വിവാഹമോചനം മോചനമാണോ?
ഉൾക്കാഴ്ച
മുഹമ്മദ്
ഭാര്യയുടെ മോശംസ്വഭാവം സഹിക്കവയ്യാതായിട്ട് നാളുകളായെന്നാണ് അദ്ദേഹം പറയുന്നത്. ഇനി അവളുമായി ഒത്തുപോകാൻ പ്രയാസമുണ്ടെന്നും മൊഴിചൊല്ലിയൊഴിവാക്കുകയല്ലാതെ വഴിയില്ലെന്നും പറഞ്ഞ് അദ്ദേഹം അയൽവാസിയെ സമീപിച്ചു. അപ്പോൾ ബുദ്ധിമാനായ അയൽവാസി അദ്ദേഹത്തെ ശാന്തനാക്കിയിട്ടു ചോദിച്ചു: ‘നിങ്ങൾ വാങ്ങിയ വാഹനത്തിനു വല്ല ന്യൂനതയും കണ്ടാൽ നിങ്ങളതു വലിച്ചെറിയുമോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല...’
‘തല്ലിപ്പൊളിക്കുമോ?...’
‘ഇല്ല...’
‘പിന്നെ എന്താണു ചെയ്യുക?’
‘നന്നാക്കിയെടുത്ത് ഉപയോഗിക്കും...’
‘എങ്കിൽ, ജീവനില്ലാത്ത ഒരു കാറിനോടു കാണിക്കുന്ന സന്മനസെങ്കിലും നിങ്ങൾ ഭാര്യയോടു കാണിക്കണം. അവളിൽ വല്ല ന്യൂനതയുമുണ്ടെങ്കിൽ അവളെ ഒഴിവാക്കുകയല്ല, ആ ന്യൂനത വലുതാക്കുകയുമല്ല, നന്നാക്കിയെടുക്കുകയാണു വേണ്ടത്. സ്വയം നന്നാക്കാനാകുമെങ്കിൽ അതു ചെയ്യാം. കഴിയില്ലെങ്കിൽ വർക്ക്ഷോപ്പുകൾ അനേകമുണ്ട്. പ്രശ്നങ്ങൾക്കു പരിഹാരം നിർദേശിക്കാൻ കഴിവുള്ള അനേകമാളുകൾ നമുക്കിടയിൽ സുലഭമാണ്. വേണമെങ്കിൽ അവരെ സമീപിക്കാം.
മുമ്പ് രണ്ടു ദമ്പതികളെ കുറിച്ച് പറഞ്ഞതോർമയില്ലേ. പ്രായമേറെയായിട്ടുണ്ടെങ്കിലും ആ ദമ്പതികൾ ഒന്നിച്ചാണ് ഇപ്പോഴും ഉറങ്ങുന്നത്. ഒന്നിച്ചാണവർ ഉണ്ണുന്നത്. നർമം കലർത്തിയാണ് സംസാരിക്കുന്നത്. ചാനൽ പ്രതിനിധി വലിയ അത്ഭുതത്തിൽ അവരോട് ചോദിച്ചു: ‘ഈ പ്രായത്തിലും യുവമിഥുനങ്ങളെപ്പോലെ കഴിയാൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നു?’
അതിനവർ പറഞ്ഞ മറുപടി ഇങ്ങനെയാണ്: 'കേടുവന്നാൽ വലിച്ചെറിയുന്നവരല്ല, നന്നാക്കിയെടുക്കുന്നവരാണ് ഞങ്ങൾ. ദാമ്പത്യസുഖത്തിനു പ്രായം നിശ്ചയിച്ചവരല്ല, മരണംവരെ അതു നീണ്ടുനിൽക്കണമെന്നു തീരുമാനിച്ചവരാണ് ഞങ്ങൾ’.
നിങ്ങളുടെ ഭാര്യയിൽ ന്യൂനതയുണ്ടെന്നുവച്ച് അവളെ വലിച്ചെറിയരുത്. തല്ലിപ്പൊളിക്കുകയുമരുത്. അവിവേകം കാണിച്ചാൽ കനത്ത വില നൽകേണ്ടിവരും. നന്നാക്കിയെടുക്കാൻ പറ്റുന്നതാണെങ്കിൽ അതേ ചെയ്യാവൂ. എത്ര നന്നാക്കിയിട്ടും നന്നാവില്ലെങ്കിലാണ് ഒഴിവാക്കേണ്ടത്...’
യോജിച്ച ഇണയെ കിട്ടാൻ വലിയ പാടാണ്. കിട്ടിയെ ഇണയെ വിട്ടുകളയാൻ ബുദ്ധിമുട്ടേതുമില്ല. എന്നാൽ ബുദ്ധിമുട്ടില്ലാത്ത ആ വേല ചെയ്താലാണ് കൂടുതൽ ബുദ്ധിമുട്ടേണ്ടി വരിക! ഇണയെ തെരഞ്ഞെടുക്കുന്നിടത്ത് നാം കാണിക്കുന്ന സൂക്ഷ്മതയും ശ്രദ്ധയും ഇണയെ ഒഴിവാക്കുന്നിടത്തും കാണിച്ചില്ലെങ്കിൽ തീർത്താൽ തീരാത്തതായിരിക്കും ഖേദം.
മഹാകവിയായിരുന്ന ഫറസ്ദഖ് തന്റെ ഭാര്യ നവാറിനെ മൊഴിചൊല്ലിയപ്പോൾ അദ്ദേഹത്തിനുണ്ടായ കനത്ത മനോവിഷമം തന്റെ കവിതയിൽ കുറിച്ചിട്ടുണ്ട്. അതിങ്ങനെയാണ്:
നദിംതു നദാമതൽ കുസഇയ്യി ലമ്മാ
ഗദത് മിന്നീ മുത്വല്ലഖതൻ നവാറു
വകാനത് ജന്നതീ ഫഖറജ്തു മിൻഹാ
കആദമ ഹീന അഖ്റജഹുള്ളിറാറു
(നവാർ മൊഴിചൊല്ലപ്പെട്ടവളായി എന്നിൽനിന്ന് വിട്ടുപോയപ്പോൾ കുസഇയുടെ ഖേദമാണ് എനിക്കുണ്ടായത്. നവാർ എന്റെ സ്വർഗമായിരുന്നു. ആ സ്വർഗത്തിൽനിന്ന് ആദം പ്രവാചകനെപ്പോലെ ഞാൻ പുറത്തുപോന്നു).
വിവാഹം കഴിക്കുമ്പോൾ അന്യരായ രണ്ടു വ്യക്തികൾ തമ്മിൽ ഒന്നാകൽ മാത്രമല്ല, രണ്ടു വ്യക്തികളുടെയും കുടുംബങ്ങളായ കുടുംബങ്ങൾ മുഴുവൻ ഒന്നാവുകകൂടി ചെയ്യുന്നുണ്ട്. അവരുടെ അയൽക്കാരും നാട്ടുകാരും ഒന്നാവുന്നുണ്ട്. അപരിചതരായ അനേകമാളുകൾ അതോടെ പരിചിതരായി മാറുന്നു. ബന്ധമില്ലാത്തവർ ബന്ധുക്കളായിത്തീരുന്നു. അതുപോലെ ആ വിവാഹബന്ധം വിച്ഛേദിക്കുമ്പോൾ രണ്ടു വ്യക്തികൾ തമ്മിൽ മാത്രമല്ല, രണ്ടു വ്യക്തികളുടെയും കുടുംബങ്ങളും മറ്റു ബന്ധുക്കളും അകലുന്നുണ്ട്. പിന്നീടവർ കണ്ടാൽ മിണ്ടാത്തവരായി മാറുന്നുണ്ട്. രണ്ടു കയറുകൾ തമ്മിൽ കെട്ടിയൊന്നാക്കുമ്പോൾ കെട്ടുള്ള ഭാഗം മാത്രമല്ലല്ലോ ഒന്നാകുന്നത്. കയറിന്റെ രണ്ടറ്റങ്ങൾ വരെയുള്ള ഭാഗങ്ങളും ഒന്നാകുന്നുണ്ട്. അതേസമയം കയററ്റിക്കുമ്പോൾ വേർപ്പെടുന്ന ഭാഗം നേരിയതായിരിക്കും. എന്നാൽ അതുവഴി സംഭവിക്കുന്നത് വേർപ്പെട്ട ഭാഗം മുതൽ രണ്ടു കയറിന്റെയും രണ്ടറ്റം വരെയുള്ള ഭാഗങ്ങൾ വേറെയായി മാറുകയാണ്.
ഒന്നാകുന്നത് രണ്ടാളുകളാണെങ്കിലും അവർവഴി അനേകമാളുകൾ ഒന്നാകുന്നു. വേർപ്പെടുന്നത് രണ്ടാളുകളാണെങ്കിലും അവർവഴി അനേകരാണ് വേർപ്പെടുന്നത്.
വിവാഹമോചനത്തിലേക്കുള്ള ആദ്യപടി വിവാഹം തന്നെയാണെന്ന് പറയാറുണ്ട്. വിവാഹമോചനത്തിലേക്കു പോകാനാണെങ്കിൽ വിവാഹത്തിനു നിൽക്കാതിരിക്കുന്നതാണു നല്ലത്. ട്രയൽ മാര്യേജുകൾക്ക് മതപിന്തുണയില്ലാത്തത് അതുകൊണ്ടാണല്ലോ.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."