കീഴൂര്‍ തോണി അപകടം; മൂന്നു ജീവന് രക്ഷാകവചം തീര്‍ത്ത് ബബീഷ്
കീഴൂര്‍: ഇന്നലെ രാവിലെ കീഴൂര്‍ അഴിമുഖത്ത് ഫൈബര്‍ തോണി മറിഞ്ഞ് മൂന്നുപേര്‍ കടലില്‍ മരണത്തോട് മല്ലിടുകയാണെന്ന വിവരമറിഞ്ഞതോടെ കീഴൂരിലെ ബബീഷ് ഓടിയെത്തുകയായിരുന്നു. പലരും നിസാഹയരായി നോക്കി നില്‍ക്കുന്നതിനിടയില്‍ ഇളകി മറിയുന്ന കടലിലേക്ക് ബബീഷ് രണ്ടാമതൊന്ന് ചിന്തിക്കാതെ എടുത്തുചാടി. തീരത്തുള്ളവര്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു.
അപകടത്തില്‍പ്പെട്ട കീഴൂര്‍ പടിഞ്ഞാറിലെ അജ്മല്‍, മുനവ്വര്‍, അഷ്‌റഫ് എന്നിവര്‍ മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയില്‍ മുങ്ങുകയായിരുന്നു. ജീവന്‍ പണയപ്പെടുത്തി കടലില്‍ച്ചാടിയ ബബീഷ് ഉടന്‍തന്നെ മൂന്നു പേരെയും കരയ്‌ക്കെത്തിച്ചു.
പള്ളിക്കരയില്‍ താമസക്കാരനായ ബബീഷ് ഇത് ആദ്യമായിട്ടല്ല കടലില്‍ അപകടത്തിലായവരെ രക്ഷപ്പെടുത്തുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് മത്സ്യബന്ധനത്തിനിടയില്‍ അപകടത്തില്‍പ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തിയിരുന്നു. ബബീഷിന്റെ ധീരതയ്ക്ക് മത്സ്യത്തൊഴിലാളികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും അഭിനന്ദനപ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."