ചരിത്രം പാഠമാകട്ടെ
പോള്‍ തേലക്കാട്ട്
ബിഷപ്പ് കല്ലറങ്ങാട്ട് സെപ്റ്റംബര്‍ 8-ന് കത്തോലിക്കാ പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ലൗജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നീ മാര്‍ഗങ്ങളിലൂടെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ചില തീവ്രവാദ മുസ്‌ലിം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാമര്‍ശം സമൂഹത്തില്‍ ഉടനീളം വിമര്‍ശന വിധേയമായി. ഇതു സൂചിപ്പിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ ഒരു പൊതു സംസ്‌കാര സവിശേഷതയാണ്.
നേതാക്കള്‍ക്ക് ചില പിശകുകള്‍ പറ്റിയാല്‍ അതു തുറന്നു പറഞ്ഞു തിരുത്താന്‍ തയാറാകുന്ന ഒരു സമൂഹമുണ്ട് എന്നതാണ് അത്. ക്രൈസ്തവ സമൂഹത്തില്‍ നിന്നും ഈ വിമര്‍ശനങ്ങളുണ്ടായി. ഇതു സമൂഹത്തിന്റെ ആത്മവിമര്‍ശനത്തിന്റെ സ്വഭാവമാണ്. ധാര്‍മിക നിലപാടുകള്‍ എപ്പോഴും വിമര്‍ശനം ഉണ്ടാക്കുന്നതാണ്. അതു കേള്‍ക്കാനും കേള്‍പ്പിക്കാനും നാം സന്നദ്ധരാണ്.
ഈ ആത്മവിമര്‍ശന മനോഭാവമാണ് നമ്മുടെ പൊതുസമൂഹത്തെ മൗലികവാദ പ്രതിസന്ധികളില്‍നിന്ന് പരിരക്ഷിക്കുന്നത്. സാമുവല്‍ പി. ഹണ്ടിങ്ടണിന്റെ പ്രവചനം ലോകം നാഗരികതകളുടെ യുദ്ധത്തിലേക്കു നീങ്ങുന്നു എന്നതാണ്.
ഇസ്‌ലാം-ക്രൈസ്തവ സംഘട്ടനമാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. അതു സംഭവിക്കാന്‍ പാടില്ല എന്ന തീരുമാനത്തിലും അതിന് ഒരിക്കലും കാരണമുണ്ടാക്കിക്കൂടാ എന്ന നടപടികളിലുമാണ് കത്തോലിക്കാ സഭയുടെ അധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പ. ആ ആഹ്വാനമാണ് 'എല്ലാവരും സഹോദരന്മാര്‍' എന്ന വിശ്വലേഖനത്തിലൂടെ അദ്ദേഹം എല്ലാ നല്ല മനസുള്ള മനുഷ്യരെയും അഭിസംബോധന ചെയ്ത് എഴുതിയത്. ഈ ലേഖനം ഇസ്‌ലാം-ക്രൈസ്തവ ബന്ധം കൂടുതല്‍ ഊഷ്മളവും കൂടുതല്‍ ക്രിയാത്മകവുമാക്കാനുള്ള നിര്‍ദേശങ്ങളാണ് പങ്കുവയ്ക്കുന്നത്.
ലോകത്തിലെ രണ്ടു പ്രമുഖ മതങ്ങള്‍ ക്രിസ്തുമതവും ഇസ്‌ലാമുമാണ്. ഇവര്‍ രണ്ടുപേര്‍ക്കും ഒരു പൊതു പൈതൃകമുള്ളവരുമാണ്. അബ്രഹാം, അഥവാ ഇബ്രാഹിം എന്നത് വിശ്വാസത്തിന്റെ പിതാമഹനെയാണ് സൂചിപ്പിക്കുന്നത്. അദ്ദേഹത്തോട് നാടും വീടും വിട്ട് പോകാനാണ് ദൈവം ആവശ്യപ്പെടുന്നത്. പക്ഷെ, എത്ര സുരക്ഷിതത്വമുണ്ടായിരുന്നു - അന്യരിലേക്ക് പുറപ്പെടുന്നതിന് അദ്ദേഹത്തിന്റെ സുരക്ഷിതത്വം അദ്ദേഹത്തിന്റെ വാക്കിലായിരുന്നു. വാക്കു കൊടുത്തും വാക്ക് പാലിച്ചും ഉടമ്പടികള്‍ ഉണ്ടാക്കിയും അദ്ദേഹം വിജയകരമായി മുന്നേറി. ദൈവത്തില്‍ മാത്രം വിശ്വാസിച്ചാല്‍ പോരാ, പരസ്പരവും വിശ്വസിക്കണം.
ഒരു മുസ്‌ലിം അപരനെ കാണുമ്പോള്‍ സമാധാനം ആശംസിക്കുന്നു. ഇതു സൗഹൃദത്തിന്റെ പാരസ്പര്യമാണ്. അപരന് കൊടുക്കുന്നത് സമാധാനമാണ്, കൈയേറ്റമല്ല, കീഴടക്കലുമല്ല. കേരളത്തില്‍ പിച്ചക്കാരന്‍ മുമ്പില്‍ വന്നു നിന്നു ചോദിക്കുന്നതു 'ധര്‍മം തരണേ' എന്നാണ്. അയാള്‍ ചോദിക്കുന്നത് ധര്‍മമാണ്. അപരനു കൊടുക്കേണ്ടതും ധര്‍മമാണ്, അതാണ് നീതി. അതാണ് ആതിഥ്യം. ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അപരന്റെ അഥവാ അന്യന്റെ മുഖത്താണ് ദൈവത്തിന്റെ നിഴല്‍ കാണാന്‍ കഴിയേണ്ടത്.
ഇത് ആതിഥ്യത്തിന്റെ സാഹോദര്യ വഴിയാണ്. ഈ നീതിയുടെ പാരസ്പര്യത്തിന് അനിവാര്യം ഞാന്‍ എന്നെ ബലിയാക്കാന്‍ സന്നദ്ധമാകുകയാണ്. എന്നില്‍ നിന്ന് ഞാന്‍ പിന്‍വലിയുമ്പോഴാണ് അപരനെ അതിഥിയാക്കുന്നത്. അതിഥിയാണ് ദൈവം എന്നതാണ് ഭാരതീയ പാരമ്പര്യം. ഈ ഉദാത്തമായ സമീപനം കാത്തുസൂക്ഷിച്ചാല്‍ ഒരു പ്രതിസന്ധിയും നമുക്കുണ്ടാകില്ല.
ചുരുക്കം ചിലര്‍ അവിവേകമായി നടത്തുന്ന ചില പരാമര്‍ശങ്ങള്‍ ഈ നല്ല ബന്ധത്തെ സാരമായി ബാധിക്കാന്‍ ഇടയാകരുത്. അറബിനാടുകളിലുണ്ടായ വലിയ പുരോഗതി കേരളത്തിലെ മുസ്‌ലിം സമൂഹത്തെയും ഗുണകരമായി സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സ്പര്‍ധയും അസൂയയും സ്വാഭാവികമായി ചിലരിലുണ്ടാകാം. പക്ഷെ അറബിനാടുകളിലെ പുരോഗതി മറ്റു വിഭാഗങ്ങള്‍ക്കും ഗുണകരമായി മാറിയിട്ടുണ്ട്. കേളത്തില്‍നിന്ന് എല്ലാ സമുദായങ്ങളില്‍ നിന്നുള്ള 25 ലക്ഷം പേരെങ്കിലും ആ നാടുകളില്‍ ജോലി ചെയ്തു ജീവിക്കുന്നു. പരസ്പര സഹകരണത്തിന് ഇത്തരം സ്പര്‍ധയുടെ വികാരങ്ങള്‍ വിഘാതങ്ങള്‍ സൃഷ്ടിക്കരുത്.
ചരിത്രത്തില്‍ നിന്ന് നാം പാഠങ്ങള്‍ പഠിക്കണം. ചരിത്രത്തിലെ വിനാശകരമായ അനുഭവങ്ങള്‍ വ്യക്തികളുടെയും സമൂഹങ്ങളുടെയും ഭാഷയിലും കര്‍മങ്ങളിലും വന്നുപോകുന്ന അവിവേകപരവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ നടപടികളുടെ ഫലമാണ്. ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും കരുതലുള്ളവരാകണം.
നമുക്കു പുരോഗതി ഉണ്ടാകണം. പുരോഗതി എപ്പോഴും പണത്തിന്റെയല്ല. നമ്മുടെ മനസുകള്‍ വലുതാകണം, അതു മനുഷ്യത്വത്തിന്റെ വികാസമാണ്. മനുഷ്യത്വം ലോകത്തിലെ സകല മനുഷ്യരേയും ഉള്‍ക്കൊള്ളുന്ന കുടുംബബോധമാണ്. അതാണ് സാമാന്യബോധം. അതു നഷ്ടമാകാതിരിക്കാന്‍ എല്ലാവര്‍ക്കും ശ്രമിക്കാം.
(സിറോ മലബാര്‍ സഭ മുന്‍
വക്താവാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."