എസ്എസ്എൽസി പരീക്ഷ ഇന്നവസാനിക്കും; പ്ലസ് ടു നാളെ, ഫലം മെയ് രണ്ടാം വാരത്തിലെത്തിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം തരം പരീക്ഷകൾക്ക് ഇന്ന് വിരാമമാകും. ഇന്നു നടക്കുന്ന സാമൂഹ്യശാസ്ത്രം വിഷയത്തോടെയാണ് ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷ അവസാനിക്കുന്നത്. മാർച്ച് നാലിന് ആരംഭിച്ച പരീക്ഷയിൽ 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മെയ് രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കും. പ്ലസ് ടു പരീക്ഷ നാളെ അവസാനിക്കും.
മൂല്യ നിര്‍ണയം എപ്രില്‍ മൂന്നിന് ആരംഭിക്കും. ഏപ്രില്‍ 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചണ് മൂല്യ നിര്‍ണയം നടത്തുക. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാന്‍ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍.
ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ 4,27,105 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഹയർസെക്കൻഡറി വിഭാഗത്തില്‍ 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വർഷം 4,15,044 വിദ്യാർഥികളും രണ്ടാം വർഷം 4,44,097 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്.
നാളെയാണ് പ്ലസ് ടു പരീക്ഷകള്‍ അവസാനിക്കുന്നത്. മാർച്ച് ഒന്നിന് തുടങ്ങിയ പരീക്ഷയിൽ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 8,55,342 പേരും വൊക്കേഷണൽ ഹയർ സെക്കന്‍ഡറി വിഭാഗത്തില്‍ 57,107 പേരും പരീക്ഷയെ നേരിട്ടു. ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ സയന്‍സ് വിഭാഗത്തില്‍ 194899 പേരും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 95685 പേരും കൊമേഴ്സ് വിഭാഗത്തില്‍ 122024 പേരുമാണ് പരീക്ഷയെഴുതിയത്. രണ്ടാം വര്‍ഷ സയന്‍സ് വിഭാഗത്തില്‍ 204038 പേരും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 106075 പേരും കൊമേഴ്സ് വിഭാഗത്തില്‍ 129322 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി. ടെക്നിക്കല്‍ വിഭാഗത്തില്‍ ഒന്നാം വര്‍ഷം 1532 പേരും രണ്ടാം വര്‍ഷം 1767 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി.
ഉത്തരക്കടലാസ് മൂല്യനിർണയം ഏപ്രില്‍ ഒന്നിന് ആരംഭിക്കും. 77 ക്യാമ്പുകളിലായി ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണ്ണയം നടക്കും. എട്ട് ക്യാമ്പുകളിലായി 22000 അധ്യാപകർ വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണ്ണയത്തില്‍ പങ്കെടുക്കും. മേയ് രണ്ടാം വാരം പരീക്ഷാഫലം പ്രസിദ്ധീകരിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."