HOME
DETAILS

സമയത്തിന് മയമില്ല; മായവുമില്ല

  
backup
August 27 2016 | 18:08 PM

%e0%b4%b8%e0%b4%ae%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%af%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b4%be%e0%b4%af%e0%b4%b5%e0%b5%81

കൊട്ടാരപണ്ഡിതന്റെ അന്നത്തെ ഉപദേശം സമയത്തെ സംബന്ധിച്ചായിരുന്നു. പതിവുപോലെ രാജാവിനോട് ചില ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് അന്നും അദ്ദേഹം വിഷയത്തിലേക്കു കടന്നത്. അദ്ദേഹം ചോദിച്ചു: ''രാജാവേ, അങ്ങയുടെ ഈ സാമ്രാജ്യത്തില്‍ ഒരു സെന്റ് ഭൂമി കിട്ടണമെങ്കില്‍ ചുരുങ്ങിയത് എത്ര കൊടുക്കണം.''
''30 ലക്ഷം.'' രാജവ് മറുപടി പറഞ്ഞു.
''ഒരു സെന്റ് ഭൂമിക്ക് 30 ലക്ഷം വരുമെങ്കില്‍ നിങ്ങളുടെ സാമ്രാജ്യത്തിനു മുഴുവന്‍ എത്ര വില വരും?''
''കോടിക്കോടികള്‍...''
''എങ്കില്‍ ഈ ഭൂമി മുഴുവന്‍ വാങ്ങുകയാണെങ്കിലോ...''
''കോടിക്കോടിക്കോടികള്‍...''
''ശരി, ഇനി ഞാന്‍ ചോദിക്കട്ടെ, ആസന്നമരണനായി കിടക്കുന്ന നിങ്ങള്‍ക്കു മുന്നില്‍ രണ്ടാലൊന്നു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണുള്ളതെന്നു വയ്ക്കുക. ഒന്നുകില്‍ ഒരു മണിക്കൂര്‍ സമയം. അല്ലെങ്കില്‍ ഈ ഭൂമി മുഴുവന്‍. ആദ്യത്തേത് തിരഞ്ഞെടുത്താല്‍ ഒരു മണിക്കൂര്‍ നേരം കൂടി ജീവിക്കാം. രണ്ടാമത്തേതു തിരഞ്ഞെടുത്താല്‍ ഈ ലോകം മുഴുവന്‍ ലഭിക്കും. പക്ഷേ, അതനുഭവിക്കാന്‍ ഒരു സെക്കന്റ് പോലും കിട്ടുകയില്ല. നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും? ആദ്യത്തേതോ രണ്ടാമത്തേതോ?
''സംശയമില്ല, ആദ്യത്തേതുതന്നെ തിരഞ്ഞെടുക്കും.''
''എന്നുവച്ചാല്‍ കോടാനുകോടികള്‍ വില വരുന്ന ഭൂമിക്ക് ഒരു മണിക്കൂറിന്റെ വില പോലുമില്ല എന്നര്‍ഥം...രാജാവേ, ഇപ്പോള്‍ മനസിലായല്ലോ സമയത്തിന്റെ വില. സെക്കന്റുകള്‍ക്കുള്ളില്‍ കോടികള്‍ സമ്പാദിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, കോടാനുകോടികള്‍ കൊടുത്താലും ഒരു സെക്കന്റ് പോലും ഉണ്ടാക്കാന്‍ കഴിയില്ല. വില കല്‍പ്പിക്കാനാവാത്ത ഈ അമൂല്യനിധിയെയാണു താങ്കളടക്കം തീരെ വിലകല്‍പ്പിക്കാതെ പാഴാക്കിക്കളയുന്നത്.''
''രാജാവേ, അങ്ങയെ വന്നു സമീപിക്കുമ്പോള്‍ എനിക്ക് ഇപ്പോള്‍ സമയമില്ല എന്നു പറഞ്ഞ് പലരെയും മടക്കി അയക്കുന്ന ദയനീയ കാഴ്ചകള്‍ എനിക്ക് പലപ്പോഴും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ ചോദിച്ചോട്ടെ, സമയമില്ല എന്നു പറയാന്‍ അങ്ങേക്ക് സമയമുണ്ട്. സമയമുണ്ട് എന്നു പറയാന്‍ സമയവുമില്ല. ഇതെന്തൊരു വൈരുധ്യമാണ്. സമയമില്ല എന്നു പറയാന്‍ സമയമുണ്ടെങ്കില്‍ സമയമില്ല എന്ന പ്രതികരണം കളവാകില്ലേ. സമയമില്ലെന്നു പറയുന്ന സമയംകൊണ്ട് ഉത്തരവാദിത്തം നിര്‍വഹിച്ചിരുന്നെങ്കില്‍ അങ്ങേക്ക് ആ സമയം നഷ്ടപ്പെടുമായിരുന്നോ? സമയമില്ല എന്നു പറഞ്ഞ് സമയം കളയുന്നതെന്തിനാണ്?''
''രാജാവേ, ദിവസവും ഒരു മണിക്കൂര്‍ മാത്രമേ പാഴാക്കിക്കളയാറുള്ളൂ എന്ന് അങ്ങ് പറഞ്ഞു. ഒരു ദിവസം ഒരു മണിക്കൂര്‍ പാഴാക്കുക എന്നു പറഞ്ഞാല്‍ ഒരു വര്‍ഷത്തില്‍ 365 മണിക്കൂര്‍ പാഴാക്കുക എന്നാണതിനര്‍ഥം! 365 മണിക്കൂര്‍ എന്നാല്‍ എന്തെല്ലാം നിര്‍മാണാത്മകമായ കാര്യങ്ങള്‍ ചെയ്യാന്‍ പര്യപ്തമായ സമയമാണെന്നോര്‍ത്തു നോക്കൂ. ലോകം മുഴുവന്‍ പകരമായി കൊടുത്താലും ഇതില്‍ ഒരംശംപോലും വിലയ്ക്കു വാങ്ങാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യം കൂടി ഇതിനോട് കൂട്ടിവായിക്കണം..''
''രാജാവേ, അങ്ങയെ പലരും പല സദസുകളിലേക്കും ക്ഷണിക്കാറുണ്ട്. അങ്ങ് വരുന്നുണ്ടെന്നു കണ്ടാല്‍ പതിനായിരങ്ങളും ലക്ഷങ്ങളുമാണ് തടിച്ചുകൂടാറുള്ളത്. പക്ഷേ, കൃത്യസമയത്ത് പലപ്പോഴും വേദിയിലെത്താറില്ലെന്നത് വേദനാജനകമായ കാര്യമാണ്. വൈകിയെത്തുന്നത് ജനങ്ങളുടെ ആകാംക്ഷ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് അങ്ങ് ധരിച്ചുവച്ചിരിക്കുന്നത്. ഞാന്‍ പറയട്ടെ, പതിനായിരമാളുകള്‍ തടിച്ചുകൂടിയ ഒരു സദസിലേക്ക് ഒരു മണിക്കൂര്‍ വൈകിയാണ് അങ്ങ് എത്തുന്നതെങ്കില്‍ അവിടെ അങ്ങ് നഷ്ടപ്പെടുത്തുന്നത് കേവലം ഒരു മണിക്കൂറല്ല, 10000 പേരുടെ ഒരു മണിക്കൂറാണ്. അഥവാ, 10000 മനുഷ്യമണിക്കൂറുകള്‍..! ആലോചിച്ചുനോക്കൂ, നിസാര കാര്യമാണോ അത്?''
''രാജാവേ, സമയത്തിന്റെ വിലയറിഞ്ഞവര്‍ ഒരിക്കലും അതിനെ പാഴാക്കിക്കളഞ്ഞിട്ടില്ല. വിലയറിഞ്ഞവര്‍ക്ക് അതു പാഴാക്കിക്കളയാന്‍ മനസ് വരില്ല എന്നതാണു കാരണം. ഒരാള്‍ കോടീശ്വരനാണെങ്കിലും ഒരു പൈസ പോലും അനാവശ്യമായി അയാള്‍ വലിച്ചെറിയില്ലല്ലോ. കാരണം, പണത്തിന്റെ വില അയാള്‍ക്കറിയാം...എന്നതുപോലെ സമയത്തിന്റെ വിലയറിഞ്ഞവന്‍ ഒരു നിമിഷംപോലും പാഴാക്കിക്കളയില്ല. അങ്ങ് സമയം കളയുന്നുണ്ടെങ്കില്‍ സമയത്തിന്റെ വില അറിയാത്ത ഹതഭാഗ്യനാണ് അങ്ങ്. ഒരു നിമിഷം പോലും പാഴാക്കാതെ ഉപയോഗപ്പെടുത്തുന്നയാളാണെങ്കില്‍ അങ്ങ് വിജയിയും വിവേകശാലിയുമാണ്.''
''രാജാവേ, ഒരു മയവും മായവുമില്ലാത്ത സാധനമാണ് സമയം. നീട്ടിയാല്‍ നീളുകയും ചുരുക്കിയാല്‍ ചുരുങ്ങുകയും ചെയ്യുന്ന ഇലാസ്തികസ്വഭാവം അതിനില്ല. ചിലപ്പോള്‍ ഒരു മൈക്രോ സെക്കന്റ് കൂടി കിട്ടിയിരുന്നെങ്കില്‍ സ്വര്‍ണപ്പതക്കം നഷ്ടമാകില്ലായിരുന്നവരുണ്ടാകാം. ഒരു സെക്കന്റ് കൂടി കിട്ടിയിരുന്നെങ്കില്‍ ജീവന്‍ തിരിച്ചു ലഭിക്കുമായിരുന്നവരുണ്ടാകാം. ഒരഞ്ചു മിനിറ്റു കൂടി കിട്ടിയിരുന്നെങ്കില്‍ ഒരു വര്‍ഷം വെറുതെ നഷ്ടപ്പെടില്ലായിരുന്നു എന്ന് ചിന്തിക്കുന്നവരുണ്ടാകാം. പക്ഷേ, പറഞ്ഞിട്ടെന്ത്? സമയത്തിന് എല്ലാവരും തുല്യം. ആര്‍ക്കുവേണ്ടിയും അതു കാത്തുനില്‍ക്കില്ല. ആരോടും പ്രത്യേകവിവേചനവും കാണിക്കില്ല. അതിന്റെ നിലപാടുകള്‍ കണിശമാണ്. സഞ്ചാരങ്ങള്‍ കൃത്യമാണ്. ഒരു മായവും അതിലുണ്ടാകില്ല. ആര്‍ക്കും അതുവച്ച് മായം കളിക്കാനുമാകില്ല. പലതിനും ഡ്യൂപ്ലിക്കേറ്റുകളുണ്ടെങ്കിലും സമയത്തിന് ഡ്യൂപ്ലിക്കേറ്റുണ്ടാക്കാനാവില്ല.''
''രാജാവേ, കാലവും തിരമാലയും ആരെയും കാത്തുനില്‍ക്കുന്നില്ലെന്ന ആംഗലമൊഴി അങ്ങ് ഓര്‍ക്കുന്നുണ്ടാകും. സമയത്തിന്റെ സഞ്ചാരവേഗത പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഇപ്പോള്‍ സമയമെത്രയായി എന്ന് ചോദിച്ചാല്‍ അതിനുത്തരം പറയുമ്പോഴേക്കും നിമിഷങ്ങള്‍ മാറിക്കഴിഞ്ഞിട്ടുണ്ടാകും. ഇപ്പോള്‍ എത്രയായി എന്ന ചോദ്യത്തിന് ഏകദേശം പറയാന്‍ കഴിയുമെന്നല്ലാതെ കൃത്യം പറയാന്‍ കഴിയില്ല എന്നര്‍ഥം. അത്രയ്ക്കു വേഗതയിലാണു സയമത്തിന്റെ പോക്ക്. പോയാല്‍ പോയതു തന്നെ. പിന്നീട് അതൊരിക്കലും തിരിച്ചുവരികയുമില്ല. അതിനാല്‍ സമയത്തിന്റെ കൂടെ ഓടുകയല്ലാതെ രക്ഷയില്ല. എന്നാല്‍ തന്നെ എപ്പോഴും സഹസഞ്ചാരത്തിനു കഴിയുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. 'സമയത്തിന്റെ ഒപ്പമെത്താന്‍ ഞാന്‍ തുടരെത്തുടരെ ഓടുന്നു. പക്ഷേ, ജയിക്കുന്നതെപ്പോഴും സമയമാണ്'എന്നത്രേ ദിവസവും 17 മണിക്കൂര്‍ ജോലി ചെയ്യുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുപോലും പറഞ്ഞത്. കൂടെ ഓടാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നാലെ നടക്കാന്‍ തന്നെയങ്കിലും അങ്ങേക്ക് ചുരുങ്ങിയതു കഴിയണം. ഓരിക്കലും ഒച്ചിനെ പോലെ ഇഴയരുത്. സമയം ഓടുമ്പോള്‍ അങ്ങ് ഇഴഞ്ഞുനീങ്ങിയാല്‍ നൂറിന്റെ നിറവിലെത്തിയാലും ഒരു വര്‍ഷമോ രണ്ടു വര്‍ഷമോ മാത്രമായിരിക്കും അങ്ങ് ജീവിതം ജീവിച്ചിട്ടുണ്ടാവുക. അങ്ങയുടെ കാലഘട്ടത്തില്‍ സമയം 100 വര്‍ഷം വരെ മുന്നോട്ടു പോയി എന്നേ പറയാന്‍ പറ്റൂ. അങ്ങ് 100 വര്‍ഷം ജീവിച്ചു എന്നു പറയാനാകില്ല. ആയുസ് എന്നാല്‍ ഒരാള്‍ എത്ര കാലം ജീവിച്ചു എന്നതിനു പറയുന്ന പേരല്ല. എത്രകാലം കര്‍മങ്ങള്‍ ചെയ്തു ജീവിച്ചു എന്നതിനു പറയുന്ന പേരാണ്.''
''രാജാവേ, സമയം പാഴാക്കാതിരുന്നാല്‍ സമയം നമ്മെയും പാഴാക്കില്ല. നമ്മള്‍ മരിച്ചാലും നമ്മുടെ സ്മരണ മരിക്കാതെ നിലനില്‍ക്കും. നമ്മള്‍ ജീവിച്ചു എന്നതിന് എന്തെങ്കിലും ഒരു അടയാളം ജീവിതകാലത്ത് ഉണ്ടാക്കിവയ്ക്കണം. നാമാവശേഷമായാലും നാമം അവശേഷിക്കുന്ന വിധത്തിലുള്ള ഒരു അടയാളം. മീസാന്‍ കല്ലുകള്‍ നമ്മള്‍ ജീവിച്ചിരുന്നു എന്നതിനു തെളിവല്ല, മരിച്ചു എന്നതിനുള്ള തെളിവാണ്.''
സമയദൈര്‍ഘ്യം ഭയന്ന് പണ്ഡിതന്‍ തല്‍ക്കാലം തന്റെ വാക്കുകള്‍ക്ക് വിരാമമിട്ടു. അപ്പോഴേക്കും രാജാവിന്റെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. നഷ്ടപ്പെടുത്തിയ നിമിഷങ്ങളെയോര്‍ത്താണോ അതോ ഇനിയുള്ള നിമിഷങ്ങളെ ഉപയോഗപ്പെടുത്താന്‍ പ്രചോദനം ലഭിച്ചതിന്റെ സന്തോഷത്തിലാണോ ആ കരച്ചില്‍ എന്നറിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  23 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  23 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  23 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  23 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  23 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  23 days ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  23 days ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago