കോടികളുടെ പദ്ധതികള്‍ ഇഴയുന്നു; മാരിയില്‍ കലുങ്ക് പാലം നോക്കുകുത്തി
തൊടുപുഴ: തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും നിര്‍മ്മാണത്തിലിരിക്കുന്ന കോടികളുടെ പദ്ധതികള്‍ അനിശ്ചിതത്വത്തില്‍. കോടികള്‍ മുടക്കിയ മാരിയില്‍കടവ് പാലത്തിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. അപ്രോച്ച് റോഡ് പണി ഒന്നുമായിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ ജില്ലാ ജയിലിന്റെ പണി ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. നിര്‍മാണം പൂര്‍ത്തിയായ മുട്ടത്തെ ഐ.എച്ച്.ആര്‍.ഡി കോളജ് കെട്ടിടം അനാഥമായി കിടക്കുന്നു. മുട്ടം പോളിടെക്‌നിക് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണവും നിലച്ചു.
മാരിയില്‍കടവ് പാലം പൂര്‍ത്തീകരണം സ്വകാര്യ വ്യക്തികളും സര്‍ക്കാറും തമ്മിലെ തര്‍ക്കത്തില്‍ കുടുങ്ങി അനന്തമായി നീളുകയാണ്.
മാരിയില്‍കടവില്‍നിന്ന് കാഞ്ഞിരമറ്റത്തേക്ക് എളുപ്പം എത്താന്‍ ഉതകുന്ന പാലത്തിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തീകരിച്ചു. എന്നാല്‍, അപ്രോച്ച് റോഡിന് സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടുനല്‍കിയിട്ടില്ല. അഞ്ചു കോടിയാണ് പാലത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. സ്ഥലം വിട്ടുനല്‍കാന്‍ വ്യക്തികള്‍ തയാറാണെങ്കിലും ഇതിന് അവര്‍ ആവശ്യപ്പെടുന്ന വില നല്‍കാന്‍ സര്‍ക്കാര്‍ തയാറല്ലാത്തതാണ് പ്രശ്‌നം. കലക്ടറുടെ നേതൃത്വത്തില്‍ പി.ജെ. ജോസഫ് എം.എല്‍.എയും സ്ഥല ഉടമകളും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, സ്ഥലത്തിന് സര്‍ക്കാര്‍ നല്‍കുന്ന വിലയെക്കുറിച്ചോ പണം എന്നു നല്‍കുമെന്നതിനെക്കുറിച്ചോ ധാരണയില്‍ എത്താനായില്ല.
കഴിഞ്ഞ ഫെബ്രുവരി 29ന് ഉദ്ഘാടനം ചെയ്ത മുട്ടം ജില്ലാ ജയിലില്‍ മാസം ആറു കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യം ഒരുക്കാനായിട്ടില്ല. അന്ന് മന്ത്രിയായിരുന്ന പി.ജെ. ജോസഫാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വൈദ്യുതീകരണം, കുടിവെള്ള സംവിധാനം, ഉദ്യോഗസ്ഥര്‍ക്ക് ക്വാര്‍ട്ടേഴ്‌സ്, ജീവനക്കാരുടെ നിയമനം തുടങ്ങിയവ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. തറ ടൈല്‍ പാകുന്ന ജോലികളാണ് നടക്കുന്നത്. തൊഴിലാളികളുടെ കുറവുമൂലം പണി ഒച്ചിഴയും വേഗത്തിലാണ്. സെല്ലുകള്‍ പലതും നിര്‍മിച്ചിട്ടില്ല. അറുപതോളം ജീവനക്കാരുടെ നിയമനവും പൂര്‍ത്തിയാകേണ്ടതുണ്ട്. കുടിവെള്ള സംവിധാനം ഒരുക്കാനുള്ള നടപടി പാതിവഴിയിലാണ്. 30 ലക്ഷം മുതല്‍ മുടക്കില്‍ ജില്ലാ ജയിലിനായി മാത്തപ്പാറയില്‍ നിര്‍മിക്കുന്ന കിണറിന്റെയും പമ്പ് ഹൗസിന്റെയും പണി ഏകദേശം പൂര്‍ത്തീകരിച്ചെങ്കിലും പൈപ്പ് ഇടുന്ന ജോലികള്‍ ആരംഭിച്ചിട്ടില്ല. ടാര്‍ റോഡുകള്‍ കുത്തിപ്പൊട്ടിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം ഉള്ളതിനാലാണ് പൈപ്പിടല്‍ നീണ്ടത്. ഇവിടേക്ക് ആവശ്യമായ മോട്ടോറുകളും എത്തിയിട്ടില്ല. എം.വി.ഐ.പിക്കും ജയില്‍ വകുപ്പിനും ഇടയിലെ ആശയക്കുഴപ്പം മൂലവും കുറച്ചുകാലം പണി തടസ്സപ്പെട്ടിരുന്നു.
ഏഴര കോടി വകയിരുത്തി പണിയുന്ന ജില്ലാ ജയിലില്‍ 168 പുരുഷതടവുകാരെയും 27 വനിതാ തടവുകാരെയും പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഉണ്ടാകുക. നിലവില്‍ പുരുഷതടവുകാരെ മൂവാറ്റുപുഴ സബ്ജയിലിലും വനിതാതടവുകാരെ കാക്കനാട് ജയിലിലുമാണ് പാര്‍പ്പിക്കുന്നത്.
2012 ല്‍ ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ട പദ്ധതിയുടെ നിര്‍മാണം ഇനിയും നീളുമെന്നാണ് സൂചന.
വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒളമറ്റത്തെ ഐ.എച്ച്.ആര്‍.ഡി കോളജ് മുട്ടത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ നാമമാത്ര പണി മാത്രം പൂര്‍ത്തീകരിച്ചാല്‍ മതി. നിലവില്‍ മാസം 57,000 രൂപ വാടക നല്‍കിയാണ് ഒളമറ്റത്ത് പ്രവര്‍ത്തിക്കുന്നത്. 90 ശതമാനം പണിയും പൂര്‍ത്തിയായ പോളിടെക്‌നിക് ലേഡീസ് ഹോസ്റ്റലില്‍ അടുക്കള സൗകര്യം മാത്രം ഒരുക്കിയാല്‍ 37 വിദ്യാര്‍ഥിനികള്‍ക്ക് ഇവിടെ താമസിക്കാം.
മലമ്പുഴ മോഡല്‍ എന്ന് അവകാശപ്പെട്ട് ആരംഭിച്ച മലങ്കര ടൂറിസം പദ്ധതി ഫണ്ടിന്റെ അപര്യാപ്തത മൂലം മുടങ്ങിക്കിടക്കുകയാണ്. ഇവിടെ നിര്‍മിച്ച ബോട്ട് ജെട്ടിയില്‍ ഒരു കൊതുമ്പ് വള്ളംപോലും ഇറക്കാനായിട്ടില്ല. ചില പദ്ധതികള്‍ പണത്തിന്റെ അപര്യാപ്തത മൂലം മുടങ്ങുമ്പോള്‍ മറ്റു ചിലതിന് സാങ്കേതിക തടസ്സങ്ങളാണ് വിനയാകുന്നത്. ഈ പദ്ധതികളെല്ലാം യാഥാര്‍ഥ്യമാകണമെങ്കില്‍ ഇനിയും വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."