92 സ്‌കൂളുകളുടെ ഉദ്ഘാടനവും 104 സ്‌കൂളുകളുടെ ശിലാസ്ഥാപനവും ഇന്ന്
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി ഇന്ന് 92 സ്‌കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്‍ഡറി ലാബുകള്‍, മൂന്ന് ഹയര്‍സെക്കന്‍ഡറി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനവും 107 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
ആകെ 250 കേന്ദ്രങ്ങളിലാണ് ചടങ്ങുകള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ 18 മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ്, 93 എം.എല്‍.എമാര്‍ എന്നിവര്‍ ചടങ്ങിന്റെ ഭാഗമാകും. ഇത്രയും കെട്ടിടങ്ങള്‍ ഒരുമിച്ച് ഉദ്ഘാടനം നടത്തുന്നതും ഇത്രമാത്രം ഇടങ്ങളിലേക്ക് വ്യാപിച്ച് ഉദ്ഘാടന കേന്ദ്രങ്ങള്‍ വരുന്നതും ഇത്രമാത്രം ജനപ്രതിനിധികള്‍ ഒരുമിച്ച് ഒരു ചടങ്ങിന്റെ ഭാഗമാകുന്നു എന്നതും ചരിത്രമാണെന്ന് വിദ്യാഭ്യാസവകുപ്പ് പറയുന്നു.
ഉദ്ഘാടനം ചെയ്യുന്ന 92 സ്‌കൂള്‍ കെട്ടിടങ്ങളില്‍ കിഫ്ബിയുടെ അഞ്ച് കോടി സഹായത്തോടെയുള്ള 11 സ്‌കൂള്‍ കെട്ടിടങ്ങള്‍, മൂന്ന് കോടി ധനസഹായത്തോടെയുള്ള 23 സ്‌കൂള്‍ കെട്ടിടങ്ങള്‍, പ്ലാന്‍ ഫണ്ട്, സമഗ്രശിക്ഷ കേരളം ഫണ്ട്, നബാര്‍ഡ് ഫണ്ട്, എം.എല്‍.എ ഫണ്ട് എന്നിവ ഉപയോഗിച്ച് 58 സ്‌കൂള്‍ കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടും. തറക്കല്ലിടുന്ന സ്‌കൂള്‍ കെട്ടിടങ്ങളില്‍ 84 എണ്ണം കിഫ്ബിയുടെ ഒരു കോടി ധനസഹായത്തോടെ കില എസ്.പി.വിയായി നിര്‍മാണം നടത്തുന്ന സ്‌കൂള്‍ കെട്ടിടങ്ങളാണ്. ബാക്കി 23 എണ്ണം പ്ലാന്‍ ഫണ്ട് വിനിയോഗിച്ചുമാണ്. ഉദ്ഘാടനം ചെയ്യുന്ന ഹയര്‍സെക്കന്‍ഡറി ലാബും ലൈബ്രറിയും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയവയാണ്. ഉദ്ഘാടനം ചെയ്യുന്ന കെട്ടിടങ്ങളുടെ മതിപ്പ് ചെലവ് 214 കോടി രൂപയോളമാണ്. ശിലാസ്ഥാപനം നടത്തുന്ന കെട്ടിടങ്ങള്‍ക്ക് 124 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. മന്ത്രിമാര്‍ക്കൊപ്പം വകുപ്പ് ഉദ്യോഗസ്ഥരും സ്‌കൂള്‍ അധികൃതരും ചടങ്ങില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."