കെ.എസ്.ആര്‍.ടി.സി ശമ്പള പരിഷ്‌കരണം: സമര മുന്നറിയിപ്പുമായി പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പരിഷ്‌കരണ ചര്‍ച്ച ഇഴയുന്നതില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ മുന്നറിയിപ്പ്. ശമ്പള പരിഷ്‌കരണം മനഃപൂര്‍വം വൈകിപ്പിക്കുന്നുവെന്നാണ് സംഘടനകളുടെ ആരോപണം.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ജൂണ്‍ 30ന് പുതുക്കിയ ശമ്പളം കൈയില്‍ കിട്ടുമെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും മാനേജ്‌മെന്റുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ പോലും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സംഘടനകള്‍ ആരോപിക്കുന്നു. 2016 ഫെബ്രുവരി 28നാണ് കെ.എസ്.ആര്‍.ടി.സി ശമ്പളക്കരാര്‍ അവസാനിച്ചത്. പിന്നീട് പത്താം ശമ്പളപരിഷ്‌കരണ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അതു പരിഷ്‌കരിക്കേണ്ടതായിരുന്നെങ്കിലും നടന്നില്ല. സംസ്ഥാനത്തെ മറ്റെല്ലാ വകുപ്പുകളിലും പത്തുവര്‍ഷത്തിനിടയില്‍ രണ്ടുതവണ ശമ്പള പരിഷ്‌കരണം നടന്നെങ്കിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത് തുച്ഛമായ തുകയാണ്. കെ-സ്വിഫ്റ്റിലെ എതിര്‍പ്പ് മറികടക്കാന്‍ ശമ്പള പരിഷ്‌കരണം വൈകിപ്പിക്കുകയാണ്.
സര്‍ക്കാര്‍ ഇടപെടല്‍ ഇനിയും വൈകുകയാണെങ്കില്‍ അനിശ്ചിത കാല സമരത്തിലേക്ക് കടക്കും. പത്തുവര്‍ഷമായി ശമ്പള പരിഷ്‌കരണം നടക്കാത്തതിനാല്‍ ശമ്പളം, ഡി.എ എന്നീ ഇനങ്ങളില്‍ ഒരു ജീവനക്കാരന് ഏഴു ലക്ഷത്തിലധികം രൂപ നഷ്ടമായതായി സംഘടനകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."