പൊലിസ് പിടിച്ചെടുത്ത വാഹനം അപകട ഭീഷണിയാകുന്നു
നീലേശ്വരം: പൊലിസ് പിടിച്ചെടുത്ത് ദേശീയപാതയോരത്തു നിര്‍ത്തിയിട്ട വാഹനം അപകട ഭീഷണിയാകുന്നു. നീലേശ്വരം പൊലിസ് സ്റ്റേഷനു മുന്നില്‍ തെരുവ് റോഡ് ജംഗ്ഷനില്‍ ആല്‍മരച്ചോട്ടില്‍ നിര്‍ത്തിയിട്ട പൂഴിലോറിയാണു വാഹനയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാകുന്നത്.
പൂഴി കടത്തുന്നതിനിടയില്‍ പിടികൂടിയ കര്‍ണാടക രജിട്രേഷന്‍ വാഹനമാണിത്.
പൊലിസ് സ്റ്റേഷന്‍ വളപ്പിലും പുറത്തും ഇത്തരത്തില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ കൂട്ടിയിട്ടു സ്ഥലമില്ലാതായതോടെയാണു ഈ ലോറി ഇവിടെ നിര്‍ത്തിയിട്ടത്.
ഇതോടെ ഇവിടെ അപകടവും പതിവായി. ദേശീയപാതയില്‍ നിന്നും തെരുവുറോഡിലേക്കും തിരിച്ചും വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കു പരസ്പരം കാണാന്‍ കഴിയാത്തതാണു അപകടത്തിനു കാരണം. ഇത്തരത്തില്‍ നിരവധി വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ട്.
ഇത്തരത്തില്‍ വാഹനങ്ങളെ കാണാന്‍ കഴിയാത്തത് കാല്‍നട യാത്രക്കാര്‍ക്കും ദുരിതമാകുന്നു. കൂടുതല്‍ അപകടമുണ്ടാകുന്നതിനു മുന്‍പ് ലോറി അവിടെനിന്നു മാറ്റണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."