സുന്നി ഇസ്‌ലാമും നാസ്തിക സംവാദവും
കേരളത്തിലെ പാരമ്പര്യ മതപാഠശാലകളുടെ പ്രതിനിധിയും എസ്.കെ.എസ്.എസ്.എഫിന്റെ സാംസ്‌കാരിക, ബൗദ്ധിക വിഭാഗമായ മനീഷയുടെ സ്റ്റേറ്റ് ചെയർമാനുമായ ശുഐബുൽ ഹൈത്തമി നാസ്തിക വിഭാഗംപ്രതിനിധിയുമായി കഴിഞ്ഞ ദിവസം സംവാദം നടത്തുകയുണ്ടായി. ഇതിലൂടെ കേരളത്തിലെ നാസ്തിക കേന്ദ്രങ്ങളുടെ നിലവാരമെന്തെന്ന് പൊതുസമൂഹത്തിനു വ്യക്തമായി. കേരളത്തിലെ പാരമ്പര്യ മതസ്ഥാപനങ്ങളിലുംപ്രാസ്ഥാനികത്തിലുമുള്ള തലേക്കെട്ട് കെട്ടുന്ന പുതിയ തലമുറയോട് സംവദിക്കാനുള്ള ബൗദ്ധികജ്ഞാനവും ഭാഷയും നാസ്തിക സംഘങ്ങൾക്ക് ഇല്ലെന്ന തെളിയിക്കലാണ് പ്രധാനമായും അവിടെ നടന്നത്.
പ്രസ്തുത സംവാദം പോലെ അനിവാര്യഘട്ടങ്ങളിൽ നാസ്തിക വേദികളിൽ പോയി 'കീടനാശിനി' പ്രയോഗം നടത്താൻ കേരളത്തിലെ പാരമ്പര്യ മതപാഠശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന തലപ്പാവ് ധരിച്ച പണ്ഡിത വിദ്യാർഥികൾക്ക് ശേഷിയുണ്ട് എന്നതിൽ ആർക്കും തർക്കമില്ല. ലിബറലിസത്തെയും ആധുനികതാ വാദങ്ങളെയും മതനിരാസത്തെയും അനുബന്ധ നവനാസ്തികതയെയും ഒക്കെ വേണ്ടവിധം മനസ്സിലാക്കിയവരാണിവർ. ഈ ആയുധങ്ങളൊക്കെ കൈവശമുണ്ടെങ്കിലും മതവുമായി ബന്ധപ്പെട്ട സുന്നി ഇസ്‌ലാമിന്റെ വ്യവഹാരങ്ങൾ സ്വന്തം ഹൃദയത്തിൽ അല്ലാഹുവിനെ സ്ഥാപിക്കലിനെ കേന്ദ്രീകരിച്ചുള്ളതാണ്. യുക്തിയും ഫിലോസഫിയും പണ്ഡിതവ്യവഹാരമായി പണ്ഡിത വിദ്യാർഥികൾക്കിടയിൽ നിലനിൽക്കുകയാണ് അതിന്റെ രീതി. പൊതുനിരത്തിൽ അല്ലാഹു ഉണ്ടെന്ന് തെളിയിക്കലിൽ അല്ല അല്ലാഹുവിനെക്കുറിച്ചുള്ള ചിന്ത അധികരിപ്പിക്കലാണ് സുന്നി വ്യവഹാരങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചിട്ടുള്ളത്. ഉണ്ടെന്നു തെളിയിക്കൽ അല്ലാഹു അറിവാകലാണ്, ചിന്ത അധികരിപ്പിക്കൽ അല്ലാഹു ബോധമാവലാണ്.
പ്രത്യയശാസ്ത്രപരമോ വർഗപരമോ ആയ ബാഹ്യ ശസ്ത്രുവിനോടുള്ള സംഘട്ടനത്തിൽ കേന്ദ്രീകൃതമല്ല പാരമ്പര്യ ഇസ്‌ലാം. ആളുകളുടെ ആന്തരികബോധവും അതിൽ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. സലഫി(മുജാഹിദ്) ഇസ്‌ലാമിൽ നിന്ന് വ്യത്യസ്തമായി ഇഷ്ഖിനും അതിലൂടെയുള്ള വൈകാരികതക്കും സുന്നി ഇസ്‌ലാമിലുള്ള പ്രാധാന്യമാണ് സുന്നി വ്യവഹാരങ്ങളിൽ എന്നും ഉയർന്നുനിൽക്കാറുള്ളത്. ഉദാഹരണത്തിന് മദീനയിലാണോ മക്കയിലാണോ നിസ്‌കാരത്തിന് കൂടുതൽ പ്രതിഫലം എന്ന കണക്ക് നോക്കിയല്ല ഞാൻ അറിയുന്ന സുന്നികൾ ആരും മദീനയിൽ പോകുന്നത്. അത് നബി(സ)യുമായുള്ള വൈകാരിക ബന്ധമാണ്. അവിടെ അവർ ആരാധനയുടെ പ്രതിഫലം എന്ന ലോജിക്കിനെയല്ല അധികമായി ഉപയോഗിക്കുന്നത്. സുന്നി ഇസ്‌ലാം കേവല യുക്തിയുടെ ലോകത്തല്ല മുഖ്യവ്യവഹാരം നടത്തുന്നത് എന്നാണ് പറഞ്ഞുവരുന്നത്.
സലഫി ഇസ്‌ലാം നിലവിലെ പാരമ്പര്യത്തോട് കലഹിച്ചു രൂപപ്പെട്ടതാണ്. ഒരു സംവാദപ്രിയത അതിൽ സ്വാഭാവികമായും ഉണ്ടാവും. മാത്രമല്ല, യുക്തിയും ഡാറ്റയും അതിന്റെ മുഖ്യ ആയുധങ്ങളായിരിക്കും. സലഫി പണ്ഡിതർ മതപ്രഭാഷണങ്ങളിൽ കുറെ ഡാറ്റകൾ പറയും. സുന്നികളുടെ പ്രഭാഷണങ്ങളിൽ പ്രാർഥനയും ദിക്‌റുകളും പ്രവാചക പ്രകീർത്തനങ്ങളുമായിരിക്കും കൂടുതൽ ഉണ്ടാവുക. സലഫി ഇസ്‌ലാം അതിന്റെ സംഘടനാ സംവിധാനത്തിന്റെ മുഖ്യഭാഗംതന്നെ യുക്തിവാദ സംവാദം, ബാഹ്യ ശത്രുവിനോടുള്ള സംഘട്ടനം എന്നിവയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കാം. അതിനെ മാതൃകയാക്കാൻ സുന്നികൾ ശ്രമിക്കാറില്ല. കാരണം ഈ രണ്ടിലും പ്രവർത്തിക്കുന്നത് രണ്ട് രീതിശാസ്ത്രങ്ങളാണ്. അതാണ് പ്രാധാനമായും സുന്നി, സലഫി വ്യവഹാരങ്ങളെ വ്യത്യസ്തമാക്കുന്നത്. അഥവാ, അല്ലാഹു അറിവാകലിന്റെ ലോകത്താണ് യുക്തിയുള്ളത്.ജലാലുദ്ദീൻ റൂമി അല്ലാഹുവിലേക്കുള്ള യാത്രയെ വിവരിക്കുന്നത് പ്രസ്തുത രീതിയിലാണ്. രാജാവിനെ കാണാനുള്ള യാത്രയിൽ കൊട്ടാരത്തിന്റെ മതിൽകെട്ടിന് മുന്നിലെത്താനാണ് യുക്തിയെന്ന കുതിര സഹായിക്കുക. അത് ദിശ ഏതാണെന്ന് ബോധ്യപ്പെടാൻ നമ്മെ സഹായിച്ചേക്കാം. എന്നാൽ പിന്നീട് അകത്തേക്കുള്ളത് കുതിരയിൽ നിന്നിറങ്ങിയുള്ള യാത്രയാണ്. ആ യാത്ര അല്ലാഹു അറിവാകലിലേക്കുള്ളതല്ല, അത് അല്ലാഹു ബോധമാവലിലേക്ക് നയിക്കുന്ന യാത്രയാണ്. അല്ലാഹു ബോധമാവുന്ന പ്രക്രിയയാണ് നമ്മുടെ മജ്‌ലിസുകളിലൂടെ വിതരണം ചെയ്യപ്പെടുന്നത്. ദൈവമുണ്ട് എന്നതിനുള്ള ഫിലോസോഫിക്കൽ വാദങ്ങൾ കുറെയധികം പഠിച്ചതുകൊണ്ട് ഒരാളുടെ ഖൽബിൽ അല്ലാഹു എന്ന ബോധം ഉറച്ചുകിട്ടില്ല. അതെല്ലാം വാതിലേതാണെന്ന ലോകത്തുള്ള സംവാദങ്ങൾ മാത്രമാണ്. അത് ദിശ തിരിയാൻ സഹായിക്കുകയും ചെയ്‌തേക്കാം. ദിശ തിരിഞ്ഞവരുടെ പിന്നീടുള്ള യാത്രയിലാണ് സുന്നി പണ്ഡിതർ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. സംവാദങ്ങളെ അനിവാര്യഘട്ടങ്ങളിലെ കീടനാശിനി പ്രയോഗങ്ങൾക്ക് ഉപയോഗിച്ചെന്ന് വരാം. അത് കഴിയുന്നതോടെ നമ്മൾ ആ വിഷയം വിടും.
അല്ലാഹു ബോധമാവലിലേക്കുള്ള ഏറ്റവും മികച്ച മാർഗം സൂഫി ഗുരുക്കന്മാരിലേക്ക് ചേരലാണ്. ദിക്ർ മജ്‌ലിസുകളിലൂടെയും പ്രവാചക പ്രകീർത്തനങ്ങളിലൂടെയും ഭാഗമാവലാണ്. ഖുർആൻ പാരായണം, സുന്നത്തുകൾ അധികരിപ്പിക്കൽ തുടങ്ങിയവയെല്ലാം അല്ലാഹു അറിവാകലിന്റെ അവസ്ഥയിൽനിന്ന് അല്ലാഹു ബോധമാവലിലേക്ക് മനുഷ്യനെ നയിക്കുന്നതാണ്. സുന്നികൾക്കിടയിൽ നടക്കുന്ന മതപ്രഭാഷണ സദസുകളെ പരിശോധിച്ചാലും അത് ബോധ്യമാവും. ഡാറ്റയും തിയറിയും പറയുന്നതിനേക്കാൾ ദുആയിലും ദിക്‌റുകളിലും പ്രവാചക പ്രണയകാവ്യങ്ങളിലും പ്രകീർത്തനങ്ങളിലും ഇബാദത്തുകളെ കുറിച്ചുമുള്ള ഉൽബോധനങ്ങളിലുമായിരിക്കും അത് അടിസ്ഥാനപ്പെടുത്തിയിട്ടുണ്ടാവുക.
സംവാദം നടന്നുകഴിഞ്ഞു. കേരളത്തിലെ മതപാഠശാലകളുടെ അകത്തളങ്ങളിലുള്ളവർക്ക് ഫിലോസഫി തിരിയാത്തതുകൊണ്ടല്ല ഈ പണിക്ക് ഇറങ്ങാത്തതെന്ന് ബോധ്യപ്പെടുത്തി. ഏറ്റുമുട്ടലുകൾ എപ്പോഴും കാണികൾക്ക് ആവേശം പകരുന്നതായിരിക്കാം. എന്നാൽ ഇത്തരം നാസ്തിക-വിശ്വാസി മൽപ്പിടുത്തം സുന്നി സമൂഹത്തിന്റെ ദൈനംദിന വ്യവഹാരങ്ങളിൽ കേറിവരാതെ നോക്കിക്കൊണ്ടാണ് ഇവിടെ പണ്ഡിത നേതൃത്വം സുന്നി സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്. ഹബീബിനെ ചീത്ത വിളിക്കുന്ന സദസ്സുകളിൽ കേൾക്കാനാണെങ്കിലും നമ്മൾ പോയിരിക്കേണ്ടതില്ല. ബൗദ്ധിക വ്യവഹാരമെന്ന നിലയിൽ പണ്ഡിതർ ഇടപെടുന്നെന്ന് കരുതി മറ്റുള്ളവർ അതിൽ വ്യാപകമായി ഇടപെടേണ്ടതില്ല. പാരമ്പര്യരീതിതന്നെ തുടരണം. സഹോദര മതസ്ഥരുമായുള്ള സംവാദം നടത്തേണ്ടിവന്ന അനിവാര്യഘട്ടത്തിൽ ശംസുൽ ഉലമ സംവാദം തുടങ്ങിയത് 'ഇത് ഞങ്ങളുടെ രീതിയല്ല' എന്ന് ആമുഖം പറഞ്ഞുകൊണ്ടാണ്.
യുക്തി(റാഷണാലിറ്റി) എല്ലാറ്റിന്റെയും മുകളിൽ പ്രധാനമായിവരുന്ന വ്യവഹാരങ്ങൾ ആധുനികതയുടെ സൃഷ്ടിയാണ്. സംസ്‌കാരങ്ങളും അതുപോലെ മതങ്ങളും പ്രധാനമായും പ്രകടമാക്കിയത് അതിന്റെ ഭംഗിയാണ്. നമുക്ക് ദൈനംദിന വ്യവഹാരങ്ങങ്ങളിലേക്ക് തന്നെ പോകാം. കാരണം പ്രതിനിധാനം ചെയ്യുന്നത് കേരള മുസ്‌ലിംകളുടെ 90% ത്തെയുമാണ്. മതം മനുഷ്യന്റെ ഹൃദയത്തോട് ഇടപെടലുകൾ നടത്തുന്നുണ്ട്. വിശ്വാസിയുടെ അനുഭവലോകത്ത് അത് യാഥാർഥ്യമായതിനാലാണ് നാസ്തികതയെക്കാൾ ആയിരം മടങ്ങു മനോഹരമായി അതിജീവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."