മെഡിക്കല്‍ കോളജില്‍ ജനത്തിരക്ക് കുറഞ്ഞു
മെഡിക്കല്‍ കോളജ്: നിപ രോഗബാധയെ തുടര്‍ന്ന് 12 വയസുകാരന്‍ മരണപ്പെട്ടതിന് ശേഷം ആരോഗ്യ വകുപ്പ് അധികൃതര്‍ റൂട്ട് മാപ്പ് തയാറാക്കിയതിന്റെ അടിസ്ഥാനത്തില്‍ 32 ആരോഗ്യ പ്രവര്‍ത്തകരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കെ.എച്ച്.ആര്‍.ഡബ്ലിയുവിന്റെ പേവാര്‍ഡ് കെട്ടിടം പൂര്‍ണമായും നിപ ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റി.
നിപ ഹൈറിസ്‌ക്കിലുള്ളവരെ ഇവിടെ തയാറാക്കിയ ഐ.സി.യുവിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടി മരിച്ച അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന 22 ഡോക്ടര്‍മാരുള്‍പ്പടെ ആരോഗ്യ പ്രവര്‍ത്തകരും എട്ട് പേര്‍ ശുചീകരണ തൊഴിലാളികളുമാണ്. രണ്ട് ഷിഫ്റ്റുകളിലായി അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്തവരാണിവര്‍.
ഇതില്‍ രണ്ട് പേര്‍ക്ക് ഛര്‍ദിയും പനിയുമുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പ്രവൃത്തി ദിവസങ്ങളില്‍ സാധാരണ 4000ത്തോളം രോഗികള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിറുണ്ട്. ഇന്നലെ ശരാശരി അഞ്ഞൂറില്‍ താഴെ പേര്‍ മാത്രമാണ് വിവിധ ഒ.പികളില്‍ എത്തിച്ചേര്‍ന്നിട്ടുള്ളതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിപയെ തുടര്‍ന്നുള്ള ഭീതിയാണ് ഒ.പി.കളിലെ തിരക്ക് കുറയാനുള്ള കാരണമെന്നാണ് ആശുപത്രി ജീവനക്കാരുടെ പ്രാഥമിക നിഗമനം.
എന്നാല്‍ കഴിഞ്ഞ നിപ കാലത്ത് ആശുപത്രി വരാന്തയിലൂടെയും കോമ്പൗണ്ടിലൂടെയും നടക്കാന്‍ പോലും ആളുകള്‍ ഭയപ്പെട്ടിരുന്നതായും അത്തരമൊരു ആശങ്ക ആശുപത്രി പരിസരത്ത് എത്തിച്ചേര്‍ന്നവരില്‍ കാണാനിടയായിട്ടില്ലെന്നും ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."