കാത്തിരുന്ന കപ്പില്‍ മുത്തമിടാന്‍ മെസ്സിപ്പട, വിട്ടു കൊടുക്കില്ലെന്നുറച്ച് എംബാപെയും കൂട്ടരും; ഡിസംബര്‍ 18ന് ലുസൈലില്‍ തീപാറും
ദോഹ: ലോകം കാത്തിരിക്കുന്ന ലോകകപ്പ് അവസാന അങ്കത്തിന് ഇനി മൂന്നു നാള്‍ ദൂരം. ഖത്തര്‍ ലോകകപ്പിലെ അവസാന അങ്കത്തിന്റെ ചിത്രം തെളിഞ്ഞിരിക്കുന്നു. 32 ടീമുകള്‍ രണ്ടായി ചുരുങ്ങുമ്പോള്‍ അര്‍ജന്റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍. ഇനി അങ്കം മെസിയും എംബാപയും തമ്മില്‍. ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു തീ പാറും പോരാട്ടത്തിന് സാക്ഷിയാവാന്‍. കിരീടം നിലനിര്‍ത്തുകയാണ് ഫ്രഞ്ച് ലക്ഷ്യം. അത് ഒരു ജയം അകലെയാണ്. എന്നാല്‍ കാത്ത് കാത്തിരുന്ന കപ്പില്‍ മുത്തമിടാനാണ് മെസ്സിപ്പട എത്തുന്നത്. മെസി തന്റെ അവസാന അങ്കത്തില്‍ കപ്പുയര്‍ത്തി മടങ്ങണമെന്ന് ലോകമെങ്ങുമുള്ള ആരാധകരും ആഗ്രഹിക്കുന്നു.
മൂന്നാം കിരീടമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. മെസിയും അനുചരന്‍മാരും ചില്ലറക്കാരല്ലെന്ന് അറിയാം ഫ്രഞ്ച് പടയ്ക്ക്. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയെ വീഴ്ത്തിയെന്ന ആത്മവിശ്വാസത്തെ ഇത്തവണ കൂട്ട് പിടിക്കാനാകില്ല. ഇത് ആ സംഘമല്ല. അടിമുടി മാറി എന്തിനും പോന്നവരായി മാറിയിരിക്കുന്നു നീലപ്പട.
അതേസമയം കണക്ക് പറഞ്ഞ് വീട്ടാനുള്ള അവസരമാണ് അര്‍ജന്റീനക്കിത്. സ്‌കലോണിയുടെ സംഘത്തിനും അവസാന അങ്കം കടുപ്പമേറിയതാണ്. എല്ലാ നിലക്കും കരുത്തരാണ് ഫ്രഞ്ച് ടീം.
ക്രൊയേഷ്യയെ തോല്‍പിച്ചാണ് അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലൂക്ക മോഡ്രിച്ചിന്റെ സംഘത്തിനെ മെസിപ്പട കീഴടക്കിയത്. മൊറോക്കന്‍ സിംഹങ്ങളെ കീഴടക്കിയാണ് ഫ്രാന്‍സിന്റെ വരവ്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഓരോ തോല്‍വി വഴങ്ങിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. അര്‍ജന്റീന, സൗദി അറേബ്യയോടും ഫ്രാന്‍സ് ടുണീഷ്യയോടുമായിരുന്നു തോല്‍വി ഏറ്റുവാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."