പശു നിശ്വസിക്കുന്നതും ഓക്‌സിജന്‍ വിചിത്രവാദവുമായി അലഹബാദ് ഹൈക്കോടതി
പ്രയാഗ്‌രാജ്: ഓക്‌സിജന്‍ ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്ന ഏക മൃഗം പശുവാണെന്ന് അലഹബാദ് ഹൈക്കോടതി. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് കഴിഞ്ഞ ദിവസം ഉത്തരവിട്ട ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവാണ് പശുവിനെ കുറിച്ച് പുതിയ നിരീക്ഷണം നടത്തിയത്.
ഹിന്ദിയില്‍ എഴുതിയ 12 പേജുള്ള ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. പശുവിനെ കശാപ്പ് ചെയ്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളുടെ ജാമ്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പശുവിനെ കശാപ്പ് ചെയ്ത പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു.
യജ്ഞങ്ങള്‍ നടക്കുന്ന സമയത്ത് പശുവിന്‍പാലില്‍നിന്നുണ്ടാക്കിയ നെയ്യ് ഉപയോഗിക്കുന്നത് ഇന്ത്യയിലെ ആചാരമാണെന്ന് ഉത്തരവില്‍ പറയുന്നു. ഇത് സൂര്യപ്രകാശത്തിന് പ്രത്യേക ഊര്‍ജം നല്‍കുന്നു. ആത്യന്തികമായി മഴയ്ക്ക് കാരണമാകുന്നതായും ഉത്തരവില്‍ പറയുന്നു.
പശുവിന്റെ പാല്‍, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവകൊണ്ട് നിര്‍മിക്കുന്ന പഞ്ചഗവ്യം നിരവധി മാറാ രോഗങ്ങള്‍ക്കുള്ള മരുന്നാണെന്നും ഉത്തരവില്‍ പറയുന്നു. ആര്യസമാജം സ്ഥാപകന്‍ ദയാനന്ദ സരസ്വതിയുടെ വാക്കുകളെ ഉദ്ധരിച്ച് പശുവിന് അതിന്റെ ജീവിതകാലം മുഴുവന്‍ 400 പേര്‍ക്ക് പാല്‍ നല്‍കാന്‍ കഴിയുമെങ്കില്‍ അതിന്റെ ഇറച്ചി 80 പേര്‍ക്കേ കഴിക്കാന്‍ കഴിയൂ എന്നും ഉത്തരവില്‍ പറയുന്നു. പശുവിനെയോ കാളയേയൊ കൊല്ലുന്നത് മനുഷ്യരെ കൊല്ലുന്നതുപോലെയാണെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് യാദവ് ഉത്തരവില്‍ എഴുതി.
പശു ഓക്‌സിജന്‍
പുറത്തുവിടുന്നുണ്ടോ?
പശുവിന്റെ ശ്വസനനാളത്തിലും മനുഷ്യരുടേതുപോലെ സീലിയ എന്ന നേര്‍ത്ത രോമങ്ങളുണ്ട്. വായുവിലെ പൊടിയും മാലിന്യങ്ങളും തടയാനാണിത്. മറ്റു മൃഗങ്ങള്‍ക്കെന്ന പോലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ശ്വസിക്കാന്‍ പശുവിന് കഴിയില്ല. ഓക്‌സിജന്‍ പുറംതള്ളുന്നുമില്ല. പശു ഓക്‌സിജന്‍ ശ്വസിച്ച് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറംതള്ളുന്നു എന്നതാണ് സത്യം.
ശ്വാസകോശത്തിന് അന്തരീക്ഷ വായുവിലെ ഓക്‌സിജനെ പൂര്‍ണമായി വേര്‍തിരിച്ചെടുക്കാനും രക്തത്തില്‍ കലര്‍ത്താനും കഴിവില്ല. അതിനാല്‍ നിശ്വാസ വായുവിലും ഇത്തരത്തില്‍ ശേഷിക്കുന്ന ഓക്‌സിജന്റെ അംശം ഉണ്ടാകാറുണ്ട്.
നാം ശ്വസിക്കുന്ന അന്തരീക്ഷ വായുവില്‍ ഏകദേശം 78 ശതമാനം നൈട്രജനും 15 മുതല്‍ 18 ശതമാനം ഓക്‌സിജനും 5 ശതമാനം കാര്‍ബണ്‍ ഡൈ ഓക്‌സൈഡും 0.96 ശതമാനം ആര്‍ഗണും ആണ്. പ്രകാശസംശ്ലേഷണം നടക്കുമ്പോഴാണ് സസ്യങ്ങള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉപയോഗിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."