അംഗീകാരമില്ലാത്ത ഓട്ടോസ്റ്റാന്‍ഡുകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ഡ്രൈവര്‍മാര്‍ കേടാക്കുന്നതായി പരാതി
കാക്കനാട്: അനധികൃതമായി ഉണ്ടാക്കിയ ഓട്ടോസ്റ്റാന്‍ഡുകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കേടാക്കി ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ക്രൂര വിനോദം. നഗരത്തിലെ തിരക്കേറിയ റോഡുകള്‍ കൈയേറി സ്റ്റാന്‍ഡുകളാക്കിയ ചില ഓട്ടോഡ്രൈവര്‍മാരാണ് വാഹനങ്ങള്‍ കേടക്കുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ക്ക് ലഭിച്ച പരാതിയില്‍ പറയുന്നു.
ഇരു ചക്ര വാഹനങ്ങളാണ് വ്യാപകമായി കേടാക്കുന്നത്. ടയറിലെ ബാല്‍ട്യൂബില്‍ മണല്‍ വാരി നിറച്ചാണ് ഇരുചക്ര വാഹനങ്ങള്‍ കേടാക്കുന്നത്. ബാല്‍ട്യൂബില്‍ മണല്‍ നിറക്കുന്നത് മൂലം വണ്ടിയെടുത്ത് കുറേ ദൂരം പോകുമ്പോള്‍ പഞ്ചറാകും. കണ്ണാടിയും ലൈറ്റുകളും നശിപ്പിച്ചതായും പരാതിയുണ്ട്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിന് സമീപം പാര്‍ക്ക് ചെയ്ത ഇരു ചക്രവാഹനം, ഉടമ ആശുപത്രിയില്‍ നിന്നും തിരികെയെത്തിയപ്പോള്‍ ഇത്തരത്തില്‍ കേടാക്കിയിരുന്നു.
ഇതിനിടേ കടവന്ത്ര, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപം, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വിവിധ നിയമ ലംഘനങ്ങള്‍ക്ക് ഓട്ടോറിക്ഷകള്‍ പിടിയിലായി. മദ്യപിച്ച് ലക്ക്‌കെട്ട് സര്‍വീസ് നടത്തിയ ഓട്ടോ ഡ്രൈവറും പരിശോധനയില്‍ പിടിയിലായി. ഇയാളുടെ ലൈസന്‍ റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റോഡ് നികുതി അടക്കാതെയും ഫിറ്റനസ് ഇല്ലാതെയും ലൈസന്‍സ് ഇല്ലാതെയും സര്‍വീസ് നടത്തിയ ഓട്ടോറിക്ഷകളാണ് പിടിയിലായവയില്‍ ഏറെയും.
സിറ്റി പെര്‍മിറ്റില്ലാതെ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളാണ് കൂടുതല്‍ തുക യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. തൃപ്പുണിത്തുറ, മരട് തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ നിന്നെത്തി നിരത്തുകള്‍ കൈയേറി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളിലാണ് നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് നഗരത്തില്‍ വാഹനവകുപ്പിന്റെ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. നോര്‍ത്ത് സ്റ്റേഷന്‍ കിക്കേകവാടത്തില്‍ ചെറിയ ദൂരം ഓട്ടം വിളിച്ചാല്‍ വരാത്ത ഓട്ടോകള്‍ക്കെതിരെ പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് അധികൃതര്‍ വെള്ളിയാഴ്ച പരിശോധന നടത്തിയത്. ട്രെയിനിറങ്ങി വലിയ ബാഗുകളുമായി വരുന്നവരില്‍ യാത്രക്കാര്‍ ദീര്‍ഘദൂര യാത്രക്കാരാണെന്ന് മനസിലാക്കിയാണ് ഓട്ടം വിളിച്ചാല്‍ പോകുന്നത്. അല്ലാത്തവര്‍ എത്തിയാല്‍ ഓട്ടോറിക്ഷക്കാര്‍ ട്രിപ്പ് വിളിച്ചാല്‍ തിരിഞ്ഞുനോക്കാറില്ലെന്നാണ് യാത്രക്കാരുടെ പരാതി.
അംഗീകൃത സ്റ്റാന്‍ഡുകളില്ലാതെ മൂന്നും നാലും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് റോഡ് കൈയേറി നടത്തുന്ന പാര്‍ക്കിങിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എം. സുരേഷ് പറഞ്ഞു. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വീസ് നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കും. യാത്ര തുടങ്ങുന്നതിന് മുമ്പ് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെടാമെന്നും ഡ്രൈവര്‍മാര്‍ മോഷമായി പെരുമാറുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ. നൗഫല്‍, അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആര്‍ടിഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."