HOME
DETAILS
MAL
ചിതയെരിച്ചിൽ
backup
November 25 2023 | 18:11 PM
എ.കെ അനില്‍ കുമാര്‍
ഇന്നലെകളെക്കുറിച്ചോര്ക്കാതെ
ഒരുപൂവും
അടര്ന്നുവീഴാറില്ല മണ്ണില്‍.
നെഞ്ചില്‍ ഒരുപിടി വിങ്ങലും
കണ്ണില്‍ കാത്തിരിപ്പിന് നിഴലാട്ടവും
കാതില്‍ പാദസരത്തേങ്ങലും.
ഓര്മകള്ക്കാഴം കുറവാണ്,
പരന്ന കാന്‍വാസ്
ചിത്രത്തുന്നലുകള്‍ പിടിപ്പിച്ച കൈലേസ്.
ഇന്നലെകളുടെ വിയര്പ്പറ്റിയ
പൂക്കളുടെ മണവും കൊണ്ടാണ്
കാറ്റെപ്പോഴുമീ വഴികടന്നുപോവുക.
ഓര്‍മകള്‍ കുടഞ്ഞിട്ടു പോവുന്ന
കാറ്റിന് പിടിവാശിയെ
തടയാനാവില്ലയൊരു മനക്കോട്ടയ്ക്കും.
എത്രമേല്‍ കടുപ്പ,മാമോര്മകള്
ചിക്കിപ്പെറുക്കി നെല്ലും പതിരും
മോഹവും തരംതിരിക്കാന്‍.
എന്നാലും വൃഥാ ഒരു പാഴ്ശ്രമം
നരച്ച കാന്വാസിനതിര്ത്തിയില്
ഇന്നലെയുടെ നിഴലിനു ചായംപുരട്ടാന്.
മാഞ്ഞുതുടങ്ങുന്നു ഓര്‍മകള്‍
ഒരു അച്ചുതണ്ടിനങ്ങേപ്പുറം കെട്ടടങ്ങുന്നു
ഇന്നലെകളുടെ ചിതയെരിച്ചില്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."