നൗഫലിന്റെ സംരക്ഷണം: തീരുമാനം വിശദറിപ്പോര്‍ട്ടിനുശേഷം
കൊച്ചി: ഇടുക്കി അടിമാലിയില്‍ മാതാപിതാക്കളുടെ മര്‍ദനത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന ഒന്‍പതു വയസുകാരന്‍ നൗഫലിന്റെ സംരക്ഷണച്ചുമതലയുടെകാര്യം വിശദറിപ്പോര്‍ട്ടിനുശേഷം തീരുമാനിക്കുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബാലാവകാശ സംരക്ഷണ സമിതി യോഗം അറിയിച്ചു. യോഗത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അംഗം മീനാ കുരുവിളയും എറണാകുളം, ഇടുക്കി ജില്ലകളിലെ ബാലാവകാശ സംരക്ഷണ സമിതി പ്രവര്‍ത്തകരും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
നൗഫലിന് ഒരു കൂട്ടിരിപ്പു സഹായിയെ ഏര്‍പ്പെടുത്തുന്നകാര്യം യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമാനമെടുക്കും. കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തശേഷം സംരക്ഷണച്ചുമതലയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും. കുട്ടിയുടെ പിതാവിന്റെ കുടുംബാംഗങ്ങള്‍ക്കു മാത്രമാണ് ഇപ്പോള്‍ കഷ്ടിച്ചു ബന്ധമുള്ളത്. നൗഫലിന്റെ ചികിത്സയുള്‍പ്പെടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവിനെ അറസ്റ്റു ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അടിമാലി സി.ഐ അറിയിച്ചു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. നസീര്‍, സെലീന ദമ്പതികള്‍ക്ക് നൗഫല്‍ ഉള്‍പ്പെടെ അഞ്ചു കുട്ടികളാണുള്ളത്. ഈ കുട്ടികളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലിസിനും ബാലാവകാശ സംരക്ഷണ സമിതിക്കും സാമൂഹിക നീതി വകുപ്പിനും കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതില്‍ ഒരു കുട്ടി നസീറിന്റെ അനുജന്റെ സംരക്ഷണയിലാണെന്ന് അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."