മാണി രണ്ടര കോടി തട്ടിച്ചെന്ന് പാലാ കടനാട് സര്‍വിസ് കോ- ഓപ്പറേറ്റീവ് ബാങ്ക്
കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിക്കെതിരേ പാലാ കടനാട് സര്‍വിസ് കോ - ഓപ്പറേറ്റീവ് ബാങ്കും കേസ് നല്‍കാന്‍ ഒരുങ്ങുന്നു.
നേരത്തെ മാണിയുടെ നിയന്ത്രണത്തിലായിരുന്ന ബാങ്കിന്റെ ഭരണം കൈവിട്ടതോടെയാണ് ഓഹരി ഇനത്തില്‍ ബാങ്കില്‍നിന്നും എടുത്ത തുക തിരിച്ചുപിടിക്കാന്‍ ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് തീരുമാനിച്ചത്. മാണി ചെയര്‍മാനായ പാലാഴി ടയര്‍ ഫാക്ടറിയുടെ 2.5 കോടിയുടെ ഓഹരികള്‍ ബാങ്കിന് നല്‍കി കബളിപ്പിച്ചെന്നാണ് ആരോപണം. ഓഹരികള്‍ വാങ്ങിയത് കമ്പനി ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് ബാങ്ക് പ്രസിഡന്റ് ജയ്‌സണ്‍ പുത്തന്‍ക്കണ്ടം പറയുന്നു.
പണം നിക്ഷേപിച്ച് 18 കൊല്ലം പിന്നിട്ടിട്ടും പണമോ പലിശയോ ബാങ്കിന് കമ്പനി നല്‍കിയിട്ടില്ല. വാര്‍ഷിക റിപ്പോര്‍ട്ടും ഓഹരി ഉടമകളെന്ന നിലയില്‍ ബാങ്കിന് നല്‍കിയിട്ടില്ല. കെ. എം മാണിയും കമ്പനിയുടെ അന്നത്തെ എം.ഡിയായിരുന്ന ജോയി എബ്രഹാമും ചേര്‍ന്നാണ് കമ്പനിക്കുവേണ്ടി വിവിധ ഇടങ്ങളില്‍ സ്ഥലങ്ങള്‍ വാങ്ങിയത്.
എന്നാല്‍ ബാങ്കിനോ ഓഹരി ഉടമകളായ മറ്റുള്ളവര്‍ക്കോ ഇതിനെ കുറിച്ചൊന്നും അറിവ് നല്‍കിയിരുന്നില്ല. ഇപ്പോള്‍ ഐ.ഐ.ഐ.ടിക്ക് മറിച്ചുകൊടുത്ത വസ്തു എന്തുവിലയ്ക്കാണ് വിറ്റതെന്നും കമ്പനി ഉടമകള്‍ വ്യക്തമാക്കിയിട്ടില്ല. പണം നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ബാങ്ക് അടിയന്തരയോഗം ചേര്‍ന്ന് മാണിക്കും അനുയായികള്‍ക്കുമെതിരേ രജിസ്ട്രാര്‍ ഓഫ് കമ്പനീസിലും ക്രിമിനല്‍ കേസും നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം പാലാഴി ടയര്‍ ഫാക്ടറിയുടെയും മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയുടെയും പേരില്‍ റബര്‍ കര്‍ഷകരില്‍നിന്നും സമാഹരിച്ചത് 320 കോടിയാണെന്ന് രേഖകള്‍ സമര്‍ഥിക്കുന്നു. റബര്‍ കര്‍ഷകരുടെ ഉന്നമനത്തിനായി തുടങ്ങിവച്ച റബര്‍ സൊസൈറ്റികളിലും ടയര്‍ കമ്പനിയിലും നടത്തിയത് കോടികളുടെ അഴിമതിയാണ്.
മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി നടത്തിപ്പില്‍ 110 കോടിയും പാലാഴി ടയര്‍ ഫാക്ടറി രൂപീകരിച്ച് 150 കോടിയും പാലാ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി രൂപീകരിച്ച് 60 കോടിയും കെ.എം മാണി തട്ടിയെടുത്തെന്നാണ് സംയുക്ത സമരസമിതി ഭാരവാഹികള്‍ ആരോപിക്കുന്നത്.
എന്നാല്‍ സ്ഥാപനങ്ങള്‍ക്കെല്ലാം സ്വന്തമായി കടംവീട്ടാനുള്ള ആസ്തിയുണ്ടായിട്ടും കടം കൊടുത്തുതീര്‍ക്കാന്‍ തയാറായിട്ടില്ലെന്നും നിക്ഷേപകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."