പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത്ത് സിങ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; രാഹുല്‍ പങ്കെടുക്കും
ന്യൂഡല്‍ഹി: പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരണ്‍ജിത്ത് സിങ്ങ് ചന്നി ഇന്ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേല്‍ക്കും . രാവിലെ പതിനൊന്ന് മണിക്ക് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക .
ഇതിന് ശേഷം മന്ത്രിസഭ അംഗങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളും ആരംഭിക്കും. ഉപമുഖ്യമന്ത്രിമാരെയും ഇന്ന് പ്രഖ്യാപിച്ചേക്കും. സുഖ് ജിന്തര്‍ സിംഗ് രണ്‍ധാവെ, ബ്രഹ്മ് മൊഹീന്ദ്ര എന്നിവരാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കി നില്‍ക്കെ പഞ്ചാബിലെ പ്രധാന വോട്ട് ബാങ്കായ സിക്ക് ദലിത് വിഭാഗത്തിന് പ്രാതിനിധ്യം നല്‍കിയാവും മന്ത്രിസഭ രൂപീകരിക്കുക.
അമരീന്ദര്‍ സിങ് മന്ത്രിസഭയിലെ ചില മുതിര്‍ന്ന മന്ത്രിമാരെ നിലനിര്‍ത്താനും ഹൈക്കമാന്‍ഡ് തലത്തില്‍ തീരുമാനമായതായാണ് വിവരം.
രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ. ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കെടുക്കും. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനേയും ക്ഷണിച്ചിട്ടുണ്ട്.
പഞ്ചാബിന്റെ ആദ്യ ദലിത് മുഖ്യമന്ത്രിയായാണ് ചരന്‍ സിംഗ് ചന്നി ചുമതലയേല്‍ക്കുന്നത്. രാജ്യത്ത് ഏറ്റവും അധികം ദലിത് വിഭാഗം താമസിക്കുന്ന സംസ്ഥാനം കൂടിയാണ് പഞ്ചാബ്.
ദലിത് വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയെ പഞ്ചാബില്‍ നിയോഗിക്കുന്നതിന്റെ അലയൊലി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും ഗുണകരമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.കേരളത്തിലെ തലമുറ മാറ്റത്തിനു ശേഷം ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടല്‍ കൂടിയാണ് പഞ്ചാബില്‍ കണ്ടത്. മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തിയാണ് ദോബ,മാള്‍വ മേഖലയില്‍ മാത്രം സ്വാധീനമുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."