ലോകകപ്പിലൂടെ അർജൻ്റീന രക്ഷപ്പെടുമോ?
ഡൽഹി നോട്സ്
കെ.എ സലിം
ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ യഥാർഥ വിജയി ലയണൽ മെസിയോ എമിലിയാനോ മാർട്ടിനെസോ അല്ല. അത് അർജന്റീനിയൻ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസാണ്. ലോകകപ്പ് വിജയത്തിന് തൊട്ടു മുമ്പുവരെ തലസ്ഥാനമായ ബ്യൂണസ് ഐറീസിൽ ജനം തെരുവിലായിരുന്നു. രാജ്യത്തെ പണപ്പെരുപ്പത്തിനെതിരായ പ്രക്ഷോഭം വീണ്ടും കലാപമായി രൂപംകൊള്ളാൻ പോകുന്നതിന്റെ വക്കിലായിരുന്നു. അതിനിടയിലാണ് ലോകകപ്പ് വിജയം. ഫൈനലിന് തൊട്ടുമുമ്പ് ആൽബെർട്ടോ ഫെർണാണ്ടസ് ഫ്രഞ്ച് പ്രസിഡന്റിന് ട്വീറ്റ് ചെയ്തു: 'പ്രിയ സുഹൃത്ത് ഇമ്മാനുവേൽ മാക്രോൺ, എനിക്ക് നിങ്ങളോട് വലിയ വാത്സല്യമുണ്ട്. നിങ്ങൾക്ക് ഈ ഞായറാഴ്ചയൊഴികെ മികച്ച ഭാവി നേരുന്നു. അർജന്റീന എന്റെ അത്ഭുതകരമായ രാജ്യമാണ്. അത് ലാറ്റിൻ അമേരിക്കയാണ്. ഇളം നീലയും വെള്ളയും ജ്വലിക്കട്ടെ'.
മെസിക്കൊപ്പം മറഡോണയുടെ ചിത്രങ്ങളുമായി തെരുവുകൾ പാടി ആഘോഷിക്കുകയാണ് അർജൻ്റീനൻ ജനത. ഒറ്റക്കപ്പുകൊണ്ട് ജനം തൽക്കാലമെങ്കിലും എല്ലാം മറന്നിരിക്കുന്നു. ആൽബർട്ടോ ഫെർണാണ്ടസിനും തൽക്കാലം അതു മതി. മികച്ച ജനങ്ങളും ഉന്നതഭാവിയുമുള്ള രാജ്യമെന്നാണ് ലോകകപ്പ് വിജയത്തെക്കുറിച്ച് ആൽബർട്ടോയുടെ പ്രതികരണം. ജനങ്ങൾ മികച്ചവരായിരിക്കാം. എന്നാൽ രണ്ടാമത്തേത് കള്ളമാണ്. നവംബറിൽ രാജ്യത്തെ പണപ്പെരുപ്പം 92 ശതമാനത്തിലധികമാണ്. കഴിഞ്ഞ 30 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്. ഡിസംബറിൽ ഇത് 100 ശതമാനമായേക്കും. കഴിഞ്ഞ 12 മാസമായി പണപ്പെരുപ്പം ശരാശരി 88 ശതമാനത്തിൽ നിൽക്കുന്നു.
അവശ്യവസ്തുക്കളുടെ വില ഒരു വർഷം മുമ്പുണ്ടായിരുന്നതിനെക്കാൾ ഇരട്ടിയായി. 2023ൽ പണപ്പെരുപ്പം 83 ശതമാനമാവുമെന്നാണ് ഓർഗനൈസേഷൻ ഫോർ ഇക്കോണമിക് കോ-ഓപറേഷൻ ആൻഡ് ഡവലപ്‌മെന്റ് കണക്കാക്കിയിരിക്കുന്നത്. ഐ.എം.എഫും സമാന പ്രവചനം നടത്തിയിട്ടുണ്ട്. സാമ്പത്തിക വളർച്ചയുണ്ടാകുമ്പോൾ പണപ്പെരുപ്പം കൂടെവരുന്നതാണ്. എന്നാൽ, അർജന്റീനയിൽ സാമ്പത്തികത്തകർച്ചയ്‌ക്കൊപ്പമാണ് പണപ്പെരുപ്പം വന്നിരിക്കുന്നത്. 2008ൽ 533 ബില്യൻ ഡോളറും 2021ൽ 568 ബില്യൻ ഡോളറുമായിരുന്നു രാജ്യത്തെ ജി.ഡി.പി. കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് തുടങ്ങിയ 2021ൽ 10 ശതമാനത്തിന്റെ വളർച്ചയുണ്ടായെങ്കിലും ഈ വർഷം ഇത് 4.5 ശതമാനം മാത്രമായിരിക്കുമെന്നാണ് കണക്കുകൾ. 2023ലും 2024ലും ഇത് രണ്ടു ശതമാനം മാത്രമായിരിക്കുമെന്നാണ് പ്രവചനം. പ്രതിശീർഷ വരുമാനം 15 വർഷം മുമ്പുണ്ടായിരുന്നതിനെക്കാൾ കൂടിയിട്ടില്ല. തൊഴിലില്ലായ്മാ നിരക്കിൽ സമീപകാലത്ത് ചെറിയ കുറവുണ്ടായെങ്കിലും യുവാക്കൾക്കുള്ള അവസരങ്ങൾ കുറഞ്ഞു.
ഫോറിൻ എക്‌സ്‌ചേഞ്ച് റിസർവ് ഏകദേശം മൂന്ന് ബില്യൻ ഡോളറായി കുറഞ്ഞു. കുറേക്കാലമായി തുടരുന്ന സാമ്പത്തികരംഗത്തെ പിടിപ്പുകേടാണ് രാജ്യത്തെ ഇത്രവലിയ പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമ്പത്തിക അസന്തുലിതാവസ്ഥയാണ് എല്ലാ മേഖലയിലും. ബജറ്റ് കണക്കില്ലാതെ സർക്കാർ പണം ചെലവഴിച്ചതാണ് ഇതിലേക്ക് നയിച്ചതെന്നും സാമ്പത്തികരംഗം അടിമുടി അഴിച്ചുപണിയേണ്ട സാഹചര്യമുണ്ടെന്നുമാണ് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നത്. നിർമാണവും കയറ്റുമതിയും കൂട്ടണമെന്നും നികുതി ഘടനയിൽ മാറ്റം വരുത്തണമെന്നും ഓർഗനൈസേഷൻ ഫോർ ഇക്കോണമിക് കോ-ഓപറേഷൻ ആൻഡ് ഡവലപ്‌മെന്റും നിർദേശിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ഇതുവരെ ഒന്നും ചെയ്തിട്ടില്ല.
ബ്യൂണസ് ഐറീസിലെയും മറ്റിടങ്ങളിലെയും തെരുവുകളിൽ, ഭവനരഹിതരുടെയും പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾക്കായി ചവറ്റുകുട്ടകൾ തെരഞ്ഞ് ഉപജീവനത്തിനായി തീവ്രമായി ശ്രമിക്കുന്നവരുടെയും എണ്ണം സമീപ വർഷങ്ങളിൽ ഗണ്യമായി കൂടി. രാജ്യത്തെ 40 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് കഴിയുന്നത്. പട്ടിണിയാണെവിടെയും. വൈസ് പ്രസിഡന്റ് ക്രിസ്തീന കിർച്ച്‌നർ അഴിമതിക്കേസിൽ ആറുവർഷം ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ അനുയായികളാകട്ടെ പ്രക്ഷോഭം നടത്തുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്. പൊറുതി മുട്ടിയ ജനം ഒരിക്കൽക്കൂടി തെരുവിലിറങ്ങിയിരിക്കുകയായിരുന്നു. തെരുവുകളിലെ സർക്കാർവിരുദ്ധ മുദ്രാവാക്യത്തെ വിജയാഘോഷത്തിന്റെ പാട്ടുകളാക്കി മാറ്റാൻ ഈ ലോകകപ്പ് വിജയത്തിന് കഴിഞ്ഞുവെന്നതാണ് ആൽബർട്ടോയുടെ നേട്ടം.
മുച്ചാച്ചോസ്, അഹോറ നോസ് വോൾവിമോസ് എ ഇലൂഷ്യർ എന്നാണ് തെരുവുകളിലെ ചത്വരങ്ങളിൽ അർജന്റീന ആവർത്തിച്ചു പാടിയാലപിക്കുന്നത്. യുവാക്കളെ, ഞങ്ങളുടെ പ്രതീക്ഷകൾ വീണ്ടും വാനോളം ഉയർന്നുവെന്നർഥം. തെരുവിലെ പാട്ടുകൾക്കപ്പുറത്ത് ദാരിദ്ര്യത്തിന്റെ പല്ലിളിച്ച് കാട്ടുന്ന യാഥാർഥ്യങ്ങളുണ്ട്. ഒരു കപ്പുകൊണ്ട് എല്ലാം തൽക്കാലം മറച്ചുവയ്ക്കാം. തെരുവിലെ വിജയാഘോഷങ്ങൾക്ക് അൽപകാലത്തെ ആയുസേ ഉണ്ടാകൂ. അതിനു മുമ്പുതന്നെ നമ്മൾ ഇരുട്ടിലായിരുന്നുവല്ലോയോന്നും ഇനിയും ഇരുട്ടിലേക്കാണല്ലോ എന്ന യാഥാർഥ്യം വീണ്ടും ബാക്കിയാവും. ഈ ലോകകപ്പ് തുടങ്ങും മുമ്പ് അർജന്റീന പാടിയിരുന്നൊരു പാട്ടുണ്ട്:
'ഞാൻ ജനിച്ചത് അർജന്റീനയിലാണ്
ഡീഗോയുടെയും ലയണലിന്റെയും നാട്
എനിക്ക് മൂന്നാമത്തേത് ജയിക്കണം
എനിക്ക് ലോക ചാംപ്യനാകണം'.
അർജന്റീന വീണ്ടും ലോക ചാംപ്യൻമാരായിരിക്കുന്നു. ബ്യൂണസ് ഐറീസിൽ വിജയാഘോഷത്തിന്റെ വസന്തവും വന്നുചേർന്നിരിക്കുന്നു. എന്നാൽ ദാരിദ്ര്യത്തിന്റെ ഇരുണ്ടശൈത്യത്തിൽ നിന്ന് കരകയറാത്തിടത്തോളം ഒരു വിജയവും മതിയാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."