സ്വീറ്റായി വീണ്ടും സ്വിഫ്റ്റ്
സ്വീറ്റായി വീണ്ടും സ്വിഫ്റ്റ്
കുറച്ചു മുമ്പുവരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന കാറുകളുടെ ലിസ്റ്റെടുത്താല്‍ ഒന്നാം സ്ഥാനത്ത് ഓള്‍ട്ടോ ആയിരുന്നു. ഇപ്പോള്‍ ആ സ്ഥാനം കൈയാളുന്നത് മാരുതിയുടെ സ്വിഫ്റ്റ് ആണ്. ഇന്ത്യയിലെ കാര്‍വിപണി വളരുന്നതിന്റെയും മധ്യവര്‍ഗ കുടുംബങ്ങളിലുണ്ടായ സാമ്പത്തിക ഉന്നതിയുമൊക്കെ ഇതിന്റെ കാരണങ്ങളാണ്. യാത്രാ സുഖവും സുരക്ഷയുമൊക്കെ കാര്‍വാങ്ങുന്നവരുടെ പ്രഥമ പരിഗണകളാകുമ്പോള്‍ വാഹനത്തിനായി അവര്‍ കൂടുതല്‍ പണവും മുടക്കാന്‍ തയാറാകുന്നു. കാറുകള്‍ എസ്.യു.വികളായി പരിണമിച്ചുകൊണ്ടിരുക്കുന്ന ഇന്നും സ്വിഫ്റ്റ് എന്ന ഹാച്ച്ബാക്ക് മോഡലിന് ആരാധകര്‍ ഒരുപാടുണ്ട്. മുമ്പത്തെ അത്രയധികമില്ലെന്നത് ഇതിനൊപ്പം ചേര്‍ത്തുപറയേണ്ടി വരുന്നുണ്ടെങ്കിലും.
ഈയിടെ ജപ്പാനിലെ ടോക്കിയോ മോട്ടോര്‍ഷോയിലാണ് സുസുക്കി നാലാം തലമുറയില്‍പ്പെട്ട സ്വിഫ്റ്റിനെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് ഏറ്റവും പുതിയ സ്വിഫ്റ്റിനെ ഒരു പൊതുവേദയില്‍ പ്രദര്‍ശിപ്പിക്കുന്നത്. നേരത്തെ ഈ കാറിന്റെ ചില ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ പുതിയ മോഡല്‍ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്.
2005ല്‍ ഇവിടെ എത്തിയ സ്വിഫ്റ്റ് ഇന്ന്18 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്ത്യന്‍ റോഡുകള്‍ മാത്രമല്ല ഹൃദയങ്ങളും കീഴടക്കിയ വാഹനമാണ്. അതുകൊണ്ടുതന്നെ സ്വിഫ്റ്റിനെ അടുത്തൊന്നും കൈയൊഴിയാന്‍ മാരുതിക്ക് പദ്ധതിയുമില്ല. പഴയ സ്റ്റെലിങ് അതേപടി നിലനിര്‍ത്തിയാണ് പുതിയ മോഡലിനെയും സുസകി ഒരുക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഒരുപോലെയാണെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ പല വ്യത്യാസങ്ങളും കാണാം. ആദ്യം ശ്രദ്ധയില്‍പ്പെടുക ഒന്നുകൂടി പരന്ന രീതിയിലുള്ള മുന്‍വശമാണ്. ഹെഡ്‌ലൈറ്റ് ഏറെക്കുറെ തേര്‍ഡ് ജനറേഷന് സമാനമാണ്. വശങ്ങളിലൂടെ തുടരുന്ന ഒരു ലൈന്‍ ഹെഡ്‌ലൈറ്റുമായി ലയിക്കുന്ന രീതിയിലാണ് ബോഡി ഡിസൈന്‍. ഫ്രണ്ട് ഗ്രില്ല് റീ ഡിസൈന്‍ ചെയ്തിട്ടുണ്ട്. വലിപ്പം കൂടി അരികുകളില്‍ വൃത്താകൃതിയിലുള്ളതാണിത്. സുസുക്കി ലോഗോ ഗ്രില്ലിന് മുകളിലേക്ക് മാറിയിട്ടുണ്ട്. മുന്നിലെ ബംപറിന് അടിയിലായി ഒരു ചിന്‍ സ്‌പോയിലറും കാണുന്നുണ്ട്.
ഫ്രണ്ട്, റിയര്‍ ഗ്ലാസുകള്‍ മാറിയിട്ടില്ല. എന്നാല്‍ ഡോറുകളിലുണ്ട് വ്യത്യാസം. റിയര്‍ ഡോറിന് നിലവില്‍ സി പില്ലറുകളില്‍ ഉള്ള ഹാന്‍ഡിലുകള്‍ താഴേക്കെത്തി. ഇപ്പോഴത്തെ സ്വിഫ്റ്റില്‍ പലര്‍ക്കും ഇഷ്ടമില്ലാത്ത ഒന്നായിരുന്ന സി പില്ലറുകളിലായി സ്ഥിതി ചെയ്തിരുന്ന റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍. പിന്നിലെ ബംപറിനൊപ്പം ടെയില്‍ഗേറ്റിനും പുതിയ ലുക്ക് ലഭിച്ചിട്ടുണ്ട്. ഉള്ളില്‍ ഒരു ഫ്രീ സ്റ്റാന്‍ഡിങ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, സ്റ്റിയറിങ് വീല്‍ ഡിസൈന്‍ കൂടാതെ ബലെനോയിലും ഫ്രോങ്ക്‌സിലും പരിചിതമായി പലതും കാണാനാവും. സംഗതി ഏതായാലും ഇപ്പോഴത്തേതിലും ജോറാണെന്ന് പറയേണ്ടി വരും. അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) ഉള്ളവയാണ് ടോക്കിയോയില്‍ പ്രദര്‍ശിപ്പിച്ച കാറുകള്‍. നിലവില്‍ സുസുകി ഇന്ത്യയില്‍ ADAS നല്‍കുന്നില്ല. പുതിയ സ്വിഫ്റ്റ് ഇന്ത്യയിലെത്തുമ്പോള്‍, മുന്നിലെ വാഹനത്തിനനുസരിച്ച് സ്വയം വേഗം ക്രമീകരിക്കുന്ന അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രാേള്‍ ഉള്‍പ്പെടെയുള്ള ADAS സംവിധാനങ്ങള്‍ ഉണ്ടാകുമോ എന്നറിയില്ല. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു മാറ്റം എന്‍ജിനാണ്. സുസകിയുടെ Z സീരിസ് എന്‍ജിനായിരിക്കം ഏറ്റവും പുതിയ സ്വിഫ്റ്റില്‍ സ്ഥാനം പിടിക്കുക. ഇപ്പോഴ്‌ത്തെ സ്വിഫ്റ്റിന് Kസീരീസിലുള്ള 1.2 ലിറ്റര്‍, ഫോര്‍ സിലണ്ടര്‍ എന്‍നാണ് വരുന്നത്. 2024 ല്‍ എത്തുന്ന പുതിയ സ്വിഫ്റ്റിന് 1.2 ലിറ്റര്‍ കപ്പാസിറ്റിയുള്ള മൂന്ന് സിലിണ്ടര്‍ ഉള്ള നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിനാവും ലഭിക്കുക. ഈ എന്‍ ജിന്‍ Z12 എന്ന കോഡ് നെയിമില്‍ അറിയപ്പെടും. ഔദ്യോഗിക കണക്കുകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലം Z സീരിസ് എന്‍ജിന്‍ ഉയര്‍ന്ന ഇന്ധനക്ഷമതയുള്ളതായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ എന്‍ജിന്റെ മൈലേജിനെക്കുറിച്ച് കേട്ടാല്‍ ഞെട്ടുന്ന പല കണക്കുകളും നെറ്റില്‍ കാണാം. എന്നാല്‍ ഇവയ്‌ക്കൊന്നും ഔദ്യോഗിക സ്ഥിരീകരണമില്ല. പക്ഷേ, ഒരുകാര്യം ഉറപ്പാണ് മൈലേജ് തന്നെയായിരിക്കും പുതിയ സ്വിഫ്റ്റിന്റെ തുറുപ്പുചീട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."