ലോകകപ്പില്‍ ചരിത്രമെഴുതി ഏഷ്യ; ആദ്യമായി മൂന്ന് രാജ്യങ്ങള്‍ പ്രീ ക്വാര്‍ട്ടറില്‍
ദോഹ: അട്ടിമറികള്‍ തുടര്‍ക്കഥയായ ഖത്തര്‍ ലോകകപ്പില്‍ ഏഷ്യന്‍ ഫുട്ബോളും ഇത്തവണ ചരിത്രമെഴുതി. ആദ്യമായാണ് ലോകകപ്പില്‍ മൂന്ന് ഏഷ്യന്‍ ടീമുകള്‍ പ്രീ ക്വാര്‍ട്ടറില്‍ കടക്കുന്നത്. ജപ്പാന്, ദക്ഷിണ കൊറിയ, ആസ്ത്രേലിയ എന്നീ ടീമുകളാണ് അവസാന 16ല്‍ ഇടംപിടിച്ചത്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനിലെ അംഗങ്ങളാണ് മൂന്ന് രാജ്യങ്ങളും.
യൂറോപ്പിലെ വന്‍ശക്തികളായ സ്പെയിനിനെയും ജര്മനിയെയുമാണ് ജപ്പാന് മുട്ടുകുത്തിച്ചത്. കൊറിയയാവട്ടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ 2-1ന് തകര്‍ത്തുവിട്ടു. 90ാം മിനിറ്റിലാണ് കൊറിയയുടെ വിജയഗോള്‍. കൊറിയ ലോകകപ്പില്‍ അവസാനമായി നേടിയ ഒമ്പത് ഗോളുകളില്‍ നാലും 90ാം മിനിറ്റിലോ അതിനു ശേഷമോ ആണ് എന്ന പ്രത്യേകതയമുണ്ട്.
അടുത്ത ലോകകപ്പില്‍ 32 ടീമുകള്‍ക്ക് പകരം 48 ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ മല്‍സരിക്കാനെത്തുന്നത്. ഇത് കൂടുതല്‍ ഏഷ്യന്‍ ടീമുകള്‍ക്ക് ലോകകപ്പ് കളിക്കാന്‍ അവസരം നല്‍കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."