'ഇ.ഡി വെട്ടുകിളികളെ പോലെ' റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി അശോക് ഗെഹ്ലോട്ട്
'ഇ.ഡി വെട്ടുകിളികളെ പോലെ' റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി അശോക് ഗെഹ്ലോട്ട്
ജയ്പൂര്‍: ഇ.ഡി റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പാകിസ്താനില്‍ നിന്ന് വരുന്ന വെട്ടുകിളികളെ പോലെയാണ് ഇ.ഡിയെന്ന് അദ്ദേഹം പരിഹസിച്ചു. വിവിധ പ്രതിപക്ഷ നേതാക്കളുടെ വീട്ടിലും മറ്റുമായി ഇ.ഡി നടത്തുന്ന പരിശോധനക്ക് പിന്നാലെയാണ് അശോക് ഗെഹ്ലോട്ടിന്റെ പരാമര്‍ശം.
അന്വേഷണ ഏജന്‍സി അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിനുപകരം പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെക്കാനും സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇ.ഡി നടത്തുന്ന റെയ്ഡുകള്‍ നിങ്ങള്‍ കാണുന്നുണ്ടാകും. പാകിസ്താനില്‍ നിന്ന് വരുന്ന വെട്ടുകിളികളെ പോലെയാണ് ഇഡി വരുന്നത്' - അദ്ദേഹം പറഞ്ഞു.
സി.ബി.ഐ, ഇ.ഡി, ആദായ നികുതി വകുപ്പ് തുടങ്ങിയ ഏജന്‍സികളുടെ വിശ്വാസ്യത കുറഞ്ഞു വരികയാണെന്നും ഇ.ഡി സ്വന്തം താല്‍പ്പര്യത്തിനല്ല പ്രവര്‍ത്തിക്കുന്നതെന്നും റെയ്ഡുകള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കു നേരെ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ രാജസ്ഥാന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസ്രയുടെ മക്കളെ ഇ.ഡി വിളിച്ചുവരുത്തിയതിന് ശേഷമായിരുന്നു ഗെഹ്ലോട്ടിന്റെ പരാമര്‍ശം. ജല്‍ജീവന്‍ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ 25 സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുകയാണ്.
സെപ്തംബര്‍ ഒന്നിനും രാജസ്ഥാനിലെ നിരവധി നഗരങ്ങളില്‍ ഇ.ഡി സമാനമായ റെയ്ഡ് നടത്തിയിരുന്നു. നേരത്തെ രാജസ്ഥാന് പൊലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."