പാപിക്കും പാപമോചകനുമിടയില്‍ മറയാകരുത്
മുഹമ്മദ്
ന്യായമേതുമില്ലാതെ തൊണ്ണൂറ്റിയൊമ്പതാളുകളെ കൊന്ന ആ മനുഷ്യൻ ഒടുവിൽ ആർദ്രനായി. അപ്രതീക്ഷിതമായ മനംമാറ്റം. തനിക്കു ശുദ്ധിയാകണമെന്ന ചിന്ത. പരിത്യാഗിയായ ഉപാസകന്റെ അടുത്തുചെന്ന് ചോദിച്ചു:
'99 ആളുകളെ കൊന്ന ഘാതകനു പാപമോചനമുണ്ടോ?'
ഉപാസകൻ തീർത്തു പറഞ്ഞു: 'ഇല്ലേയില്ല...'
അയാൾ ഹതാശനായി. പിന്നെ ഒന്നും നോക്കിയില്ല. ആ ഉപാസകനെയും കൊന്ന് നൂറു തികച്ചു!
പാപം എത്ര ബഹുലമാണെങ്കിലും ദൈവികകാരുണ്യം അതിലും ബഹുലമാണ്. മഹത്തായ ഈ സന്ദേശം അറിവില്ലാത്തവർക്കു കൈമാറാനറിയില്ലെങ്കിൽ അവരെ നിരാശരാക്കാതിരിക്കുകയെങ്കിലും വേണം. സ്രഷ്ടാവിനും സൃഷ്ടിക്കുമിടയിൽ മറയായി മാറുന്നത് ചെറിയ പാപമല്ല. മഹാപാപിയാണെന്നു കരുതി അകറ്റിനിർത്തുകയല്ല, ചേർത്തുപിടിക്കുകയാണു വേണ്ടത്. പാഴ്‌ചേറിലമർന്നിരിക്കുന്നവനെ അവഗണിച്ചു തള്ളിയാൽ ശിഷ്ടകാലവും അയാൾ ആ ചേറിൽതന്നെയായിരിക്കും. അതിലെന്തു ലാഭം? അതിനുപകരം കൈപിടിച്ച് അയാളെ കരയ്ക്കടുപ്പിക്കുകയും ജലമൊഴിച്ച് ശുദ്ധീകരിക്കുകയും ചെയ്താൽ തീർച്ചയായും പുതിയൊരു മനുഷ്യനെ ലഭിക്കും.
അടിസ്ഥാനപരമായി അശുദ്ധനല്ല, ശുദ്ധനാണു മനുഷ്യൻ. അശുദ്ധി പിന്നീട് വന്നുചേരുന്നതാണ്. അശുദ്ധമായ ഏതു ശുദ്ധവസ്തുവിനെയും പൂർവസ്ഥിതിയിലേക്കു കൊണ്ടുവരാൻ കഴിയും. മൂത്രത്തെ ശുദ്ധമാക്കാൻ കഴിയില്ലെന്നതു ശരിതന്നെ. മൂത്രമായതിനെ ശുദ്ധിയാക്കാൻ പറ്റുമല്ലോ.
ഒരു കൈത്താങ്ങ് കിട്ടിയാൽ തിന്മകളോട് രാജിയാകാൻ സന്നദ്ധരായി നിൽക്കുന്ന കുറെയേറെ മനുഷ്യരെ കാണാം. സമൂഹത്തിന്റെ അവഗണനയും പുച്ഛവുമാണ് അവരെ കുഴക്കുന്ന പ്രധാന പ്രശ്‌നം. ഞങ്ങളെയൊന്നും സമൂഹം ഇനി അംഗീകരിക്കില്ലെന്ന ചിന്ത തിന്മയിൽതന്നെ തുടരാൻ പ്രേരിപ്പിക്കുന്നു. അത്തരക്കാരോട് 'വരൂ, ഞങ്ങൾ കൈപിടിക്കാം' എന്നു പറയുന്നവർ തീർച്ചയായും പ്രവാചകീയ ദൗത്യമാണു നിർവഹിക്കുന്നത്. അതിനു പകരം, നരകത്തിലേക്കു ടിക്കറ്റെടുത്തു നിൽക്കുന്നവർ എന്ന് അവരെ നോക്കി പറയുമ്പോൾ ദൈവികകാരുണ്യത്തിൽനിന്ന് വീണ്ടും അവരെ അകറ്റിനിർത്തുന്ന മഹാപരാധമാണു ചെയ്യുന്നത്.
തൊണ്ണൂറ്റിയൊമ്പതാളുകളെ കൊന്നവന് പാപമോചനം ലഭിക്കുമോ എന്ന ചോദ്യത്തിന് എനിക്കറിയില്ലെന്ന മറുപടി നൽകിയിരുന്നുവെങ്കിൽ ആ സാധകന് ഒരുപക്ഷേ, ജീവൻ നഷ്ടമാകുമായിരുന്നില്ല. അറിയില്ലെങ്കിൽ അറിയില്ലെന്നു തുറന്നുപറയുന്നത് ന്യൂനതയല്ല, വിനയമാണ്. അറിയാത്തതിനെ കുറിച്ച് അറിയുമെന്നു വീമ്പിളക്കുന്നത് അഭിമാനമല്ല, അപമാനമാണ്. അഭിപ്രായങ്ങൾ ഉന്നയിക്കാം; അതു മതകാര്യത്തിലാകരുതെന്നു മാത്രം.
മുമ്പ് വായിച്ചതാണ്; പണ്ഡിതനായ ഇമാം മാലികിന്റെ അടുക്കൽ മതവിധികൾ തേടി ഇറാഖിൽനിന്നൊരാൾ വരികയുണ്ടായി. തനിക്കറിയുന്ന കാര്യങ്ങൾക്കു വിധിപറയുകയും അറിയാത്തവയ്ക്കു മൗനം ദീക്ഷിക്കുകയുമായിരുന്നു ഇമാം മാലിക്. മതവിധി ലഭിക്കാത്തവയെ സംബന്ധിച്ച് ഇറാഖുകാരോട് ഞാനെന്തു പറയുമെന്ന് ആഗതൻ ചോദിച്ചപ്പോൾ സങ്കോചലേശമന്യേ അദ്ദേഹം പറഞ്ഞു: 'മാലികിന് അറിയില്ലെന്നു പറഞ്ഞേക്കൂ!'
ഘാതകന്റെ കഥയിലേക്കു തിരിച്ചുവരാം...
നൂറാളുകളെ കൊന്ന ഘാതകനു പിന്നെയും മനംമാറ്റമുണ്ടായി. തനിക്കു ശുദ്ധിയാകണമെന്ന് അതിയായ മോഹം. ഇത്തവണ അദ്ദേഹം ജ്ഞാനിയെയായിരുന്നു സമീപിച്ചത്.
ജ്ഞാനി ഉറപ്പിച്ചുപറഞ്ഞു: 'പാപമോചനം ലഭിക്കും...'
തുടർന്നുള്ള ജീവിതത്തിന് അദ്ദേഹം ഉത്തമമായ വഴികൂടി പറഞ്ഞുകൊടുത്തു: 'അല്ലാഹുവിനെ ആരാധിക്കുന്ന കുറെ മനുഷ്യർ താമസിക്കുന്ന ഒരു നാടുണ്ട്. താങ്കൾ അവിടേക്കു പോവുക. അവരോടൊത്ത് അല്ലാഹുവിനെ ആരാധിക്കുകയും ചെയ്യുക...'
മതവിധികൾക്കു തീർപ്പു തേടേണ്ടത് മതപണ്ഡിതന്മാരിൽ നിന്നാണ്. വൈദ്യശാസ്ത്ര സംബന്ധിയായ സംശയം വൈദ്യന്മാരോട് ഉന്നയിക്കുക. നിർമാണവുമായി ബന്ധപ്പെട്ട സംശയം നിർമാണവിദഗ്ധരോട് ആരായുക. പലചരക്കുകടയിൽചെന്ന് പൊന്ന് ചോദിക്കരുത്. മത്സ്യമാർക്കറ്റിൽ വസ്ത്രം അന്വേഷിക്കരുത്. ഓരോന്നിനും അതിന്റേതായ കേന്ദ്രങ്ങളുണ്ട്. അവിടങ്ങളിൽനിന്നേ വേണ്ടത് അന്വേഷിക്കാവൂ.
സാധകൻ ജ്ഞാനിയായിക്കൊള്ളണമെന്നില്ല. ഒരു നിമിഷവും വിടാതെ ആരാധനാ നിമഗ്‌നനായിരിക്കുന്നവൻ ആരാധകനാകും; ജ്ഞാനിയാകില്ല. സാധകന്റെ സാധന അയാൾക്കു പ്രയോജനം ചെയ്യും. പക്ഷേ, അദ്ദേഹത്തിന്റെ അജ്ഞത ലോകത്തിനു ഉപദ്രവമാണ്. ജ്ഞാനിയുടെ വീഴ്ചകൾ ജ്ഞാനിക്കുതന്നെയാണു ബാധിക്കുക. എന്നാൽ അദ്ദേഹത്തിന്റെ ജ്ഞാനം ലോകത്തിനു പ്രയോജനം ചെയ്യും. ജ്ഞാനത്തിനു ജ്ഞാനിയുടെ വാതിൽതന്നെ മുട്ടുക. ഇനി ജ്ഞാനി സാധകൻ കൂടിയാണെങ്കിൽ വിശേഷമായി. അദ്ദേഹത്തെ മുറുകെപ്പിടിക്കണം.
സജ്ജനങ്ങൾ പാർക്കുന്ന നാട്ടിലേക്കാണ് ജ്ഞാനി ഘാതകനെ പറഞ്ഞുവിട്ടത്. സജ്ജനങ്ങളുടെ കൂടെയുള്ള സഹാവസം ഏത് അധമനെയും ഉന്നതനാക്കും. ദുർജനങ്ങളുടെ കൂടെയുള്ള സഹവാസം ഏത് ഉന്നതനെയും അധമനുമാക്കും. ശുദ്ധിയാകണമെങ്കിൽ ശുദ്ധരുടെ കൂടെത്തന്നെ കൂടുക.
നിർദേശം മാനിച്ച് ഘാതകൻ യാത്രതിരിച്ചു. വിധിവശാൽ അവിടെയെത്താനുള്ള ഭാഗ്യമുണ്ടായില്ല. വഴിമധ്യേ ശ്വാസം നിലച്ച് മരണത്തിനു കീഴടങ്ങി. ഇനി അദ്ദേഹത്തെ ആരു കൊണ്ടുപോകും? ശിക്ഷയുടെ മാലാഖമാരോ, രക്ഷയുടെ മാലാഖമാരോ? തർക്കം ഉടലെടുത്തു. ഭാഗ്യമെന്നു പറയാം, രക്ഷയുടെ മാലാഖമാർക്ക് അദ്ദേഹത്തെ കൊണ്ടുപോകാം എന്നായിരുന്നു വിധി!
നന്മ ചെയ്യുന്നതു മാത്രമല്ല, നന്മ ചെയ്യാൻ മനസു കാണിക്കുന്നതും നന്മയാണ്. സത്യത്തിലെത്തുന്നതു മാത്രമല്ല, സത്യത്തിലേക്കുള്ള പാതയിലായിരിക്കുന്നതും വിജയമാണ്. തന്നിലേക്ക് ഓടിവരുന്നവനെ അല്ലാഹു ഒരിക്കലും പരാജയപ്പെടുത്തില്ല. ശിക്ഷിക്കാനല്ല അവൻ മനുഷ്യനെ പടച്ചത്. ആരെങ്കിലും അവന്റെ ശിക്ഷയ്ക്കു പാത്രമായിട്ടുണ്ടെങ്കിൽ അതവന്റെ നീതി. രക്ഷയ്ക്കു പാത്രമായിട്ടുണ്ടെങ്കിൽ അതവന്റെ കൃപ. ദൈവികകാരുണ്യം അർഹിക്കാത്തതായി ലോകത്തൊന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."