HOME
DETAILS

മാധ്യമ ഇരട്ടത്താപ്പില്‍ മുറിവേറ്റ കേരളം

  
backup
November 05 2023 | 01:11 AM

kerala-hurt-by-media-double-standard


കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവന്‍ കട്ടവന്‍ എന്ന പഴഞ്ചൊല്ല് പൊലിസിന്റെ പരാജയത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള ധാരണയില്‍ നിന്നുണ്ടായതാണെന്നു പറയാം. എന്നാല്‍, മാധ്യമങ്ങളെ സംബന്ധിച്ചേടത്തോളം ഈ പഴഞ്ചൊല്ലിന്റെ പുതിയ രൂപമാണ് കേരളം കഴിഞ്ഞദിവസം കണ്ടത്. ഒരു അക്രമം നടന്നാല്‍ പ്രതിയെ കിട്ടും മുമ്പ് ഒരു സമുദായത്തിനെതിരേ തിരിയുന്ന വാര്‍ത്താ അവതരണ ശൈലിയാണ് കേരളത്തിലെ ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്.

ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ ധ്രുവീകരണം മാത്രമല്ല, പരസ്പരമുള്ള വെറുപ്പും പ്രചരിപ്പിക്കുന്ന ഈ നീചവൃത്തിയുടെ കറയില്ലാത്ത ഉദാഹരണമാണ് കളമശേരി ബോംബ് സ്‌ഫോടന ശേഷം കേരളം കണ്ടത്. മാധ്യമപ്രവര്‍ത്തനം ഊഹാപോഹം കൊണ്ടുള്ള നീചവൃത്തിയാക്കി മാറ്റിക്കളഞ്ഞു ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നിരീക്ഷകരും. കളമശേരിയിലുണ്ടായ ദൗര്‍ഭാഗ്യകരമായ ബോംബാക്രമണം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ കുറ്റവാളി, സാമൂഹ്യമാധ്യമം വഴി ഉത്തരവാദിത്തം ഏറ്റെടുത്തു ലൈവ് നല്‍കിയിരുന്നില്ലെങ്കില്‍ സത്യം ഒരു വഴിക്കും നുണപ്രചാരണം മറ്റൊരു വഴിക്കും പോകുമായിരുന്നു. സത്യം ചെരിപ്പുധരിക്കും മുമ്പേ, നുണ ഊരുചുറ്റല്‍ പൂര്‍ത്തിയാക്കും എന്നതുകൊണ്ടു തന്നെ കളമശേരിയിലെ സ്‌ഫോടനം വലിയ സാമുദായിക സംഘര്‍ഷത്തിലേക്ക് കേരളത്തെ നയിക്കുമായിരുന്നു. മാര്‍ട്ടിന്‍ എന്ന കുറ്റവാളിയുടെ തുറന്നുപറച്ചില്‍ കൊണ്ടുമാത്രമാണ് ഈ ദുരന്തം വഴിമാറിപ്പോയത്.

കളമശേരി സ്‌ഫോടനത്തിന്റെ നിജസ്ഥിതി പുറത്തുവരും മുമ്പേ, സന്ദീപ് വാര്യരെപ്പോലെയുള്ള സംഘിസഹയാത്രികര്‍ മാത്രമല്ല, സെബാസ്റ്റ്യന്‍ പോളിനെ പോലുള്ള ഇടതുസഹയാത്രികരും ദുരന്തത്തെ വര്‍ഗീയവല്‍ക്കരിക്കാനും ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യയുമായി ബന്ധിപ്പിക്കാനും ശ്രമം നടന്നു. കേരളത്തിലെ ഫലസ്തീന്‍ അനുകൂല റാലികളുടെ പശ്ചാത്തലത്തില്‍, സ്‌ഫോടനത്തെ മുസ് ലിംകളുടെ തലയില്‍ വച്ചുകെട്ടാനുള്ള നീചമായ ശ്രമം നടത്തിയവര്‍ക്കൊപ്പം കേരളത്തിലെ ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകരും കൂട്ടുകൂടിയെന്നതാണ് ഏറെ ഖേദകരം.
സ്‌ഫോടനം ആസൂത്രണം ചെയ്ത പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ കുറ്റം സമ്മതിക്കാതെ മുങ്ങിയിരുന്നുവെങ്കില്‍ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥ, സത്യത്തിനു നേരെ നിറയൊഴിക്കാനായി നിറതോക്കുമായി നടക്കുന്ന നാഥുറാമിന്റെ പ്രേതങ്ങള്‍ നിറഞ്ഞുതുള്ളുമായിരുന്നു. ഗാന്ധിയെ നാഥുറാം ഗോഡ്‌സേ വെടിവച്ചു കൊന്നപ്പോഴുള്ള സംഭവ വിവരണങ്ങളില്‍, ഗാന്ധിയുടെ ഘാതകന്‍ ഒരു മുസ് ലിം ആവാതിരിക്കണേയെന്ന് ബ്രിട്ടിഷ് വൈസ്രോയി വരേയുള്ളവര്‍ പ്രാര്‍ഥിച്ചുപോയെന്ന് ചരിത്രത്തിലുണ്ട്. ആ ഹീനകൃത്യം മുസ് ലിംകളുടെ പേരില്‍ വച്ചുകെട്ടാന്‍ ശ്രമം നടത്തുമായിരുന്നുവെന്ന് അറിയാവുന്ന നെഹ്‌റു ഉടനെ ഘാതകന്റെ പേര് വെളിപ്പെടുത്തുകയും അത്തരം ശ്രമങ്ങളെ തടയുകയും ചെയ്തു. സെബാസ്റ്റ്യന്‍ പോളിനെ പോലുള്ള പൊതുപ്രവര്‍ത്തകരും നികേഷിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകരും ഊഹാപോഹങ്ങള്‍ കൊണ്ട് കളമശേരി സ്‌ഫോടനത്തെ വാസ്തവമറിയാതെ സമീപിച്ചത് മതേത്വര വിശ്വസികളുടെ കണ്ണുതുറപ്പിച്ചു. ഇസ് ലാമോഫോബിയയുടെ വിതരണക്കാരായി അധഃപതിക്കാന്‍ സന്ദര്‍ഭം കാത്തിരിക്കുന്നവരുടെ എണ്ണവും വണ്ണവും നേരിട്ടുകണ്ടു എന്നത് മുസ് ലിംകളെ പുനര്‍വിചിന്തനത്തിനു പ്രേരിപ്പിക്കേണ്ടതാണ്.

ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരേ ഗാസയിലെ ജനങ്ങളോട് കേരളം പ്രകടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ ശ്രമങ്ങള്‍ക്ക് തീവ്രവാദത്തിന്റെ നിറം നല്‍കി ചിത്രീകരിക്കുക എന്നത് സംഘ്പരിവാറിന്റെയും അവരുടെ അനുകൂലികളായ ക്രിസ്ത്യന്‍ സംഘങ്ങളുടെയും താല്‍പര്യമാണ്. ബി.ജെ.പി ഐ.ടി സെല്ലും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും അതിനുള്ള കൂട്ടമായ ശ്രമമാണ് നടത്തിയത്. അതുപോലെ കേരളത്തിലെ ഒരുവിഭാഗം മാധ്യമങ്ങള്‍ അന്വേഷണ വിവരങ്ങള്‍ പുറത്തെത്തും മുമ്പേ ഹമാസ് ആഹ്വാന പ്രകാരമുള്ള ജിഹാദാക്കി മാറ്റാനാണ് തുനിഞ്ഞത്. കേരളത്തില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികളില്‍ ഖത്തറില്‍നിന്നും വിഡിയോ കോണ്‍ഫറന്‍സ് വഴി ഹമാസ് നേതാവ് പങ്കെടുത്തതാണ് ഈ ആരോപണം വാര്‍ത്തയായി നല്‍കിയവരുടെ വലിയ കണ്ടുപിടുത്തം. ഹമാസിനു തീവ്രരാഷ്ട്രീയ നിലപാടുകള്‍ ഉണ്ടെങ്കില്‍ തന്നെയും ലോകത്ത് ഇസ്‌റാഈലിനെതിരേയല്ലാതെ ഏതെങ്കിലും രാജ്യത്തോ പ്രദേശങ്ങളിലോ ഇടപെടുന്നവരല്ല. കളമശേരി ജൂതര്‍ താമസിക്കുന്ന പ്രദേശമാണെന്നും അതിനാലാണ് അവിടെ സ്‌ഫോടനം നടത്തിയതെന്നുപോലും കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ ആരോപണമുന്നയിച്ചു. കേരളം കശ്മിരിനെക്കാള്‍ വെല്ലുവിളിയായി മാറിയെന്ന സംഘ്പരിവാറിന്റെ നീചമായ പ്രചാരണയുദ്ധത്തിലേക്ക് തങ്ങളാലാവുന്ന സംഭവാന നല്‍കി, കേരളത്തിലെ മാധ്യമങ്ങള്‍ തങ്ങളുടെ അന്തസ്സ് കളഞ്ഞുകുളിച്ചു. കേരളം ജിഹാദികളുടെ പിടിയിലായെന്നു പ്രചരിപ്പിക്കുന്ന നിരവധി സംഘി ഹാഷ് ടാഗുകള്‍ക്ക് ഭാവിയിലും ഉപയോഗിക്കാന്‍ പറ്റുന്ന വിഡിയോ ക്ലിപ്പുകള്‍ സംഭാവന ചെയ്ത നമ്മുടെ ചാനലുകള്‍ ഇനിയൊരു പ്രായശ്ചിത്തം സാധ്യമല്ലാത്ത വിധം കുറ്റകൃത്യമാണ് ചെയതിരിക്കുന്നത്.

സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പും ശേഷവും പലവട്ടം കേരളത്തെ സംഘര്‍ഷഭൂമിയാക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. ചെറു സംഘര്‍ഷങ്ങള്‍ മുതല്‍ ആസൂത്രിത വംശഹത്യകള്‍വരെ രാജ്യത്ത് നടന്നു. അപ്പോഴെല്ലാം കേരളവും അസ്വസ്ഥമായിട്ടുണ്ട്. മാംസം കൈയില്‍ സൂക്ഷിച്ചതിന്റെ പേരിലും ഹിജാബ് ധരിച്ചതിന്റെ പേരിലും പൊതുസ്ഥലത്ത് നിസ്‌കരിച്ചതിന്റെ പേരിലും പുസ്തകമോ ലഘുലേഖകളോ സൂക്ഷിച്ചതിന്റെ പേരിലും കേരളത്തിലെ മുസ് ലിംകള്‍ അക്രമിക്കപ്പെടാനോ അപരവത്കരിക്കപ്പെടാനോ അറസ്റ്റ് ചെയ്യപ്പെടാനോ ഇതുവരെ ഇടയായിട്ടില്ല. മുസ് ലിംകളെ പേടിക്കേണ്ടതുണ്ടെന്ന പ്രചാരണം വിലപ്പോവാത്ത ഇടമാണ് കേരളം. ഉത്തരേന്ത്യന്‍ മുസ് ലിംകളെ പോലെ തങ്ങള്‍ ഏതു സമയത്തും അക്രമിക്കപ്പെടാം എന്ന ഭീതി കേരളത്തിലെ ന്യൂനപക്ഷ സമുദായ അംഗങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുന്നില്ല. ഉത്തരേന്ത്യയില്‍ അത് വെറും ഭീതിയല്ല, ഏറിയും കുറഞ്ഞും അവരുടെ അനുഭവമാണ്. യു.പിയിലും രാജസ്ഥാനിലുമെല്ലാം മതത്തിന്റെയും ജാതിയുടെയും പേരില്‍ അതിക്രമങ്ങള്‍ നടക്കുന്നു. പരസ്പരമുള്ള ഏറ്റുമുട്ടലുകളും പേടിയും ഇല്ലാതെയാണ് കേരളം പുലരുന്നത്. അത് കേരളത്തിലെ ജനങ്ങള്‍ പരസ്പരം വിദ്വേഷത്തോടെയോ വെറുപ്പോടെയോ കഴിഞ്ഞുകൂടാത്തതുകൊണ്ടാണ്. കേരളം ഇങ്ങനെ തുടരുന്നതില്‍ അസ്വസ്ഥരായവര്‍ രാജ്യത്തും സംസ്ഥാനത്തും ഉണ്ട്. അവര്‍ക്കു വിടുവേല ചെയ്യുന്ന പണി നമ്മുടെ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും ചെയ്തുതുടങ്ങിയാല്‍ അവര്‍ കത്തിവയ്ക്കുന്നത് കേരളത്തിന്റെ സൗഹാര്‍ദ ഭാവത്തിനായിരിക്കും.

ഇസ് ലാമോഫോബിയ അപകടകരമായ മാനസികാവസ്ഥയാണ്. അത് മുസ് ലിം സമുദായത്തിന്റെ മാത്രമല്ല സ്വൈര്യം കെടുത്തുക. സമൂഹത്തിന്റെ മാനസികാവസ്ഥയെ മൊത്തത്തില്‍ ബാധിക്കും. സ്വതന്ത്ര്യം എന്ന് ജനം വിശ്വസിക്കുന്ന, അതിക്രമകാരികളില്‍ നിന്നും അന്യായങ്ങളില്‍ നിന്നും സംരക്ഷിക്കുമെന്ന് സമുദായങ്ങള്‍ കരുതുന്ന സര്‍ക്കാര്‍ ഏജന്‍സികളും ജുഡിഷ്യറിയും മാധ്യമങ്ങളും തങ്ങളോട് അനീതി ചെയ്യുമെന്ന് ഒരു വിഭാഗത്തിന് തോന്നിത്തുടങ്ങിയാല്‍ അതോടെ നമ്മുടെ നാടിന്റെ സാമൂഹികാരോഗ്യമാണ് ഇല്ലാതാവുക. ഏതെങ്കിലം തരത്തിലുള്ള ഒറ്റപ്പെട്ട കായികമായ ആക്രമണങ്ങളേക്കാള്‍ ഭീകരമായിരിക്കും ഈ മാനസികാവസ്ഥയുടെ പ്രതിഫലനം.

കേരളത്തിലെ ദൃശ്യഅച്ചടി മാധ്യമങ്ങളുടെ പ്രത്യേകത, സംഘടിത സ്വഭാവ വിശേഷണങ്ങളോടെ പ്രവര്‍ത്തിക്കുന്ന അസംഘടിത കൂട്ടായ്മ എന്നതാണ്. ഈ സംഘടിത സ്വഭാവങ്ങളാണ് അതിനോട് ഏറ്റുമുട്ടാന്‍ കരുത്തില്ലാത്ത പിന്നോക്കദുര്‍ബല വിഭാഗങ്ങളുടെ രക്തം കൊണ്ട് അച്ചുനിരത്താനും വാര്‍ത്താഭിഷേകം നടത്താനും അവര്‍ക്ക് ധൈര്യം പകരുന്നത് എന്നത് നേരത്തെ തന്നെ മാധ്യമവാര്‍ത്തകളെ പഠനവിധേയമാക്കുന്ന സാമൂഹിക ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്. നയനിലപാടുകളിലും രാഷ്ട്രീയ കാഴ്ചപ്പാടുകളിലും വൈവിധ്യം പുലര്‍ത്തുമ്പോള്‍ തന്നെ കേരളത്തിലെ മാധ്യമങ്ങള്‍ പൊതുബോധ നിര്‍മിതിയില്‍ മുസ് ലിം വിരുദ്ധത കുത്തിക്കേറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. മുസ് ലിംകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പുനഃപരിശോധന നടത്താതെ തങ്ങളുടെ അജ്ഞത വിളമ്പുന്നവരും ഉള്ളിലുള്ള പക്ഷപാതിത്വവും വര്‍ഗീയതയും ഒതുക്കിവയ്ക്കാന്‍ കഴിയാതെ പോകുന്നവരോ ആയി മാറുന്നുണ്ട് ചില മാധ്യമപ്രവര്‍ത്തകര്‍. ലെറ്റര്‍ ബോംബ്, ലൗജിഹാദ്, പച്ചബ്ലൗസ് വിവാദം, വിവാഹപ്രായം, യതീംഖാന, മദ്‌റസാപഠനം തുടങ്ങി എണ്ണിയാല്‍ തീരാത്ത വിദ്വേഷപ്രചാരണങ്ങള്‍ മലയാളം വാര്‍ത്താ ചാനലുകള്‍ പെരുപ്പിക്കുകയോ പൊലിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

കളമശേരിയില്‍ അവര്‍ വച്ച ചുവട് ഒരുപടി കൂടി മുന്നിലാണ്, ശുദ്ധനുണകൊണ്ട് നടത്തിയ ഈ വാര്‍ത്താകൊണ്ടാട്ടത്തെ മറികടക്കാന്‍ കഴിഞ്ഞത് സ്‌ഫോടന പ്രതിയുടെ ധാര്‍മികത കൊണ്ടാണ്. ഒരു കൊടും കുറ്റവാളിക്കുള്ള ധാര്‍മികത പോലും കേരളത്തിലെ മാധ്യമങ്ങള്‍ക്കില്ല എന്നതാണ് ഡൊമിനിക് മാര്‍ട്ടിന്‍ നടത്തിയ സ്‌ഫോടനത്തിനു ശേഷം മുഴങ്ങിക്കേട്ട ഞെട്ടിക്കുന്ന വസ്തുത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 months ago
No Image

ടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago
No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 months ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago