എല്ലാം പറഞ്ഞുതീര്‍ത്തു; കോണ്‍ഗ്രസ് ഇനി ഒറ്റക്കെട്ട്
താരിഖ് അന്‍വര്‍ വരില്ല
തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷരെ പ്രഖ്യാപിച്ചതിനുപിന്നാലെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ തീര്‍ന്നതായി നേതാക്കള്‍.
ഡി.സി.സി നിയമനത്തെച്ചൊല്ലി ഉടക്കിയ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും പ്രതിപക്ഷനേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരമുണ്ടായത്. ഇന്നലെ രാവിലെ കെ.പി.സി.സി ആസ്ഥാനത്തായിരുന്നു ചര്‍ച്ച.
എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ചര്‍ച്ചയ്ക്കു ശേഷം സുധാകരന്‍ പറഞ്ഞു. ഇരുവരുടെയും നേതൃത്വം കോണ്‍ഗ്രസിനു തുടര്‍ന്നും ലഭിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇനി ചര്‍ച്ചയില്ലെന്നും എല്ലാം അവസാനിച്ചെന്നും സുധാകരന്‍ പറഞ്ഞു.
മഞ്ഞുരുകിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതിന് മഞ്ഞുണ്ടായിട്ടു വേണ്ടേ ഉരുകാന്‍ എന്നായിരുന്നു സുധാകരന്റെ മറുപടി. പിണക്കങ്ങളുണ്ടാകുമ്പോള്‍ ഇണക്കത്തിന്റെ ശക്തികൂടുമെന്ന് സതീശന്‍ പറഞ്ഞു.ചര്‍ച്ചയില്‍ പരിഹാരം കണ്ടെത്തിയ സാഹചര്യത്തില്‍ ചര്‍ച്ചയ്ക്കായി ഇനി ഹൈക്കമാന്‍ഡ് ഇടപെടില്ലെന്നാണ് സൂചന.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇക്കാര്യത്തിന് ഇനി കേരളത്തിലേക്കു വരില്ലെന്ന സൂചനയും നേതാക്കള്‍ നല്‍കി.
ഡി.സി.സി അധ്യക്ഷരെ പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തങ്ങളുമായി കൂടിയാലോചിക്കാതെയാണ് നിയമനമെന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടിയില്‍ രൂപപ്പെട്ട അസാധാരണ പ്രതിസന്ധിക്കു ശേഷം നാലു നേതാക്കളും ഇന്നലെയാണ് ഒരുമിച്ചു നേരില്‍ കാണുന്നത്. ഇന്നലത്തെ ചര്‍ച്ചയ്ക്കു മുന്നോടിയായി ഇരുവരെയും സതീശന്‍ ഫോണില്‍ വിളിക്കുകയും തുടര്‍ന്ന് ചെന്നുകാണുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."