ഖുല്‍ഇലൂടെയുള്ള വിവാഹമോചനം ഏകപക്ഷീയമാവരുത്: സമസ്ത
കോഴിക്കോട്: ഖുല്‍ഇലൂടെയുള്ള വിവാഹമോചനം ഏകപക്ഷീയമാവരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസമോ പിണക്കമോ ഉണ്ടായാല്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തിരുനബി(സ)യുടെയും അനുചരന്മാരുടെയും ചര്യകള്‍ പരിശോധിച്ചാല്‍ അതിനുള്ള ഉത്തമ മാതൃകകള്‍ കാണാന്‍ കഴിയും. മുസ്‌ലിംകള്‍ സ്വീകരിച്ചുവരുന്ന നാല് മദ്ഹബിന്റെ ഇമാമുകള്‍ വിവാഹമോചനത്തിന്റെ എല്ലാ രീതികളും അതിന്റെ നിബന്ധനകളും വിശദമായി വിവരിച്ചിട്ടുണ്ട്. പ്രസ്തുത രീതികളില്‍ ഒന്നാണ് ഖുല്‍അ്. അതിന് ഭാര്യയുടെ ഭാഗത്തുനിന്ന് (മറ്റൊരാള്‍ മുഖേനയാണെങ്കിലും) നിശ്ചയിക്കപ്പെടുന്ന മോചനദ്രവ്യം നല്‍കി ഭര്‍ത്താവോ ഭര്‍ത്താവ് അധികാരപ്പെടുത്തുന്ന വ്യക്തിയോ വിവാഹമോചനം നടത്തേണ്ടതാണ്. ആയതിനാല്‍ ഭര്‍ത്താവിന്റെ പങ്കാളിത്തമില്ലാതെ ഭാര്യ ഏകപക്ഷീയമായി നടത്തുന്ന ഖുല്‍അ് മുഖേനയുള്ള വിവാഹമോചനത്തിന് ശരീഅത്ത് പ്രകാരം സാധൂകരണമില്ല.
സാധൂകരിക്കപ്പെടുന്ന മാര്‍ഗങ്ങളിലൂടെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണേണ്ടതാണെന്നും കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം വ്യക്തമാക്കി. ഇത് സംബന്ധിച്ച ഹൈക്കോടതി വിധി പരിശോധിച്ച് പുനഃപരിശോധന ഹര്‍ജി നല്‍കാനും തീരുമാനിച്ചു.
വൈവാഹിക ജീവിതത്തില്‍(പ്രത്യേകിച്ച് സ്ത്രീകള്‍) അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നിയമപരിധിയില്‍ നിന്നുകൊണ്ട് കക്ഷികളുടെ പരാതി പരിഗണിച്ച് ആവശ്യമായത് ചെയ്യാനും അതിനുവേണ്ടി പ്രത്യേക സമിതിക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, പി.കെ മൂസക്കുട്ടി ഹസ്‌റത്ത്, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ടി.എസ് ഇബ്‌റാഹീംകുട്ടി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.പി മുസ്തഫല്‍ ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എം.വി ഇസ്മായില്‍ മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, വി.കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ബംബ്രാണ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."