കാറിടിപ്പിച്ച് കൊള്ള; യുവാവ് അറസ്റ്റില്‍
കാസര്‍കോട്: കാറിടിപ്പിച്ച് കോടികളുടെ കൊള്ള നടത്തിയ സംഭവത്തില്‍ പ്രാദേശിക ഫുട്ബോള്‍ താരം അറസ്റ്റില്‍. കൂത്തുപറമ്പ് പാലത്തിങ്കരയിലെ എന്‍.കെ മൃദുലി (23)നെയാണ് ആദൂര്‍ സി.ഐ സിബി തോമസ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ അഞ്ചു പേര് നേരിട്ട് പങ്കെടുത്തതായും അഞ്ചു പേര് കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നും പദ്ധതി നടത്താന്‍ നിര്‍ദേശം നല്‍കിയവരാണെന്നുമാണ് വിവരം. കൊള്ളയില്‍ പങ്കെടുത്തതിന് 20 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായി മൃദുല്‍ പൊലിസിനോടു വെളിപ്പെടുത്തി.
കൂത്തുപറമ്പിലെ റെനിലും സ്വര്‍ണ വ്യാപാരിയുടെ ഡ്രൈവര്‍ പ്രജീഷുമാണ് പണംതട്ടല്‍ ആസൂത്രണം ചെയ്തത്. ഇവരെ കൂടാതെ കൂത്തുപറമ്പിലെ സൂരജ്, മറ്റൊരു ഫുട്ബോള്‍ താരം ടുട്ടു എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. മറ്റു പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തി വരുകയാണ്. പ്രതി മൃദുലിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കേണ്ടതുകൊണ്ട് ഇയാളുടെ ചിത്രം പൊലിസ് പുറത്തുവിട്ടിട്ടില്ല.
ഈ മാസം ഏഴിന് വൈകിട്ട് അഞ്ചോടെ ചെര്‍ക്കള ബേവിഞ്ച വളവിന് സമീപത്താണ് കേസിനാസ്പദമായ നാടകീയ സംഭവം നടന്നത്. പണവുമായി പൂനെയില്‍ നിന്നും വരുകയായിരുന്ന സ്വര്‍ണവ്യാപാരിയുടെ കാറിനെ പ്രതികള്‍ സഞ്ചരിച്ച കാറ് കൊണ്ടിടിപ്പിച്ച് തടഞ്ഞ് നിര്‍ത്തി പണം കൊള്ളയടിക്കുകയായിരുന്നു. പൂനെയിലും തലശ്ശേരിയിലുമായി ജ്വല്ലറി നടത്തുന്ന പൂനെ സ്വദേശി വികാസിന്റെ പണമാണ് കൊള്ളയടിച്ചത്. വികാസിന്റെ ഡ്രൈവര്‍ തന്നെയാണ് പണം കൊണ്ടുവരുന്ന വിവരം പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുത്തതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ഇന്നലെ ഉച്ചയോടെ പൊലിസ് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."