അമ്പമ്പോ... എംബാപ്പെ
റഷ്യയില്‍ 2018 ലോകകപ്പില്‍ ഫ്രാന്‍സ് കിരീടമുയര്‍ത്തുമ്പോള്‍ ആ പ്രയാണത്തില്‍ നിര്‍ണായക പങ്കുവഹിച്ചാണ് 19 വയസ്സുകാരനായ കിലിയന്‍ എംബാപ്പെ അന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. ഇതോടെ റെക്കോഡ് തുക വിലയിട്ട് വന്‍ക്ലബ്ബുകള്‍ എംബാപ്പെക്ക് പിന്നാലെ പാഞ്ഞു. പാരിസ് സെന്റ് ജര്‍മനില്‍ മെസ്സിക്കൊപ്പമാണ് ഇപ്പോള്‍ പന്തുതട്ടുന്നത്. നാലു വര്‍ഷത്തിനു ശേഷം ലോകകപ്പില്‍ പരിചയസമ്പത്തോടെ എംബാപ്പെ വീണ്ടുമെത്തിയമ്പോള്‍ കൂടുതല്‍ അപകടകാരിയായി മാറിയിരിക്കുന്നു.
ഇന്നലെ പോളണ്ടിനെതിരായ മല്‍സരത്തില്‍ എംബാപ്പെയുടെ ശൗര്യം പ്രകടമായി. അസാമാന്യ വേഗതയും ബുള്ളറ്റ് കിക്കുകളും കൊണ്ട് എതിരാളികളുടെ പേടിസ്വപ്‌നമാണദ്ദേഹം. ഇന്നലെ പലപ്പോഴും സ്പ്രിന്റര്‍മാരെ അനുസ്മരിപ്പിച്ച് പിന്നില്‍ നിന്ന് പന്തിനൊപ്പം ഓടിയെത്തിയപ്പോള്‍ പ്രതിരോധ താരങ്ങള്‍ ഒപ്പമെത്താനാവാതെ കിതയ്ക്കുന്നത് കാണാമായിരുന്നു. ഇന്നലെ നേടിയ ഒരു ഗോള്‍ ബുള്ളറ്റ് ഷോട്ടിന്റെ മികവ് കൊണ്ട് മാത്രമാണ് വലയില്‍ കയറിയത്. ബോക്‌സിനു പുറത്തുനിന്നുള്ള അളന്നുമുറിച്ച ഷോട്ട് ഗോള്‍കീപ്പറുടെ കൈയില്‍ തട്ടിയാണ് വലയില്‍ തറച്ചത്.
100 മീറ്ററില്‍ ലോക റെക്കോഡിന് ഉടമയായ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ എംബാപ്പെ കുതിക്കാറുണ്ട്. മൊണാക്കോക്കെതിരായ മല്‍സരത്തില്‍ മണിക്കൂറില്‍ 38 കിലോമീറ്റര്‍ വേഗം ടിവി കാമറകള്‍ രേഖപ്പെടുത്തിയിരുന്നു. 2009ല്‍ 9.58 സെക്കന്‍ഡില്‍ ഓടിയെത്തി ലോകറെക്കോഡ് കുറിച്ച ബോള്‍ട്ടിന്റെ അന്നത്തെ ശരാശരി വേഗം മണിക്കൂറില്‍ 37.58 ആയിരുന്നു.
സൈനുദ്ദീന്‍ സിദാനു ശേഷം ഫ്രാന്‍സിനു ലഭിച്ച പ്രതിഭാധനനായ ഫോര്‍വേഡാണ് എംബാപ്പെ. പോളണ്ടിനെതിരേ ഇന്നലെ വിജയിച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറുമ്പോള്‍ രണ്ട് ഗോളടിക്കുക മാത്രമല്ല, ആദ്യ ഗോളിന് വഴിതുറന്നതും അദ്ദേഹമായിരുന്നു. മല്‍സരത്തിലുടനീളം ഗംഭീര പ്രകടനം നടത്തുകയും ചെയ്തതോടെ ഫിഫ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനും അര്‍ഹനായി.
ഇരട്ടഗോളോടെ നിരവധി ചരിത്രനേട്ടങ്ങളാണ് എംബാപ്പെയെ തേടിയെത്തിയത്. ഖത്തര്‍ ലോകകപ്പില്‍ അഞ്ചു ഗോളുമായി ടോപസ്‌കോറര്‍ സ്ഥാനത്താണദ്ദേഹം. ലോകകപ്പിലെ ആകെ ഗോള്‍നേട്ടം ഒമ്പതായി. ഒന്നിലധികം ലോകകപ്പുകളില്‍ നാലോ അതിലധികമോ ഗോള്‍ നേടുന്ന ആദ്യ ഫ്രാന്‍സ് താരമെന്ന റെക്കോഡും കുറിച്ചു. ആകെ 11 കളികളിലായി ഒമ്പതു ഗോളുകള്‍ നേടി ഫ്രാന്‍സിനായി ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍നേടുന്ന രണ്ടാമനുമായി. 1958ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പില്‍ ജസ്റ്റ് ഫൊണ്ടെയ്ന്‍ ഫ്രാന്‍സിനായി 13 തവണ വലകുലുക്കിയിരുന്നു.
അടുത്ത ഞായറാഴ്ച ശക്തരായ ഇംഗ്ലണ്ടിനെയാണ് ഫ്രാന്‍സിന് ക്വാര്‍ട്ടറില്‍ നേരിടാനുള്ളത്. കിരീടത്തില്‍ കുറഞ്ഞ ലക്ഷ്യമൊന്നും ഇല്ലെന്നാണ് ക്വാര്‍ട്ടറിലെത്തിയ ശേഷമുള്ള എംബാപ്പെയുടെ പ്രതികരണം. ഫ്രാന്‍സിനായി ഒരിക്കല്‍ക്കൂടി കപ്പില്‍ മുത്തമിടുകയാണ് സ്വപ്‌നമെന്ന് 23കാരന്‍ വ്യക്തമാക്കി. കനത്ത പോരാട്ടത്തിന് ശാരീരികമായും മാനസികമായും ഒരുങ്ങിക്കഴിഞ്ഞു. ഗോള്‍ഡണ്‍ ബോള്‍ പുരസ്‌കാരത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും രാജ്യത്തെ കിരീടനേട്ടമാണ് വലുതെന്നും മാധ്യമങ്ങളോട് വളരെക്കുറച്ച് മാത്രം സംസാരിക്കാറുള്ള താരം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് അനിഷ്ടമുണ്ടായിട്ടല്ലെന്നും തന്റെ സ്വഭാവരീതിയുടെ പ്രത്യേകതയാണിതെന്നും മല്‍സരങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് തന്റെ ശൈലിയെന്നും എംബാപ്പെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."