മുറിവേറ്റ ഫലസ്തീൻ കുഞ്ഞുങ്ങളുമായി യുഎഇയിലേക്ക് പറന്ന് ഗസ്സയിലെ ഉമ്മമാർ; ചികിത്സക്കായി നിരവധി കുഞ്ഞുങ്ങളെ എത്തിച്ച് യുഎഇ
മുറിവേറ്റ ഫലസ്തീൻ കുഞ്ഞുങ്ങളുമായി യുഎഇയിലേക്ക് പറന്ന് ഗസ്സയിലെ ഉമ്മമാർ; ചികിത്സക്കായി നിരവധി കുഞ്ഞുങ്ങളെ എത്തിച്ച് യുഎഇ
ദുബൈ: തന്റെ മൂന്ന് വയസ്സുള്ള മകൻ അഹമ്മദ് ഒടുവിൽ സുരക്ഷിത സ്ഥാനത്ത് ആശ്വാസത്തിലാണ് ഫലസ്തീനിയൻ മാതാവ് റിനാദ്. ഇസ്‌റാഈൽ ഫലസ്തീൻ മണ്ണിൽ നടത്തുന്ന വംശഹത്യയിൽ പരിക്കേറ്റ ഗസ്സയിലെ കുട്ടികളെയും സ്ത്രീകളെയും ചികിത്സയ്ക്കായി അബുദാബിയിലേക്ക് കൊണ്ടുവന്ന ആദ്യ ബാച്ചിലെ അംഗങ്ങളാണ് അഹമ്മദും റിനാദും. മുറിവേറ്റ ഫലസ്തീൻ ജനതക്ക് ചികിത്സ നൽകുന്നതിനായുള്ള യുഎഇയുടെ ഉദ്യമത്തിന്റെ ഭാഗമായാണ് ആളുകളെ യുഎഇയിൽ എത്തിക്കുന്നത്.
ഇസ്‌റാഈൽ-ഹമാസ് യുദ്ധം ഏഴാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും 1.5 ദശലക്ഷം ആളുകൾ പലായനം ചെയ്യുകയും ചെയ്തു. വീട്ടിൽ അവർ അനുഭവിച്ച ഭീകരതയെക്കുറിച്ച് പറഞ്ഞ റിനാദ് ഖലീജ് ടൈംസിനോട് പറഞ്ഞു. "ഗസ്സ പൂർണ്ണമായും നശിച്ചു. എല്ലാ ആശുപത്രികളും സ്കൂളുകളും വീടുകളും ബോംബെറിഞ്ഞു. അവിടെ ഞങ്ങൾക്കായി ഒന്നും അവശേഷിക്കുന്നില്ല." - അവർ പറഞ്ഞു
ഈ മാസം ആദ്യം, യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പരിക്കേറ്റ 1,000 ഫലസ്തീൻ കുട്ടികളെ യുഎയിലെത്തിച്ച് വിവിധ എമിറേറ്റുകളിലെ ആശുപത്രികളിൽ അവർ പൂർണ്ണമായി സുഖം പ്രാപിക്കുന്നതുവരെ ചികിത്സ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ നടപടിയുടെ ഭാഗമായാണ് കുട്ടികളെയും കൂടെ അവരുടെ മാതാവിനെയും യുഎഇയിലെത്തിക്കുന്നത്.
ഫലസ്തീനികളുടെ മാനുഷിക ആവശ്യങ്ങളോട് പ്രതികരിച്ച ഏതാനും രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. ഗസ്സയ്ക്ക് വേണ്ടി തരാഹൂം (കരുണ) എന്ന പേരിൽ കാമ്പെയ്‌ൻ ആരംഭിച്ചാണ് യുഎഇ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ടൺ കണക്കിന് ജീവൻരക്ഷാ സഹായങ്ങൾ പായ്ക്ക് ചെയ്ത് ഗസ്സയിലേക്ക് ഇതിനോടകം എത്തിച്ച് കഴിഞ്ഞു.
1,000 ഫലസ്തീൻ കുട്ടികൾക്ക് പുറമേ, ഗസ്സ മുനമ്പിൽ നിന്ന് 1,000 ഫലസ്തീൻ കാൻസർ രോഗികളെയും യുഎഇയിലേക്ക് കൊണ്ടുവരും. ഇതിന് പുറമെ ഗസ്സയിൽ തന്നെ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തനവും യുഎഇ ആരംഭിച്ചിട്ടുണ്ട്. 150 കിടക്കകളുള്ള ആശുപത്രിയിൽ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."