ബിന്ദുവിന്റെ ദുരിതം പങ്കുവച്ച് മുനവറലി തങ്ങള്‍; പാലായിലെ കുടുംബത്തിന് കടലോളം കൈത്താങ്ങ്
കെ.എസ് വിനോദ്
പാലാ: രോഗവും കടബാധ്യതയും ജപ്തിഭീഷണിയും നേരിടുന്ന കുടുംബത്തിന്റെ ദുരിതം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ പങ്കുവച്ചതോടെ സഹായഹസ്തവുമായി സുമനസുകള്‍.
വാട്‌സ്ആപ്പില്‍ സഹായം തേടി ലഭിച്ച സന്ദേശം മുനവറലി തങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചതോടെയാണ് കൈത്താങ്ങുമായി നിരവധിപേര്‍ രംഗത്തെത്തിയത്. പാലാ പൈക സ്വദേശി നടുതൊട്ടിയില്‍ ബിന്ദുവാണ് കുടുംബത്തിന്റെ ദുരവസ്ഥ വിവരിക്കുന്ന കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. തന്റെ കുറിപ്പ് അവസാന ആശ്രയമായി മുനവറലി തങ്ങള്‍ക്കോ ആ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലുമോ എത്തിച്ചു കൊടുക്കണമെന്നും ബിന്ദു അഭ്യര്‍ഥിച്ചിരുന്നു.
യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടന തിരക്കിലായിരുന്ന മുനവറലി തങ്ങള്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ബിന്ദുവിന്റെ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. തങ്ങള്‍ ഇട്ട കുറിപ്പ് മറ്റു നിരവധി പേരും പങ്കുവച്ചു.
ഇന്നലെ വൈകിട്ട് അഞ്ചുവരെ 3.40 ലക്ഷം രൂപയോളം ബിന്ദുവിന്റെ മകളുടെ പേരിലുള്ള അക്കൗണ്ടില്‍ എത്തി. ചെറിയൊരു ചായക്കട നടത്തി ലഭിക്കുന്ന തുച്ഛവരുമാനമായിരുന്നു ഭര്‍ത്താവും രണ്ട് പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം. ഹൃദ്രോഗവും വൃക്കരോഗവും ബാധിച്ച് ചികിത്സയിലാണ് ഭര്‍ത്താവ്. ബിന്ദു ഗര്‍ഭാശയരോഗത്തിനും ചികിത്സയിലാണ്. ചികിത്സയ്ക്കായി അഞ്ച് സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി അഞ്ച് ലക്ഷത്തോളം രൂപ ബാങ്കില്‍നിന്നു വായ്പയെടുത്തിരുന്നു. ലോക്ക്ഡൗണില്‍ വരുമാനം നിലച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വായ്പ തിരിച്ചടവ് മുടങ്ങി. ഇതോടെ ബാങ്ക് അധികൃതര്‍ നിയമനടപടി തുടങ്ങി. മുതലും പലിശയും ഏഴു ദിവസത്തിനകം അടച്ചുതീര്‍ക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടത്. ഇതുകൂടാതെ പലരില്‍ നിന്നുമായി മൂന്നു ലക്ഷത്തോളം രൂപ ഇവര്‍ കടം വാങ്ങിയിട്ടുമുണ്ട്. ഇതോടെയാണ് ആത്മഹത്യയല്ലാതെ കുടുംബത്തിനു മുന്നില്‍ മറ്റു മാര്‍ഗമില്ലെന്ന് ബിന്ദു കുറിപ്പിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."