കേരളത്തില്‍ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ അനുകൂല സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി: കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുകൂല സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചിയില്‍ ദോഹ ബാങ്കിന്റെ ശാഖ ഉദ്ഘാടനത്തോടനുബന്ധിച്ച് 'കേരള ഖത്തര്‍ നിക്ഷേപാവസരങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ലോക നിലവാരത്തിലേക്കുയര്‍ത്തുന്നതിന് സര്‍ക്കാര്‍ ഒരുക്കമാണ്. ഈ കൊച്ചു കേരളത്തില്‍ നാല് വിമാനത്താവളങ്ങളും നിരവധി തുറമുഖങ്ങളുമുണ്ട്. ഇവ കേരളത്തിലെ വ്യാവസായിക, വാണിജ്യ വികസനത്തില്‍ നിര്‍ണായക സംഭാവന നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫലി, ദോഹ ബാങ്ക് ചെയര്‍മാന്‍ ഷെയ്ഖ് ഫഹദ് ബിന്‍ മുഹമ്മദ് ബിന്‍ ജാബര്‍ അല്‍ താനി, മാനേജിംഗ് ഡയറക്ടര്‍ ഷെയ്ഖ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ ജാബര്‍ അല്‍താനി, ദോഹ ബാങ്ക് സിഇഒ, ഡോ. ആര്‍. സീതാരാമന്‍ എന്നിവരെ കൂടാതെ കേരളത്തിലെയും ഖത്തറിലെയും പ്രമുഖ നിക്ഷേപകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
സമ്മേളനത്തില്‍ ദോഹ ബാങ്ക് സി.ഇ.ഒ ഡോ. ആര്‍. സീതാരാമന്‍ കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെക്കുറിച്ചും ആഗോള സമ്പദ്ഘടനയെക്കുറിച്ചും മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."