കൊവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് ക്വാറന്റൈന് ; ബ്രിട്ടനെതിരേ ഇന്ത്യ; തീരുമാനം വിവേചനപരം
ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന് ഏര്‍പ്പെടുത്തിയ യു.കെ നടപടിക്കെതിരേ പ്രതിഷേധവുമായി ഇന്ത്യ. നടപടി വിവേചനപരമാണെന്നും യു.കെയിലേക്കു പോകുന്ന ഇന്ത്യക്കാരെ ബാധിക്കുമെന്നും വിദേശകാര്യ സെക്രട്ടറി ഹര്ഷ്വര്ധന് ശ്രിന്‍ഗ്ല പറഞ്ഞു.
വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് ഇക്കാര്യം യു.കെ സ്റ്റേറ്റ് സെക്രട്ടറി ലിസ് ട്രസുമായി ന്യൂയോര്‍ക്കില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിച്ചതായും പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു ലഭിച്ചതായാണ് തനിക്കു ലഭിച്ച വിവരമെന്നും ഹര്‍ഷ് വര്ധന് ശ്രിന്‍ഗ്ല പറഞ്ഞു.
ഇത്തരം സാഹചര്യത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന യു.കെ പൗരന്മാര്ക്കെതിരേ സമാനനടപടികള്‍ ഇന്ത്യയ്ക്കും സ്വീകരിക്കേണ്ടി വരുമെന്നും വിദേശകാര്യ സെക്രട്ടറി മുന്നറിയിപ്പ് നല്കി.
കൊവിഷീല്‍ഡ് യു.കെ കമ്പനിയുടെ ലൈസന്‍സുള്ള ഉല്പന്നമാണ്. ഇന്ത്യയിലാണ് നിര്‍മിക്കുന്നതെന്നു മാത്രം. യു.കെ സര്‍ക്കാറിന്റെ അപേക്ഷ പ്രകാരം കൊവിഷീല്‍ഡ് അഞ്ചു മില്യന്‍ ഡോസുകള്‍ ഇന്ത്യ യു.കെയിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. എന്നിട്ടും ബ്രിട്ടന് തൃപ്തിയായില്ലെങ്കില്‍ ഇന്ത്യയ്ക്കും സമാനമായ കൊവിഡ് ചട്ടങ്ങളുണ്ടാക്കേണ്ടി വരുമെന്നും ഹര്‍ഷ് വര്ധന് ശ്രിന്‍ഗ്ല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."