ഗിയറില്ല, ഡീസലില്ല, 200 കിലോയും കുറവ്
വീൽ
വിനീഷ്
വില പോലും ടൊയോട്ട പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ, വരുന്ന ജനുവരിയിലെ ലോഞ്ചിന് ശേഷവും ഹൈക്രോസ് ലഭിക്കാനായി ആറ് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും എന്നാണ് ഇപ്പോൾ കേൾക്കുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച ബുക്കിങ്ങിൽ കൂടുതൽ ഉയർന്ന വേരിയൻ്റുകൾ ആണ്. വെൻ്റിലേറ്റഡ് സീറ്റുകളും പനോരമിക് സൺറൂഫുമൊക്കെയായി എത്തുന്ന ഹൈക്രോസിന്റെ ഉയർന്ന വകഭേദമായ സ്ട്രോങ് ഹൈബ്രിഡ് മോഡലുകൾക്ക് 30 ലക്ഷത്തിന് അടുത്താണ് പ്രതീക്ഷിക്കുന്ന എക്സ് ഷോറും വില. ഏതായാലും ആവശ്യക്കാർ ഇഷ്ടം പോലെ ക്യൂവിലുണ്ട്. ഹൈബ്രിഡ് മോഡലിന് ARAI അവകാശപ്പെടുന്ന 21.1kpl ഇന്ധനക്ഷമതയാണ് ഇതിനുള്ള ഒരു കാരണം. കൂടാതെ സണ്‍റൂഫും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളുമൊക്കെയാണ് ടോപ്പ് എന്‍ഡ് ട്രിമ്മുകളിലേക്ക് കൂടുതൽ പേരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. ഇന്നോവയില്‍ സണ്‍റൂഫ് ഇതാദ്യമായാണ് എത്തുന്നതും. ക്രിസ്റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ലാഡര്‍-ഓണ്‍-ഫ്രെയിം ബോഡിക്ക് പകരം മോണോകോക്ക് നിര്‍മാണമാണ് ഹൈക്രോസ് അവലംബിച്ചിരിക്കുന്നത്. മാരുതിയുടെ എർട്ടിഗ പോലെ ഷാസിയില്ലാത്ത മോ ണോകോക് സ്ട്രക്ചറുമായി വരുന്ന ഹൈക്രോസിന് ക്രിസ്റ്റയെ അപേക്ഷിച്ച് 200 കിലോയോളം ഭാരം കുറവാണ്. കൂടാതെ എൻജിൻ പവര്‍ മുന്‍ ചക്രങ്ങളിലേക്കെത്തുന്ന ഫ്രണ്ട്-വീല്‍ ഡ്രൈവ് മോഡലാണിത്. ക്രിസ്റ്റയേക്കാൾ വലിപ്പക്കൂടുതൽ ഉള്ള ഹൈക്രോസിൻ്റെ വീൽ ബേസ്100 മില്ലി മീറ്റർ അധികമുണ്ട്.അതുകൊണ്ടു തന്നെ മൂന്നാം നിരയിലടക്കം സീറ്റിൽ കുറച്ചുകൂടി സ്ഥല സൗകര്യമുണ്ട്.
G,GX, VX,ZX,ZX(0) എന്നീ വേരിയൻ്റുകളാണ് ഹൈക്രോസിന് ഉള്ളത്. 172 ബി.എച്ച്.പി പവർ ഉള്ള പെട്രോൾ എൻജിനാണ് G,GX മോഡലുകൾക്ക്. VX,ZX,ZX(0) എന്നിവ 186 ബി.എച്ച്.പിയുടെ സ്ട്രോങ് ഹൈബ്രിഡ് ആണ്. G,GX, VXമോഡലുകൾ 7-8 സീറ്റർ കോൺഫിഗറേഷനിലും ഉയർന്ന ZX,ZX(0) വേരിയൻ്റുകൾ സെവൻ സീറ്റർ മോഡലിലും മാത്രമാണ് ലഭിക്കുക. രണ്ട് എൻജിൻ മോഡലുകളും ഒാട്ടോമാറ്റിക് ഗിയർബോക്സിൽ മാത്രമായാണ് എത്തുന്നത്.
മുന്നില്‍ ക്രോം ബോര്‍ഡറുകളോട് കൂടിയ പുതിയ ഗ്രില്‍, എല്‍.ഇ.ഡി ഹെഡ്ലൈറ്റുകള്, വലിയ വെന്റുകളുള്ള ഫ്രണ്ട് ബമ്പര്‍, സ്ലിം എല്‍.ഇ.ഡി ഡി.ആര്.എല്‍ (ഡേ ടൈം റണ്ണിങ് ലാംപ്) എന്നിവയും ഉയർന്ന ബോണറ്റും ഹൈക്രോസിന് കരുത്തൻ ലുക്ക് തന്നെ സമ്മാനിക്കുന്നുണ്ട്. മുന്നിലെ ഡി.ആർ.എൽ തന്നെയാണ് ഇൻഡിക്കേറ്ററുകളും. 18 ഇഞ്ച് അലോയ് വീലുകളും സൈഡിലെ ക്യാരക്ടർ ലൈനുകളുമാണ് വശങ്ങളെ വ്യത്യസ്തമാക്കുന്നത്. ലോ പ്രൊഫൈൽ ടയർ കാരണം റോഡിലെ കുണ്ടുംകുഴിയുമെല്ലാം അകത്തിരിക്കുന്നവർക്ക് കുറച്ച് നന്നായി ഫീൽ ചെയ്യുന്നുണ്ട്. ഉയർന്ന സ്പീഡിൽ പോലും നല്ല സ്റ്റെബിലിറ്റി തരുന്ന രീതിയിലുള്ളതാണ് സസ്പെൻഷൻ. എന്നാൽ വളരെ സോഫ്റ്റും അല്ല.സസ്പെൻഷൻ ട്യൂണിങ്ങിൽ ഒരു ബാലൻസിനാണ് ഹൈക്രോസിൽ ടൊയോട്ട ശ്രമിച്ചിരിക്കുന്നത്.
ZX,ZX(0) മോഡലുകളിൽ പിറകിലെ ടെയിൽ ഗേറ്റ് ഇലക്ട്രിക് ആണ്. ഒരു ബട്ടൺ ക്ളിക് മാത്രം മതിഅടയ്ക്കാൻ. പിറകിലെ സീറ്റ് മടക്കിയാൽ 990 ലിറ്റർ ബൂട്ട് സ്പേസ് ലഭിക്കും. ക്രിസ്റ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൈക്രോസിന്റെ ക്യാബിന് കുറച്ചുകൂടി ആധുനികമാണ്. 10.1-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയാണ് ഉയർന്ന വേരിയൻ്റുകളിൽ വരുന്നത്. സെന്‍ട്രല്‍ കണ്‍സോളില്‍ ഗിയര്‍ സിലക്റ്റർ പതിവിൽ നിന്ന് മാറി കുറച്ചു കൂടി ഉയര്‍ന്ന സ്ഥാനത്താണുള്ളത്. മുന്നിലെ വാഹനത്തിനനുസരിച്ച് വേഗം ക്രമീകരിക്കുന്ന അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ലെയ്ന്‍-ട്രേസ് അസിസ്റ്റ്, ഓട്ടോ ഹൈ ബീം, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍ എന്നിവയും കൂടാതെ ആറ് വരെ എയര്‍ബാഗുകള്‍, എല്ലാ യാത്രക്കാര്‍ക്കും ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, എ.ബി.എസ്, ഇ.ബി.ഡി എന്നിവയും സുരക്ഷയ്ക്കായി ഉണ്ട്. സ്റ്റിയറിങ് വീലിന് പിന്നിലുള്ള 7 ഇഞ്ച് ഡിസ്പ്ലേ ഹൈബ്രിഡ് സംവിധാനത്തിൻ്റെ വർക്കിങ് കൃത്യമായി കാണിച്ചു തരും. വാഹനം വൈദ്യുതിയിലാണോ പെട്രോളിലാണോ ഒാടുന്നതെന്ന കൺഫ്യൂഷനും ഒഴിവാക്കാം.സ്ട്രോങ് ഹൈബ്രിഡ് ആയതുകൊണ്ടുതന്നെ പൂർണമായും ഇ.വിയിൽ ഒാടിക്കാം. സിറ്റി ഡ്രൈവിങ്ങിൻ്റെ 50-60 ശതമാനം വരെ ഇ.വി മോഡിൽ ഒാടിക്കാമെന്നാണ് ടൊയോട്ട പറയുന്നത്. ലിത്തിയം ആയണിന് പകരം നിക്കൽ - മെറ്റൽ ഹൈഡ്രറ്റ് ബാറ്ററി പാക്ക് ആണ്ഉപയോഗിച്ചിരിക്കുന്നത്. ലിഥിയം അയൺ പോലെ കാര്യക്ഷമായി ഇത്പ്രവർത്തിക്കുമോയെന്ന് ചിലർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ടൊയോട്ടയ്ക്ക് ഇക്കാര്യത്തിൽ സംശയമൊന്നുമില്ല.
ഡ്രൈവിങ്ങിന് കൂടുതൽ സുഖം പകരുന്നതാണ് ഹൈക്രോസ് എങ്കിലും ക്രിസ്റ്റയിൽ കിട്ടുന്ന ഒരു സ്റ്റർഡി ഫിൽ, പച്ചമലയാളത്തിൽ പറഞ്ഞാൽ 'കുറ്റിയുറപ്പ്' ഇല്ലെന്നാണ് ഒാടിച്ചുനോക്കിയവർ പരിഭവം പറയുന്നത്. ഇതിനൊരു കാരണം പവർ സ്റ്റിയറിങ് സംവിധാനത്തിലെ മാറ്റമാണ്. നേരത്തെയുണ്ടായിരുന്ന ഹൈഡ്രോളിക് പവർ സ്റ്റിയറിങ് ഇപ്പോൾ ഇലക്ട്രിക്കിലേക്ക് മാറിയിട്ടുണ്ട്. പക്ഷേ, ഒന്നുറപ്പാണ് വില കൂടുന്തോറും ഡിമാൻ്റും ഏറുന്ന ഇന്നോവയുടെ ആ പഴയ സവിശേഷത ഹൈക്രോസും പിൻതുടരുമെന്ന കാര്യത്തിൽ ഇപ്പോഴത്തെ ബുക്കിങ്ങുകൾ കണ്ടാൽ ആരും സംശയം പറയില്ല.
ഡീസൽ ക്രിസ്റ്റ
തിരിച്ചുവരുന്നു
അതെ, സത്യമാണ് ഡീസൽ ഇന്നോവ ക്രിസ്റ്റ തിരിച്ചു വരുന്നു. അടുത്ത ഫെബ്രുവരി മുതൽ ഡീസൽ ക്രിസ്റ്റ വീണ്ടും എത്തുമെന്നാണ് ടൊയോട്ട കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. ചിപ്പ് ഷോർട്ടേജ് ഉൾപ്പെടെയുള്ള കാരണങ്ങൾ പറഞ്ഞ് കഴിഞ്ഞ ഒാഗസ്റ്റ് മുതലാണ് ക്രിസ്റ്റ ഡീസൽ മോഡലിൻ്റെ ബുക്കിങ് ടൊയോട്ട നിർത്തിയത്. കഴിഞ്ഞ മാസം ഹൈക്രോസ് ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ക്രിസ്റ്റയെ തങ്ങളുടെ വെബ്സൈറ്റിലെ മോഡൽ നിരയിൽ നിന്ന് ടൊയോട്ട നീക്കിയിരുന്നു. അടുത്ത വർഷം പുതിയ മാറ്റങ്ങളോടെ ക്രിസ്റ്റ തിരിച്ചെത്തും. ടാക്സി സെഗ് മെൻ്റിനായി സി.എൻ.ജി മോഡലും എത്തുന്നുണ്ട്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."