മഞ്ഞുരുകിയെങ്കിലും കോണ്‍ഗ്രസില്‍ ചര്‍ച്ച തുടരുന്നു
തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റുമാരെച്ചൊല്ലി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായ തര്‍ക്കം പരിഹരിച്ചെങ്കിലും ഐക്യനീക്കം ശക്തമാക്കുക, പുനഃസംഘടന വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങളോടെ ചര്‍ച്ചകള്‍ തുടരുന്നു. ഇന്നലെ നടന്ന ഡി.സി.സി പ്രസിഡന്റുമാര്‍ക്കുള്ള ശില്‍പശാലയോടനുബന്ധിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ തമ്മില്‍ ചര്‍ച്ച നടത്തി.
ശില്‍പശാലയിലേക്ക് സുധാകരനും സതീശനും പുറമെ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായ പി.ടി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ടി. സിദ്ധീഖ് എന്നിവരെക്കൂടാതെ ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും മാത്രമാണ് ക്ഷണിച്ചത്. ഡി.സി.സി അധ്യക്ഷരെ പ്രഖ്യാപിക്കുകയും അതേച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു മുന്നില്‍ ഇനിയുള്ള കടമ്പ പുനഃസംഘടനയാണ്. ഈ മാസമോ അടുത്ത മാസം മാധ്യത്തോടെയോ ഡി.സി.സി, കെ.പി.സി.സി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതു വൈകരുതെന്ന് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശവുമുണ്ട്. എന്നാല്‍ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതുപോലെയാവരുതെന്നും ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും വിശ്വാസത്തിലെടുത്തു വേണം പുനഃസംഘടന പൂര്‍ത്തിയാക്കാനെന്നും നിര്‍ദേശമുണ്ട്. ഈസാഹചര്യത്തിലാണ് ഇപ്പോഴത്തെ ചര്‍ച്ച.
ആകെ 51 അംഗ നേതൃസമിതിയായിരിക്കും കെ.പി.സി.സിക്കുണ്ടാകുക. ഇതില്‍ പ്രസിഡന്റ്, മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാര്‍ എന്നിവരെ ഹൈക്കമാന്‍ഡ് ഇതിനകം നിയമിച്ചു. ബാക്കിയുള്ള നിര്‍വാഹകസമിതി അംഗങ്ങളടക്കമുള്ളവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഈ ചര്‍ച്ചയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇന്നത്തെ ചര്‍ച്ചയുടെ ബാക്കി ചര്‍ച്ച 14നോ 15നോ നടക്കും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."