പതിറ്റാണ്ടുകളായുള്ള അധിനിവേശവിരുദ്ധ പോരാട്ടം
എമിലി ബദിരിൻ
ഒക്ടോബർ മുപ്പതിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി) പ്രോസിക്യൂട്ടർ കരിംഖാൻ ഇസ്റാഇൗൽ ഫലസ്തീനിൽ നടത്തുന്ന നരഹത്യയ്ക്കെതിരേ പ്രതികരിച്ചു. 'ഒക്ടോബർ ഏഴു മുതൽ ഇസ്റാഇൗലിൽ പ്രശ്നങ്ങളുണ്ടായിടത്തൊക്കെ എന്റെ സാന്നിധ്യം അറിയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
സങ്കടപ്പെട്ട്, നിർഭാഗ്യകരമായൊരു നിമിഷത്തെ ഭയന്നുകൊണ്ട് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മടക്കത്തിനുവേണ്ടി പ്രാർഥനയോടെ കാത്തിരിക്കുന്ന കുടുംബങ്ങളെയൊക്കെ കാണാൻ ശ്രമിക്കുന്നുണ്ട്' എന്നാണ് അദ്ദേഹം പറഞ്ഞത്.
വികാരഭരിതമായ ഈ പ്രസ്താവനയ്ക്കുശേഷം രണ്ട് വാക്യങ്ങൾകൂടി കൂട്ടിച്ചേർക്കാൻ അന്താരാഷ്ട്ര കോടതി പ്രോസിക്യൂട്ടർ മറന്നില്ല – 'ഗസ്സയിലേക്ക് ചെന്നെത്താനും പരമാവധി ശ്രമിക്കുകയുണ്ടായി. എന്നാൽ അതിനു സാധിച്ചിട്ടില്ല'. യുദ്ധംമൂലം ബുദ്ധിമുട്ടുന്ന ഇരുവിഭാഗം ജനതയെയും ഒരുപോലെ പരിഗണിക്കാനുള്ള കർമ്മോത്സുകത അദ്ദേഹത്തിന്റെ പ്രതികരണത്തിൽനിന്ന് വ്യക്തമാണ്.
എന്നാൽ, അദ്ദേഹം ഭാഗഭാക്കായിരിക്കുന്ന അന്താരാഷ്ട്രനിയമത്തിന്റെയും അതിന്റെ അനുബന്ധസ്ഥാപനങ്ങളുടേയും വംശീയതയും കൊളോണിയൽ ചുവയും പ്രോസിക്യൂട്ടറുടെ എല്ലാ ശ്രമങ്ങളുടേയും എന്തിന് പ്രതികണത്തിൽപോലും ഭീമമായി മുഴച്ചുനിൽക്കുന്നുണ്ടെന്നതാണ് വാസ്തവം. ഇക്കാരണത്താൽ, ഫലസ്തീന്റെ ദുരിതത്തിന് ഇവിടെയും രണ്ടാം സ്ഥാനമേ ലഭിക്കുന്നുള്ളൂ. 2014 മുതൽ തങ്ങളുടെ അധികാരപരിധിയിൽ ഫലസ്തീൻ വിഷയം സംബന്ധിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രോസിക്യൂട്ടറുടെ ഓഫിസിൽ നിന്ന് വ്യക്തമാക്കി.
ഒമ്പതുവർഷമായിട്ടും ഇസ്റാഇൗൽ ഫലസ്തീനിൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കാനോ അപരാധികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനോ സാധിച്ചിട്ടില്ലെന്നത് അതിശയമാണ്. എന്നാൽ, റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ഒരു വർഷത്തിനകം അന്വേഷണം പൂർത്തിയാക്കി റഷ്യൻ പ്രസിഡൻ്റ് പുടിനെതിരേ എത്ര പെട്ടെന്നാണ് അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്നു ചിന്തിക്കുമ്പോൾ അതിശയിക്കാതെ നിർവാഹമില്ലെന്നുവരും.
ഇസ്റാഇൗൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എത്ര ലാഘവത്തോടെയാണ് ഫലസ്തീനികളെ മനുഷ്യമൃഗങ്ങളെന്നു വിശേഷിപ്പിച്ചതും എല്ലാം അവസാനിക്കുമെന്ന് പ്രതിജ്ഞയെടുത്തതും! ഇസ്റാഇൗൽ നേതാക്കന്മാരെല്ലാവരും തന്നെ ഫലസ്തീനുമേൽ തങ്ങൾ നടപ്പാക്കാൻ പോകുന്ന വംശീയ ഉന്മൂലനത്തെപ്പറ്റിയും കൂട്ടശിക്ഷയെപ്പറ്റിയും പ്രകടമായി തന്നെ സംസാരിച്ചു കഴിഞ്ഞു.
തുടക്കം നൂറ്റാണ്ടിനുമുമ്പ്
ഇസ്റാഇൗൽ ദശകങ്ങളായി ഫലസ്തീൻ ജനതയ്ക്കെതിരേ യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ്. ഫലസ്തീനികളെ ഫലസ്തീനിൽനിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായുള്ളതാണ് ഇസ്റാഇൗലിന്റെ ആക്രമണം. യൂറോ-സയണിസ്റ്റുകൾ തങ്ങളുടെ ദേശത്തുനടത്തുന്ന അധിനിവേശത്തെ പത്തൊമ്പതാം നൂറ്റാണ്ടു മുതൽ സായുധസംഘടനകളുടെ സഹായത്തോടെയോ അല്ലാതെയോ ഫലസ്തീൻ ജനത പ്രതിരോധിക്കുന്നുണ്ട്. രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ആദ്യത്തെ ഫലസ്തീൻ പ്രതിരോധം 1886ലാണ്. പെറ്റ റ്റിക്വയിലെ സയണിസ്റ്റ് കുടിയേറ്റക്കാർ ഫലസ്തീൻ കർഷകരുടെ ഭൂമി കൈയേറാൻ ശ്രമിച്ചതിനെതിരായിരുന്നു ഈ പ്രതിരോധം. എന്നാൽ, മുൻ ജറൂസലേം മേയറും പ്രമുഖ ഫലസ്തീൻ രാഷ്ട്രീയക്കാരനുമായ യൂസഫ് അൽ ഖാലിദി വരാനിരിക്കുന്ന അധിനിവേശവിരുദ്ധ പ്രക്ഷോഭങ്ങളെ മുൻകൂട്ടി കണ്ടിരുന്നു.
സയണിസത്തിന്റെ രാഷ്ട്രീയ ഉപജ്ഞാതാവായി അറിയപ്പെടുന്ന തിയഡോർ ഹെർസലിന് ഖാലിദി 1899ൽ ശക്തമായൊരു മുന്നറിയിപ്പ് നൽകി. ഇവിടുത്തെ നിയന്ത്രണം ഏറ്റെടുത്തു ഫലസ്തീന്റെ യജമാനന്മാരാവാമെന്ന സയണിസ്റ്റ് മോഹത്തെ ഫലസ്തീനികൾ ഒരിക്കലും വകവച്ചുതരില്ലെന്നും ശക്തമായിത്തന്നെ സയണിസത്തെ പ്രതിരോധിക്കുമെന്നുമായിരുന്നു ഖാലിദിയുടെ മുന്നറിയിപ്പ്.
ഇത് ഹമാസ്-ഇസ്റാഇൗൽ സംഘർഷമോ?
ഇന്നു ഫലസ്തീനിൽ നടക്കുന്ന പ്രശ്നങ്ങളെ ഇസ്റാഇൗലും ഹമാസും തമ്മിലുള്ള സംഘർഷമാക്കി ചിത്രീകരിക്കുന്നതിലൂടെ യൂറോപ്പിന്റെയും അമേരിക്കയുടേയും രാഷ്ട്രീയലക്ഷ്യങ്ങൾ നടപ്പാവുകയും ഇസ്റാഇൗൽ പക്ഷത്തിന്റെ വംശീയ ഉന്മൂലനം എന്ന ലക്ഷ്യം നിശബ്ദമായി പൂർത്തിയാവുകയും ചെയ്യും. ഇസ്റാഇൗൽ നടത്തുന്ന വംശീയ ഉന്മൂലനത്തെ ഇസ്റാഇൗൽ-ഹമാസ് സംഘർഷമാക്കി ലഘൂകരിക്കുന്നത് യഥാർഥ ചരിത്രത്തെ തള്ളിമാറ്റുന്നതിനൊപ്പം ഫലസ്തീനികൾക്കെതിരേ സയണിസവും കൊളോണിയലിസവും നടത്തിപ്പോന്നിട്ടുള്ള അധിനിവേശവും ആക്രമണവുമെല്ലാം കാണാതെ പോകുന്നതിനും തുല്യമാണ്.
ഏതാണ് ഒരു നൂറ്റാണ്ട് മുമ്പുള്ള ബാൽഫോർ പ്രഖ്യാപനം തൊട്ടിങ്ങോട്ട്, അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ കൃത്യമായ ഇടപെടലുകളോ അല്ലെങ്കിൽ നിഷ്ക്രിയതകൊണ്ടോ ആണ് സയണിസത്തിന്റെ എല്ലാ അധിനിവേശവും ആക്രമണവും ഫലസ്തീനിൽ നടന്നുപോന്നത്.
ഒക്ടോബർ ഏഴിനു നടന്ന സംഭവങ്ങൾ അടിവരയിടുന്നത് കാലങ്ങളായി ഫലസ്തീനിൽ നടക്കുന്ന യൂറോ-സയണിസ്റ്റ് കൊളോണിയൽ അധിനിവേശവും വംശീയതയും അവിടുത്തെ തദ്ദേശീയജനതയെ ഉന്മൂലനം ചെയ്യാനുമുള്ള ശ്രമങ്ങൾക്കെതിരേയുള്ള പ്രതിരോധവുമാണ്. 1895ൽ ഹെർസൽ പറഞ്ഞത് ജൂതകുടിയേറ്റക്കാർ ഫലസ്തീനികളെ അതിർത്തിക്കപ്പുറത്തേക്ക് തുരത്തണമെന്നാണ്. കൂടാതെ ഇത് നിശബ്ദമായും സാഹചര്യാനുസരണവും നടത്തണമെന്നും ഹെർസൽ അടിവരയിട്ടിട്ടുണ്ട്. അമേരിക്കയും മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങളും ഗസ്സയിലെ ജനങ്ങൾ ഈജിപ്തിലെ സിനാഇ പ്രദേശത്തേക്ക് നീങ്ങണമെന്ന ശാഠ്യത്തിലാണ്.
വർഷങ്ങളായി ജറുസലേമിലെയും വെസ്റ്റ്ബാങ്കിലെയും ഫലസ്തീനികൾ വംശീയ ഉന്മൂലനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ശ്രദ്ധ ഗസ്സയിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഈയവസരത്തിൽ ഇവിടങ്ങളിലെ അധിനിവേശവും കുടിയേറ്റവും ശക്തമാകുമെന്ന് തീർച്ച.
വംശീയ ഉന്മൂലനം
യൂറോപ്പിന്റെയും അമേരിക്കയുടെയും നിസ്സീമപിന്തുണ ലഭിക്കുന്ന സയണിസത്തിന്റെ വംശീയസ്വഭാവത്തിൽ നിന്ന് ഒഴിവാക്കാനാവാത്തതാണ് ഫലസ്തീന്റെ വംശീയ ഉന്മൂലനം. വംശീയ ഉന്മൂലനവും വംശഹത്യയും പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്നവയല്ല. ഒരു വംശത്തിനെതിരേ കൃത്യമായ ആസൂത്രണത്തോടെ പ്രചാരണം നടത്തി അവരെ മുദ്രകുത്തി അവർക്കെതിരേ സൈനികമായി പദ്ധതിയിട്ട് കാലേക്കൂട്ടി നശിപ്പിക്കാൻ തീരുമാനിച്ചുറപ്പിച്ചതിനുശേഷം മാത്രമാണ് ഇവ രണ്ടും നടപ്പിൽവരുത്തുന്നത്.
1948-ൽ ഫലസ്തീനികളെ കുടിയിറക്കി, അവരുടെ പട്ടണങ്ങളും ഗ്രാമങ്ങളും നശിപ്പിക്കുന്നതിനും ലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുന്നതിനും പ്രേരിപ്പിച്ച വംശീയ മുദ്രാവാക്യം ഇന്നും നിലനിൽക്കുന്നുണ്ട്. സയണിസ്റ്റ് ആഖ്യാനപ്രകാരം എല്ലാ ഫലസ്തീനികളും ഇസ്റാഇൗൽ എന്ന രാഷ്ട്രത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാണ്. വംശീയമായ ഈ മുദ്രകുത്തൽ നടത്തുന്നത് വ്യക്തമായ ആസൂത്രണത്തോടെയാണെന്ന് സൂചിപ്പിച്ചല്ലോ.
ഫലസ്തീൻ ജനതയെ മുഴുവൻ അധിനിവേശ വെസ്റ്റ്ബാങ്കിലെയും ഗസ്സയിലെയും ഒരൊറ്റ പ്രദേശത്തേക്ക് വളച്ചുകെട്ടിക്കൊണ്ടാണ് ഇതു മുന്നേറുന്നത്. ജോർദാൻ നദി മുതൽ മധ്യധരണ്യാഴി വരെയുള്ള പ്രദേശങ്ങളിൽ ജനസംഖ്യാടിസ്ഥാനത്തിൽ കൂടുതലുള്ളത് ഫലസ്തീനികളാണ്. എന്നാൽ ഇവർക്ക് മൗലികാവകാശങ്ങളൊന്നും ഇസ്റാഇൗൽ അനുവദിച്ചുനൽകുന്നില്ല. ഇസ്റാഇൗൽ ഭരണകൂടത്തിനു കീഴിലുള്ള 15 ശതമാനത്തോളം വരുന്ന ഭൂപ്രദേശത്താണ് ഈ ജനതയെ മുഴുവൻ തളച്ചിട്ടിരിക്കുന്നത്. ഫലസ്തീനികളെ പൂർണമായി ഇല്ലായ്മ ചെയ്യാനുള്ള ആഹ്വാനങ്ങൾ ഒക്ടോബർ ഏഴു മുതൽ ശക്തമായിരിക്കയാണ്.
ഇസ്റാഇൗലിലെ രാഷ്ട്രീയ-സൈനിക വൃത്തങ്ങൾക്കിടയിൽ രണ്ടാം നക്ബക്കുള്ള ആഹ്വാനങ്ങൾ പ്രചരിക്കുന്നുണ്ട്. പതിയെപ്പതിയെയുള്ള വംശീയ ഉന്മൂലനത്തിന്റെ ഒരു ഭാഗമാണ് ഇപ്പോൾ ഗസ്സയിൽ നടക്കുന്ന നരഹത്യ. ഇതിനെതിരേ കാലങ്ങളായി ഫലസ്തീനികൾ പ്രതിരോധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.
കൊളോണിയൽ ശക്തികളുടെ അജൻഡ
യൂറോകേന്ദ്രീകൃതമായ വംശീയവിവേചനങ്ങൾക്കും കൊളോണിയൽ താൽപ്പര്യങ്ങൾക്കും അനുസരിച്ച് ആഗോള നിയമ, ഭൗമരാഷ്ട്രീയക്രമം സജീവമായി രൂപപ്പെടുത്തിയ ശക്തികൾ തദ്ദേശീയരായ ജനങ്ങൾക്ക് അവരുടെ ദേശത്തിനും സ്വയം പ്രതിരോധത്തിനുമുള്ള അവകാശത്തെ ഇല്ലാതാക്കി. അന്താരാഷ്ട്ര നിയമങ്ങളിലും സ്ഥാപനങ്ങളിലും ലയിച്ചിരിക്കുന്ന കൊളോണിയൽ ശക്തികളെ അംഗീകരിക്കാതെ നിർവാഹമില്ലെന്ന സാഹചര്യമാണ് ഇന്നുള്ളത്. ഈ അധികാരത്തെ ഉപയോഗിച്ചുകൊണ്ടാണ് ഫലസ്തീനിൽ നടക്കുന്ന യുദ്ധത്തെയും വംശഹത്യയെയും ന്യായീകരിക്കുന്നത്. ഈ അധികാരത്തിന്റെ ആശയങ്ങൾ പല രൂപഭാവങ്ങളിലാണ് നിലനിൽക്കുന്നത്.
സമകാലിക പാശ്ചാത്യ വീക്ഷണത്തിൽ, പാശ്ചാത്യേതര ലോകം നിലനിൽക്കുന്നത് കാടുകളിലാണ് എന്ന ധാരണയാണ് കഴിഞ്ഞവർഷം യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി പരസ്യമായി തന്നെ പ്രകടിപ്പിച്ചത്. ഇത്തരം ധാരണകൾ അപകീർത്തികരമാണെന്നു മാത്രമല്ല, പാശ്ചാത്യലോകത്തിന്റെ പരമമായ ചില ലക്ഷ്യങ്ങൾ കൈവരിക്കാനും ഇവരിതിനെ ഉപയോഗിക്കുന്നുണ്ട്. അധിനിവേശ കുടിയേറ്റക്കാരുടെ അക്രമണത്തെ സ്വയം പ്രതിരോധമായി ന്യായീകരിക്കാനും യൂറോപ്യൻമാരല്ലാത്ത, പാശ്ചാത്യലോകം പ്രാകൃതവനവാസികളായി കണക്കാക്കുന്നവരുടെ മാനവ-പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കാനും ഈ ധാരണകൾ ഇവർ പരക്കെ ഉപയോഗിക്കുന്നുണ്ട്.
ഇതേ ആശയങ്ങളുപയോഗിച്ചാണ് ഫലസ്തീനികളെയും ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നത്. ഫലസ്തീനികളുടെ സ്വദേശത്തുനിന്ന് അവരെ കുടിയിറക്കുക, അവർക്കെതിരായ വംശഹത്യയും വംശീയ ഉന്മൂലനവും നിയമവിധേയമാക്കുക, ഇസ്റാഇൗലി കുടിയേറ്റ-കൊളോണിയലിസത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള ഫലസ്തീനികളുടെ അവകാശവും പ്രതിരോധമാർഗവും നിഷേധിക്കുക എന്നിവയെല്ലാമാണ് ഫലസ്തീനിൽ നടക്കുന്നത്.
പാശ്ചാത്യ ഗവൺമെന്റുകളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ വംശഹത്യ തീവ്രമാകുകയാണ്. ഇതിന് ആവശ്യമായ നയതന്ത്ര സാഹചര്യങ്ങൾ ഉറപ്പാക്കുകയും ഇസ്റാഇൗലിന് ആയുധം, മൂലധനം, രഹസ്യാന്വേഷണം, മാധ്യമ പിന്തുണ എന്നിവ നൽകുകയും ചെയ്യുന്നത് പാശ്ചാത്യലോകമാണ്. അമേരിക്കയും മിക്ക യൂറോപ്യൻ ഗവൺമെന്റുകളും ഇസ്റാഇൗലിനെ പ്രോത്സാഹിപ്പിക്കുന്നത് നിരന്തരം തുടരുകയാണ്. ഇസ്റാഇൗൽ സൈന്യം ജനീവ കൺവെൻഷനുകളെ അവഗണിക്കുന്നു, കാരണം അത്തരം നിയമങ്ങൾ വെള്ളക്കാരൻ തന്നെ ഉണ്ടാക്കിയതാണെന്ന് അവർക്കറിയാം.
1948 മുതൽ ഫലസ്തീനികളുടെ വംശഹത്യക്കും വംശീയ ഉന്മൂലനത്തിനും ചുക്കാൻ പിടിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ സർവാധികാരികളായുള്ള യൂറോ-കൊളോണിയൽ ഘടനയാണ്. ഇതിന് സർവസമ്മതവും നൽകി ഇസ്റാഇൗലിനെ അഴിച്ചുവിട്ടിരിക്കുന്നതും ഈ അധികാരഘടന തന്നെ. ഇപ്പോൾ നടക്കുന്നത് ഇസ്റാഇൗലും ഹമാസും തമ്മിലുള്ള യുദ്ധമല്ല; മറിച്ച്, പലസ്തീനിലെ തദ്ദേശീയ ജനതയെ അവരുടെ മണ്ണിൽ നിന്ന് പിഴുതെറിയാൻ ലക്ഷ്യമിട്ടുള്ള കുടിയേറ്റ-അധിനിവേശത്തിന്റെ ഭാഗമായുള്ള ആക്രമണങ്ങളുടെ തുടർച്ചയാണ്.
(മധ്യപൂർവേഷ്യൻ രാഷ്ട്രീയനിരീക്ഷകനായ ലേഖകൻ മിഡിൽ ഈസ്റ്റ് ഐയിൽ എഴുതിയത്)
Content Highlights:Decades of anti-occupation struggle
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."