ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാല്‍: ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പുമായി മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍. വിഷയം പരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുന്നോടിയായാണ് നടപടി.
രാജ്യത്തുടനീളം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് തന്റെ ഉറച്ച അഭിപ്രായമെന്ന് ബര്‍വാനി ജില്ലയില്‍ ആദിവാസികളെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു. മധ്യപ്രദേശില്‍ ഇതുമായി ബന്ധപ്പെട്ട നിയമരൂപീകരണത്തെ കുറിച്ച് പഠനം നടത്താന്‍ കമ്മിറ്റി രൂപീകരിക്കുകയാണ്. എല്ലാവര്‍ക്കും ഒരു ഭാര്യ എന്ന മാനദണ്ഡം നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്ത് എന്തിനാണ് രണ്ട് സെറ്റ് നിയമങ്ങളെന്നും അദ്ദേഹം ചോദിച്ചു. ഔദ്യോഗികമായി നാല് ഭാര്യമാരുള്ള സംസ്ഥാന മൃഗസംരക്ഷണ മന്ത്രി പ്രേം സിങ് പട്ടേലിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ചൗഹാന്റെ പ്രസംഗം.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയിലെ സത്യവാങ്മൂലത്തില്‍ പട്ടേല്‍ നാല് ഭാര്യമാരുണ്ടെന്ന് അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ നേട്ടത്തിനായി മാത്രമാണ് ബി.ജെ.പി വിഷയം ഉന്നയിക്കുന്നതെന്ന് സംസ്ഥാനത്ത് നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ്
ആരോപിച്ചിരുന്നു. 2018ല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ കാലത്ത് റിട്ടയേര്‍ഡ് സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ലോ കമ്മീഷന്‍ ഈ വിഷയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ യു.സി.സി ആവശ്യമില്ലെന്നും അഭികാമ്യമോ പ്രായോഗികമോ അല്ലെന്നും പ്രസ്താവിച്ചിരുന്ന കാര്യവും അദ്ദേഹവും ചൂണ്ടിക്കാട്ടി. എല്ലാ പ്രധാന തെരഞ്ഞെടുപ്പിന് മുമ്പും വിഷയം ഉന്നയിക്കുന്നതിന് പകരം 2018ലെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ എന്തുകൊണ്ടാണ് ബി.ജെപി ധൈര്യം കാണിക്കാത്തതെന്നും ജയറാം രമേശ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."