പണിമുടക്കാം, പൂക്കളമിടാന്‍ സമയമില്ല: മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി കുമ്മനം
തിരുവനന്തപുരം: മാധ്യമങ്ങളുടെ കൈയടികിട്ടാന്‍ വേണ്ടി ചില പ്രസ്താവനകള്‍ ഇറക്കാനേ മുഖ്യമന്ത്രി പിണറായി വിജയന് കഴിയൂ എന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. അതിന്റെ ഭാഗമായാണ് ജോലി സമയത്ത് ഓണാഘോഷം വേണ്ടെന്ന് പിണറായി വിജയന്‍ നിര്‍ദേശിച്ചത്. എന്നാല്‍, സ്വന്തം പാര്‍ട്ടി നയിക്കുന്ന യൂനിയനിലെ ഉദ്യോഗസ്ഥ പ്രഭുക്കള്‍ പറയുന്നതു മാത്രമേ സെക്രട്ടേറിയറ്റില്‍ നടക്കൂ എന്നതാണ് വാസ്തവമെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് 24 മണിക്കൂര്‍ ജോലി സ്തംഭനത്തിന് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രി ഓണപ്പൂക്കളം ഇടുന്നതിന്റെ പേരില്‍ ഒരു മണിക്കൂര്‍ നഷ്ടമാകുന്നതിനെപ്പറ്റി വേവലാതി കൊള്ളുന്നത് അത്ര നിഷ്‌കളങ്കമാണെന്ന് പറയാനാവില്ല. തലചായ്ക്കാന്‍ ഒരുകൂര വയ്ക്കാന്‍ രണ്ടുസെന്റ് ഭൂമിക്കുവേണ്ടി നെയ്യാറ്റിന്‍കര അരുമാനൂര്‍ സ്വദേശി ചെല്ലമ്മയെന്ന വൃദ്ധ ദിവസങ്ങളോളം മുഖ്യമന്ത്രിയുടെ ഓഫിസ് കയറിയിറങ്ങിയ സംഭവം പുറത്തുവന്നത് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ്. 80 വയസുള്ള ചെല്ലമ്മയുടെ കയ്യില്‍ നിന്ന് അപേക്ഷ വാങ്ങാന്‍പോലും ഇതേ മുഖ്യമന്ത്രിയുടെ ഓഫിസിലെ ജീവനക്കാര്‍ തയാറായില്ല എന്നത് ഞെട്ടലോടെയാണ് കേരളം കേട്ടതെന്നും കുമ്മനം പറഞ്ഞു. സാധാരണക്കാര്‍ നരകിക്കരുത് എന്ന് മുഖ്യമന്ത്രിയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍ ആദ്യം നിലയ്ക്ക് നിര്‍ത്തേണ്ടത് സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്‍മാരെയാണ്. അല്ലാതെ ദേശീയ ഉത്സവമായ ഓണാഘോഷത്തിന്റെ നന്മയെ ഇല്ലാതാക്കി നാടിന്റെ ഐക്യം തകര്‍ക്കലല്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."