്വദേശി സുബിനാണ് പിടിയിലായത്. തിരൂര്‍ പുല്ലൂണി സ്വദേശി അരുണ്‍ജിത്തിനെ ആക്രമിച്ച സംഘത്തിലെ പ്രതിയെയാണ് കുറ്റിപ്പുറം പൊലിസ് പിടികൂടിയത്. മർദ്ദനത്തിന് ശേഷം ഇയാളുടെ മൊബൈൽ ഫോൺ ഉൾപ്പെടെ തട്ടിയെടുത്ത നാലംഗ സംഘം പിന്നീട് ഇയാളെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ഈ മാസം മൂന്നിന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. സുഹൃത്തിനെ കുറ്റിപ്പുറത്ത് കൊണ്ടുവന്നാക്കി മടങ്ങുന്നതിനിടെയാണ് അരുൺജിത്തിനെ നാലംഗ സംഘം പിടികൂടിയത്. പൊലിസ് ആണെന്ന് ചമഞ്ഞാണ് അരുൺജിത്തിന്റെ വാഹനം തടഞ്ഞത്. പിന്നീട് ഇയാളെ ആക്രമിക്കുകയും ഫോൺ ഉൾപ്പെട പോക്കറ്റിൽ ഉണ്ടായിരുന്നത് തട്ടിയെടുക്കുകയായിരുന്നു. ഇതിന് ശേഷം അരുൺജിത്തിനെ സ്‌കൂട്ടറിൽ കയറ്റി എടപ്പാൾ ഭാഗത്തേക്ക് കൊണ്ടുപോയി. നടുവട്ടം എന്ന സ്ഥലത്ത് എത്തിയപ്പോൾ ഇയാളെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ കുറ്റിപ്പുറം പൊലിസ് നടത്തിയ അന്വേഷണത്തിൽ മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സംഘമാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് തൃശൂര്‍ വടക്കേക്കാട് സ്വദേശി പൊലിസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് ബൈക്കും തട്ടിയെടുത്ത ഫോണും കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റു മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും ഇവരെ വൈകാതെ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."