പൊലിസ് സദാചാര പൊലിസ് ആകരുത്- സുപ്രിം കോടതി
ന്യൂഡല്‍ഹി: പൊലിസ് സദാചാര പൊലിസ് ആകരുതെന്ന് സുപ്രിംകോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുന്നത് തെറ്റാണ്. ഗുജറാത്തില്‍ സദാചാര പൊലിസിങ്ങിന്റെ പേരില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത് സംബന്ധിച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജെ.കെ മഹേശ്വരിയും അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
2001 ഒക്ടോബര്‍ 28ന് നടന്ന സംഭവത്തിലാണ് കോടതി വിധി. സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിളായിരുന്ന സന്തോഷ് കുമാര്‍ പാണ്ഡെ നൈറ്റ് ഡ്യൂട്ടിക്കിടെ മഹേഷ് ബി ചൗധരിയെന്ന യുവാവിനെയും പ്രതിശ്രുത വധുവിനെയും തടഞ്ഞുനിര്‍ത്തി. ഗുജറാത്തിലെ വഡോദരയിലെ ഐപിസിഎല്‍ ടൗണ്‍ഷിപ്പിലെ ഗ്രീന്‍ബെല്‍റ്റ് ഏരിയയിലാണ് സംഭവം നടന്നത്. മഹേഷും യുവതിയും ബൈക്കില്‍ പോകവേ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.
അതിനിടെ പാണ്ഡെ യുവതിക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതായും ആരോപണങ്ങളിലുണ്ട്. എതിര്‍ത്തതോടെ പാണ്ഡെ തന്നോട് എന്തെങ്കിലും തരാന്‍ ആവശ്യപ്പെട്ടെന്നും താന്‍ ധരിച്ചിരുന്ന വാച്ച് നല്‍കിയെന്നും മഹേഷ് പരാതിയില്‍ വ്യക്തമാക്കുന്നു. മഹേഷ് നല്‍കിയ പരാതിയില്‍ പാണ്ഡെയ്‌ക്കെതിരെ അന്വേഷണം നടത്തി പിരിച്ചുവിടാന്‍ തീരുമാനമായി.
പിന്നാലെ സന്തോഷ് കുമാര്‍ പാണ്ഡെ നല്‍കിയ ഹരജി പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി, 2014 ഡിസംബര്‍ 16ന് പാണ്ഡെയെ ജോലിയില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടു. ഈ ഉത്തരവ് റദ്ദാക്കിയാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്.
ശിക്ഷയുടെ ആനുപാതികതയെക്കുറിച്ചുള്ള ചോദ്യത്തില്‍ ഈ കേസിലെ വസ്തുതകള്‍ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."