ഗൾഫ് മേഖലയിലേക്ക് സർവീസ് വർധിപ്പിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്; കേരളത്തിൽ നിന്നും പുതിയ സർവീസുകൾ
ഗൾഫ് മേഖലയിലേക്ക് സർവീസ് വർധിപ്പിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്; കേരളത്തിൽ നിന്നും പുതിയ സർവീസുകൾ
ദുബൈ: യുഎഇയിലേതുൾപ്പെടെയുള്ള മലയാളി പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്സ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗ്. കേരളത്തിലേക്ക് ഉൾപ്പെടെ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് ഉള്ള സർവീസുകൾ വർധിപ്പിക്കുമെന്ന് അദ്ദേഹം ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിലേക്കുള്ള ശേഷി വർധിപ്പിക്കാനും ഇന്ത്യയിലെ വിവിധ ടയർ 2, 3 നഗരങ്ങളിലെ ഗൾഫ് യാത്രക്കാർക്ക് കൂടുതൽ കണക്റ്റിവിറ്റി നൽകാനും എയർ ഇന്ത്യ എക്‌സ്പ്രസ് ശ്രമിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
സഊദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്ക് ഉള്ള സർവീസുകളിലാണ് വർധന ലക്ഷ്യമിടുന്നത്. യുഎഇക്കും കേരളത്തിനുമിടയിൽ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് ലാഭകരമായി മുന്നോട്ട് പോകുന്നതായും അലോക് സിംഗ് പറഞ്ഞു. കണ്ണൂരിൽ നിന്നുള്ള ശേഷി വർധിപ്പിക്കാൻ നോക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
"കേരള-ഗൾഫ് വിപണിയിൽ, കേരളത്തിലെ പോയിന്റുകൾക്കപ്പുറം ഇന്ത്യയിലെ മറ്റ് പോയിന്റുകളിലേക്കും ഞങ്ങൾ കുറച്ച് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യും. അതുവഴി യുഎഇയിലെയും ഗൾഫ് മേഖലയിലെയും ആളുകൾക്ക് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ മികച്ച കണക്റ്റിവിറ്റി ലഭിക്കും” - അദ്ദേഹം വ്യക്തമാക്കി.
ബജറ്റ് കാരിയർ എയർലൈനായ എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിൽ ആഴ്ചയിൽ 105 വിമാന സർവീസ് നടത്തുന്നു. ദുബൈയിലേക്ക് 80, ഷാർജയിലേക്ക് 77, അബുദാബിയിലേക്ക് 31, റാസൽ ഖൈമയിലേക്ക് 5, അൽ ഐനിലേക്ക് 2 എന്നിങ്ങനെയാണ് സർവീസ്. ഗൾഫ് മേഖലയിലുടനീളം, ആഴ്ചയിൽ 308 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട് എയർ ഇന്ത്യ.
എയർ ഇന്ത്യ എക്സ്പ്രസ് അടുത്തിടെ യുഎഇയിലേക്കുള്ള വിമാനങ്ങൾ വർധിപ്പിച്ചിരുന്നു. സൂറത്ത്-ടു-ഷാർജ, ഇൻഡോർ-ദുബൈ, ഡൽഹി-ടു-ഷാർജ, ഗോവ-ടു-ദുബൈ തുടങ്ങിയ മേഖലയിലാണ് അധിക സർവീസ് തുടങ്ങിയത്. ദുബൈ എയർഷോ 2023 ന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."