സഊദിയുമായി ബൈഡന്റെ ആദ്യ കരാർ, 500 മില്യൺ ഡോളർ സൈനിക കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം
റിയാദ്: സഊദി അറേബ്യക്ക് 500 ദശലക്ഷം ഡോളർ ആയുധങ്ങൾ വിൽക്കാൻ തീരുമാനിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇപ്പോൾ അംഗീകാരം നൽകിയ കരാർ ഒരു മുൻകരാറിന്റെ തുടർച്ചയാണെങ്കിലും സഊദി അറേബ്യയുടെ അപ്പാച്ചെ, ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള ഹെലികോപ്റ്ററുകൾക്കുള്ള മെയിന്റനൻസ് സപ്പോർട്ട് സേവനങ്ങളും ഭാവിയിൽ CH-47D ചിനൂക് ഹെലികോപ്റ്ററുകളും ഉൾപ്പെടുന്നതാണ് കരാർ. ബൈഡൻ ഭരണകൂടം അധികാരമേറ്റയുടൻ സഊദി അറേബ്യയിലേക്കുള്ള ആയുധ വിൽപന മരവിപ്പിച്ചതിന് ശേഷം ആദ്യത്തെ പ്രഖ്യാപനം ആണിത്.
മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സുസ്ഥിരതയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ഒരു സുപ്രധാന ശക്തിയായി തുടരുന്ന ഒരു സൗഹൃദ രാജ്യത്തിന്റെ സുരക്ഷ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിലൂടെ യുഎസ് വിദേശനയത്തെയും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെയും ഈ നിർദ്ദിഷ്ട വിൽപ്പന പിന്തുണയ്ക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു. ഇപ്പോഴത്തെയും ഭാവിയിലെയും ഭീഷണികളെ നേരിടാനും സഊദിയുടെ കഴിവ് മെച്ചപ്പെടുത്താനും ഈ കരാർ സഹായിക്കുമെന്നും സഊദി അറേബ്യയുടെ റോട്ടറി-വിംഗ് എയർക്രാഫ്റ്റ് ഫ്ലീറ്റ്, എഞ്ചിനുകൾ, ഏവിയോണിക്സ്, ആയുധങ്ങൾ, മിസൈൽ ഘടകങ്ങൾ എന്നിവ നിലനിർത്താനും ഈ കരാർ സഹായിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇടപാട് അവലോകനത്തിനും അംഗീകാരത്തിനുമായി കോൺഗ്രസിന് അയച്ചു.
ഇറാനെ പിന്തുണയ്ക്കുന്ന ഹൂത്തികളെ തീവ്രവാദ കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതോടൊപ്പം സഊദി അറേബ്യയെ പിന്തുണച്ച് യെമനിലെ സൈനിക നീക്കങ്ങൾക്ക് നൽകി വന്നിരുന്ന യുഎസ് പിന്തുണയും പ്രസിഡന്റ് ജോ ബൈഡൻ നിർത്തിവച്ചിരുന്നു. കഴിഞ്ഞയാഴ്ച പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ സഊദി അറേബ്യ സന്ദർശിക്കാനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ കാണാനും തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."