കളമശ്ശേരി ബോംബ് സ്‌ഫോടനം; മരണം രണ്ടായി
കളമശ്ശേരി ബോംബ് സ്‌ഫോടനം; മരണം രണ്ടായി
കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടനത്തില്‍ മരണം രണ്ടായി. സ്‌ഫോടനത്തില്‍ 90 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന ഇവര്‍ മരിച്ചതായി ആരോഗ്യ മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 52 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ 90 ശതമാനം പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 30 പേരാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. അതില്‍ 18 പേരെ തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഐ.സി.യില്‍ കഴിയുന്ന ആറ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇതില്‍ 12 വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നുണ്ട്.
അപകടത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജിലുള്ള വിദഗ്ദരുടെ ടീം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിയിട്ടുണ്ട്. കൂടാതെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം സ്‌ഫോടനം നടത്തിയ പ്രതി മാര്‍ട്ടിനെതിരെ യു.എ.പി.എ ചുമത്തി പൊലിസ് കേസെടുത്തിട്ടുണ്ട്. സ്‌ഫോടനം തീവ്രവാദമാണെന്നാണ് എഫ്.ഐ.ആര്‍. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് മാര്‍ട്ടിന്‍ കൃത്യം നിര്‍വഹിച്ചതെന്നാണ് കണ്ടെത്തല്‍. ഇന്റര്‍നെറ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് മാര്‍ട്ടിന്‍ ഐഇഡി ബോംബ് പ്രവര്‍ത്തിപ്പിക്കാന്‍ പഠിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."