മുറിവേറ്റ് വീണു... വീര്യം കൂട്ടി, മൂര്‍ച്ചയും: പൊരുതിക്കയറിയ അര്‍ജന്റീന
ദോഹ: കിരീടം നേടുമെന്ന് സകലരും ഏക സ്വരത്തില്‍ പറഞ്ഞ ഒരു സംഘം. തോല്‍വിയറിയാതെ 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീം. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സഊദി അറേബ്യയെ നേരിടാനിറങ്ങുമ്പോള്‍ അര്‍ജന്റീന എത്ര ഗോളുകള്‍ക്ക് ജയിക്കും എന്നത് മാത്രമായിരുന്നു എല്ലാവരും കണക്കു കൂട്ടിയത്.
പക്ഷേ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു. നായകന്‍ മെസിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നില്‍ നിന്ന കോപ്പ അമേരിക്ക ചാംപ്യന്‍മാരെ രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളിന് സഊദി അറേബ്യ മലര്‍ത്തിയടിച്ചപ്പോള്‍ ഫുട്‌ബോള്‍ ലോകം ഒന്നാകെ ഞെട്ടിത്തരിച്ചു നിന്നു. ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലെ കഥാപാത്രങ്ങളായി, ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളുമായി ലുസൈല്‍ മൈതാനത്തെ പുല്‍ത്തകിടിയില്‍ മെസിയും ബാക്കി പത്ത് പേരും ഹതശരായി നിന്ന കാഴ്ചയെ അവിശ്വസനീയം എന്നേ വിശേഷിപ്പിക്കാന്‍ സാധിക്കു.
ആ തോല്‍വിയോടെ എല്ലാം തീര്‍ന്നു എന്ന് കടുത്ത അര്‍ജന്റീന ആരാധകര്‍ പോലും കണക്കു നിരത്തി സമര്‍ഥിച്ചു. പക്ഷേ തോറ്റു കൊടുക്കാന്‍ തയ്യാറല്ലാത്ത ഒരു മനുഷ്യന്‍ അക്ഷോഭ്യനായി ഡഗൗട്ടില്‍ നില്‍ക്കുന്നുണ്ടായിരുന്നു. സാക്ഷാല്‍ ലയണല്‍ സ്‌കലോനി എന്ന പരിശീലകന്‍.
ആ തോല്‍വി പല തിരിച്ചറിവുകളും സ്‌കലോനിക്ക് സമ്മാനിച്ചു എന്ന് പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ കണ്ടാല്‍ മനസിലാകും. ടീമിന് വേണ്ടി തന്ത്രങ്ങള്‍ മെനയുക മാത്രമായിരുന്നില്ല അയാള്‍ക്ക് മുന്നിലുണ്ടായിരുന്ന കടമ്പ. ചിതറിത്തെറിച്ച ഒരു സംഘം പ്രതിഭാധനരായ താരക്കൂട്ടത്തെ തന്റെ തുടക്ക കാലത്ത് എന്ന പോലെ വീണ്ടും ഒരു സംഘമാക്കി മാറ്റുക എന്നതായിരുന്നു അയാള്‍ക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. അയാള്‍ ടീമിനെ ഉടച്ചു വാര്‍ത്തു.
രണ്ടാം പോരില്‍ മെക്‌സിക്കോയെ നേരിടാന്‍ മൈതാനത്തിറങ്ങിയ അര്‍ജന്റീന താരങ്ങളുടെ ശരീര ഭാഷ പലതും പറയുന്നുണ്ടായിരുന്നു. ആദ്യ 45 മിനുട്ടില്‍ മെക്‌സിക്കന്‍ താരങ്ങളുടെ കത്രിക പൂട്ടില്‍ അര്‍ജന്റീന പിടഞ്ഞു. അടുത്ത 45 മിനുട്ടുകള്‍ അവര്‍ക്ക് അത്ര നിര്‍ണായകം.
രണ്ടാം പകുതിയില്‍, ചിതറിത്തെറിച്ച അര്‍ജന്റീന സ്‌കലോനിയുടെ അര്‍ജന്റീനയിലേക്ക് തന്നെ പരകായ പ്രവേശം ചെയ്തു. മെക്‌സിക്കന്‍ പൂട്ട് പൊളിച്ച് മെസി പഴയ ബാഴ്‌സലോണ രാജകുമാരനായി. എയ്ഞ്ചല്‍ ഡി മരിയ അളന്നു മുറിച്ച് നല്‍കിയ പാസ് നിലംപറ്റെയുള്ള ഷോട്ടിലൂടെ വലയിലാക്കിയതോടെ കഥ മാറി, കളി മാറി.
ഗോള്‍ നേടി ആരാധകര്‍ക്ക് ചുംബനങ്ങള്‍ കൈമാറുമ്പേള്‍ മെസി കരയുന്നുണ്ടായിരുന്നു. അയാള്‍ അത്ര നേരം അനുഭവിച്ച കൊടും സമ്മര്‍ദ്ദത്തിന്റെ ചൂട് ആ കണ്ണീരിലെ ഉപ്പിനൊപ്പം മുഖത്തേക്ക് ഒലിച്ചിറങ്ങി. എന്‍സോ ഫെര്‍ണാണ്ടസിന് ഗോളടിക്കാനായി മറ്റൊരു സുന്ദരന്‍ പാസും മെസി നല്‍കി. അസാമന്യമായൊരു ആംഗിളില്‍ നിന്ന് ആ യുവ താരം പന്ത് സമര്‍ഥമായി വലയിലാക്കിയതോടെ അവര്‍ ഒരു കടമ്പ കടന്നു തീര്‍ത്തു.
പോളണ്ട് സമനില എന്ന ഒറ്റ ലക്ഷ്യവുമായി ആണ് കളത്തിലേക്ക് വന്നത്. ആ ഫോര്‍മേഷന്‍ തന്നെ അതിന് തെളിവ്. കൈ മെയ് മറന്ന് അവര്‍ അദ്യ 45 മിനുട്ട് അത് ഫലവത്തായി നിര്‍വഹിച്ചു. തുടക്കത്തില്‍ കിട്ടിയ പെനാല്‍റ്റി മെസി ഗോളാക്കാന്‍ ശ്രമിച്ചപ്പോള്‍ പോളിഷ് ഗോള്‍ കീപ്പര്‍ ഷെസ്‌നി അത് തടുത്തിട്ടു. പിന്നാലെ തുടരെയുള്ള ഗോള്‍ ശ്രമങ്ങളെല്ലാം അയാള്‍ അതികായനായി നിന്നു തന്നെ തടഞ്ഞു.
ആദ്യ 45 മിനുട്ടില്‍ ഗോള്‍ വന്നില്ലെങ്കിലും മെസിയെ ഇടം വലം തിരിയാന്‍ പോളണ്ട് സമ്മതിച്ചില്ലെങ്കിലും അര്‍ജന്റീനയുടെ കളിക്ക് പക്ഷേ ഒഴുക്കുണ്ടായിരുന്നു. എയ്ഞ്ചല്‍ ഡി മരിയയുടെ മാലഖ സമാനമായ സാന്നിധ്യം അവരുടെ കളിക്ക് ഒരു ശാന്തത നല്‍കിയിരുന്നു. രണ്ടാം പകുതിയിലെ അര്‍ജന്റീനയുടെ കളിക്ക് വന്ന ചന്തവും ചാരുതയും മരിയ കൈമാറിയ ധാതു വീര്യമായിരുന്നു. അയാള്‍ നിരവധി നിരവധി തവണയാണ് പോളിഷ് കോട്ട പൊളിക്കാന്‍ ശ്രമിച്ചത്.
രണ്ടാം പകുതിയിലും പോളണ്ട് തന്ത്രം പ്രതിരോധം എന്ന ഒറ്റ കാര്യത്തില്‍ തന്നെ കറങ്ങിത്തിരിഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അലക്‌സിസ് മാക്ക് അലിസ്റ്റര്‍ പോളിഷ് പ്രതിബന്ധവും അതിനകത്ത് ഭൂതത്താനെ പോലെ കോട്ട കാത്ത ഷെസ്‌നിയേയും മറികടന്ന് പന്തെത്തിച്ചതോടെ കാര്യങ്ങള്‍ അര്‍ജന്റീനയുടെ വഴിയിലെത്തി. ജയം ഉറപ്പിച്ചു നിര്‍ത്താനുള്ള ഗോളിനായി അടുത്ത ശ്രമം. ജൂലിയന്‍ ആല്‍വരെസ് ആ കടമ ഭംഗിയായി തന്നെ നിറവേറ്റിയതോടെ അര്‍ജന്റീന ഒന്നാം സ്ഥാനക്കാരായി തന്നെ പ്രീ ക്വാര്‍ട്ടറിലേക്ക്.
എന്തൊരു സൗന്ദര്യമാണ്, എന്തൊരു പ്രചോദനാത്മകമാണ് ഈ തിരിച്ചു വരവ് അല്ലേ. എതിരാളികള്‍ ശരിക്കും ഭയക്കേണ്ട സംഘമായി അര്‍ജന്റീന മാറിക്കഴിഞ്ഞു. മുറിവേറ്റ് വീണു പോയിട്ടും പൊരുതി തിരികെ കയറിയവരാണ് അവര്‍. തീര്‍ച്ചയായും വീര്യം കൂടും... മൂര്‍ച്ചയും...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."