നിയമവിരുദ്ധ മതപരിവര്‍ത്തനം 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റം; ഉത്തരാഖണ്ഡ് നിയമസഭയില്‍ ബില്ല് പാസാക്കി
ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): നിയമവിരുദ്ധ മതപരിവര്‍ത്തനം 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാക്കുന്ന നിയമ ഭേദഗതിക്ക് ഉത്തരാഖണ്ഡ് നിയമസഭ അംഗീകാരം നല്‍കി. ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ (ഭേദഗതി) ബില്‍-2022 ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ബില്ലിന് നേരത്തേ മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു.
നിയമവിരുദ്ധ മതപരിവര്‍ത്തനം ജാമ്യമില്ലാ കുറ്റമാക്കിയാണ് യു.പി മാതൃകയില്‍ ശക്തമായ നിയമംകൊണ്ടുവന്നത്. മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ മതപരിവര്‍ത്തനത്തിന് ഇരയാകേണ്ടിവരുന്നവര്‍ക്ക് പ്രതി അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥനാണെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. നേരത്തെ, സംസ്ഥാനത്ത് നിയമവിരുദ്ധ മതപരിവര്‍ത്തനത്തിന് പിഴ ചുമത്തുന്നതിന് പുറമെ ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെയായിരുന്നു ശിക്ഷ.
'ഉത്തരാഖണ്ഡ് ദൈവത്തിന്റെ നാടാണ്, മതപരിവര്‍ത്തനം പോലുള്ള കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വളരെ അപകടകരമാണ്, അതിനാല്‍ സംസ്ഥാനത്ത് മതപരിവര്‍ത്തനത്തിനെതിരായി കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമം സംസ്ഥാനത്ത് എത്രയും വേഗം നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം-മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.
ഇതോടെ, നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ നിയമം കൊണ്ടുവന്ന സംസ്ഥാനങ്ങളുടെ എണ്ണം ഒമ്പതായി. ഗുജറാത്ത്, കര്‍ണാടക, ഹരിയാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഒഡീഷ എന്നിവയാണ് മറ്റുള്ളവ.
രണ്ടു ദിവസം മുമ്പ് കേന്ദ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരേ നിയമം അനിവാര്യമാണെന്ന് ബോധിപ്പിച്ചിരുന്നു. മതസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."