HOME
DETAILS

കിളിക്കാലത്തിന്റെ മടക്കയാത്ര

  
backup
November 25 2023 | 18:11 PM

return-journey-of-birds

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍


ജീവിതവും കാലവും പ്രകൃതിയും ഉള്‍ച്ചേരുന്ന സത്യത്തിന്റെ ഉള്ളറകള്‍ അന്വേഷിക്കുന്ന സാമൂഹിക ഭൂമിക പി. വത്സലയുടെ രചനകളില്‍ കെട്ടുപിണഞ്ഞുനില്‍ക്കുന്നു. വിശകലനങ്ങള്‍ക്ക് വഴങ്ങാന്‍ മടിക്കുന്ന ഭാവാനുഭവ സാകല്യമായി അവ കഥകളിലും നോവലുകളിലും വായിച്ചെടുക്കാം. വെന്തെരിയുന്ന മനസും കഷ്ടജാതകങ്ങളും ജീവിതത്തിന്റെ മണ്ണിലേക്കും സ്വന്തം തട്ടകത്തിന്റെ ശ്വാസതാളത്തിലേക്കും കലയുടെ നേര്‍ക്കാഴ്ചകളാക്കി വത്സല എഴുതിയിട്ടുണ്ട്.


മൂല്യപരമായ ശുഷ്‌കതയെ സൂചിപ്പിക്കുന്നതുപോലെ കഥയുടെ ഘടനയില്‍ നിന്നുയര്‍ന്ന് ധ്വനിതലത്തെ ആകിരണം ചെയ്യുന്ന കുറച്ചുകഥകളെങ്കിലും ഇതിനകം എഴുതിത്തീര്‍ത്ത എഴുത്തുകാരിയാണ് വത്സല. വാക്കുകളുടെ പ്രത്യക്ഷാർഥം പരോക്ഷമായി മാറിയ പുതിയ ചിഹ്നവ്യവസ്ഥ വത്സലയുടെ 'കുറവനും കുറത്തിയും', 'മടക്കയാത്ര' തുടങ്ങിയ കഥകളില്‍ അനുഭവപ്പെടുത്തുന്നു.


വ്യക്തിജീവിതത്തിലെ ശിഥിലീകരണത്തിന്റെയും ജാഡ്യത്തിന്റെയും ജൈവവികാസതാളം അവഗണിക്കാന്‍ കഴിയില്ല. ആത്മാവില്‍ ആസകലം മുറിവുകളേറ്റുവാങ്ങിയ സമൂഹത്തിന്റെ, വ്യക്തിയുടെ രോദനം ഉറവപൊട്ടിയൊഴുകുന്ന ചിത്രം 'സൈനുദ്ദീന്റെ വീട്', 'ധവള വിപ്ലവം' എന്നീ രചനകളില്‍ പ്രതിഫലിക്കുന്നു. പുരുഷന്‍ ആധിപത്യം വഹിക്കുന്ന അവസ്ഥ വര്‍ഗരഹിതസമുദായത്തിന്റെ അവിഭാജ്യഘടകമാണ്. സ്ത്രീ മനസിന്റെ സ്വാതന്ത്ര്യവാഞ്ഛ പുരുഷനോടുള്ള പ്രതിഷേധമാക്കി മാറ്റുക വഴി ഉപരിവര്‍ഗ വ്യവസ്ഥിതിയുടെ അസ്തിത്വം ദൃഢതരമാക്കുന്ന തന്ത്രങ്ങളില്‍നിന്നു മാറിനില്‍ക്കുന്ന കഥാകാരി, സമഗ്ര ജീവിത ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ അതിസൂക്ഷ്മ വിശകലനം തേടുകയാണ് ചെയ്യുന്നത്.


'മകളുടെ ദാരിദ്ര്യം കണ്ട്, ദുഃഖം കണ്ട്, ഉന്മേഷമില്ലായ്മ കണ്ട് കുറവനും കുറത്തിയും മരവിച്ചുനില്‍ക്കുന്നു. ഇരുവരും അവളുടെ മാഞ്ഞുപോയ പൊട്ടിച്ചിരി ഓർമിക്കുകയാവാം.' പലപ്പോഴും ഈ ഉത്കണ്ഠയുടെ പ്രകാശനമാണ് ഭാഷ അപൂർണമാണെന്ന ബോധത്തോടൊപ്പം ജീവിതം മുറ്റിനില്‍ക്കുന്ന റിയലിസ്റ്റിക് തലവും വ്യക്തമാക്കുന്നത്. സഹനത്തിന്റേതായ നരകയാമങ്ങളിലൂടെ നടന്നുപോകുമ്പോഴും മനുഷ്യന് അവന്റെ ഉണർവിന്റെ, നന്മയുടെ അടയാളം നഷ്ടമാകുന്നില്ലെന്ന് 'കട്ടില്‍' എന്ന കഥയില്‍ വത്സല പറഞ്ഞുവയ്ക്കുന്നുണ്ട്. 'എവിടെ കീടനാശിനികള്‍' കുറെ കൊല്ലങ്ങളായില്ലേ തളീക്ക്ണു! ഈ വര്‍ഷം അതില്ലാതെ നോക്കാം.' ഇങ്ങനെയൊരു വാചകം 'കട്ടിലി'ല്‍ വീണുകിടപ്പുണ്ട്. ഭാര്യയുടെ വാക്കുകളില്‍ ഉള്ളില്‍ പൊതിഞ്ഞുനില്‍ക്കുന്ന ഉത്കണ്ഠ വീര്‍ത്തുവരുന്ന ആകര്‍ഷണമായ വസ്തുക്കള്‍ക്ക് ഭര്‍ത്താവ് അടിമപ്പെടുന്നു. ഉപഭോക്തൃ സംസ്‌കൃതിയുടെ പ്രതിനിധിയായി പുരുഷന്‍ മാറുമ്പോള്‍, ഭാര്യയുടെ കൈത്തണ്ടയില്‍ പറ്റിക്കിടക്കുന്ന കാലിത്തീട്ടം അപരിചിതഭാവത്തോടെയാണ് അയാള്‍ക്ക് കാണാന്‍ കഴിയുന്നത്. അധികാരവും അറിവും തമ്മിലുള്ള പുതിയ വിനിമയം സ്വത്വത്തിന്റെ അന്വേഷണങ്ങളെ സങ്കീർണമാക്കുന്നു. അറിവിന്റെ സ്വഭാവത്തെക്കുറിച്ചുള്ള വാങ്മയചിത്രങ്ങളെ ജീവത്താക്കുകയാണ് പെണ്ണെഴുത്തിന്റെ പുതിയതാളം. പട്ടിണിയുടെയും രതിയുടെയും ആര്‍ദ്രലേഖ്യങ്ങളില്‍നിന്നും വഴിമാറുന്ന കഥാകാരി കാൽപനികവും ഭ്രമാത്മകവുമായ ചുറ്റുപാടുകളുടെ സ്പര്‍ശം അനുഭവിക്കുമ്പോഴും മണ്ണിന്റെ ഞരമ്പുകളില്‍ ചുറ്റിവരിഞ്ഞ് പ്രകൃതിയുടെ മണവും നിറവും ചേര്‍ത്തുവയ്ക്കുന്നുണ്ട്. 'കോട്ടക്കകത്തു വഴിതെറ്റി വന്നവള്‍' എന്ന കഥയില്‍ അധ്യാപികയായ രതിയും 'അമാവാസിയുടെ ചിരി'യിലെ പാർവതി അമ്മയും മാനുഷികമായി നോവലുകളിലും ചരിത്രത്തിന്റെ ക്രൂരസ്പന്ദനത്തത്തിലും ധ്യാനമഗ്നരാവുന്നു.


ഗ്രാമത്തിന്റെയും ഗ്രാമീണജീവിതാവസ്ഥയുടെയും ആഭ്യന്തരമായ വൈവിധ്യങ്ങളും ഇടര്‍ച്ചകളും ചിലപ്പോള്‍ വൈരുധ്യങ്ങളും വത്സലയുടെ രചനകളിലുണ്ട്. ദുരർഥങ്ങളുണ്ടാവുന്ന പുതിയ കാലത്തിന്റെ നേര്‍ക്ക് വിചാരഗൗരവം പുലര്‍ത്തുന്നുണ്ട്. 'ഒറ്റത്തടിപ്പാലം നഷ്ടമായിരിക്കുന്നു. ആഴത്തില്‍ വരണ്ടുപോയ തോട് ഇറങ്ങിക്കടക്കാതെ പറ്റില്ല'. പുതിയ സാമൂഹ്യബന്ധങ്ങളോട് സന്ധി ചെയ്യുമ്പോള്‍ കേടുപറ്റാതെ സൂക്ഷിക്കുന്ന സദാചാരവും മൂല്യബോധവൂം പൊരുത്തക്കേടുകള്‍ നിറഞ്ഞ് ദുര്‍ഗന്ധം പരത്തുന്നത് വത്സല തിരിച്ചറിയുന്നുണ്ട്. ദാമ്പത്യബന്ധങ്ങളുടെ വികാരം നിറഞ്ഞ ചിത്രങ്ങള്‍ സത്യസന്ധമാണെങ്കിലും സാമൂഹികാവസ്ഥയുടെ പ്രത്യക്ഷതയില്‍ അവയൊക്കെ അമര്‍ന്നുപോകുന്നു. സ്ത്രീയുടെ അവസ്ഥ 'പരശുപുരം ചന്ത'യില്‍ സാമ്പത്തിക ബന്ധങ്ങളുടെ ശ്ലഥബിംബങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ക്രൗര്യം നിറഞ്ഞവേദനയിലെ ഒതുക്കവും അന്തസും വിനയവും പങ്കുപറ്റുന്ന വത്സലയുടെ കഥാപാത്രങ്ങളില്‍ മിക്കവരും ചരിത്രത്തിന്റെ വേരുകളില്‍നിന്നും പരാജിതരുടെ വീക്ഷണത്തില്‍നിന്നും പുനരാഖ്യാനം ചെയ്തവരാണ്.


ഒഴുക്കിനെതിരേ പ്രയാണം നടത്തുകയും ഗതി മാറ്റുകയുമാണ് കഥയുടെയും എഴുത്തിന്റെയും രീതികളിലൊന്ന്. അനുഭവങ്ങളും ശീലങ്ങളും ആചാരങ്ങളും വിശ്വാസങ്ങളുമായി അലിഞ്ഞും ഉറഞ്ഞും പോകുമ്പോള്‍ പ്രേക്ഷണത്തെ അക്രമാസക്തമാക്കി നവീകരിക്കണം. കലയെക്കുറിച്ചുള്ള ഈ ദര്‍ശനത്തിന് പ്രസക്തിയുണ്ട്. സാമൂഹ്യ സംസ്‌കാരത്തിന്റെ പുതിയ സൗന്ദര്യശാസ്ത്ര ലിഖിതങ്ങളില്‍ ഈ വിശകലന തത്വം എളുപ്പത്തില്‍ അന്യമാകുന്നുവെങ്കിലും ഇത്തരമൊരു തിരിച്ചറിവ് എഴുത്തുകാരെ പുതിയ റിയലിസത്തിലേക്ക് നയിക്കും.
ജാഡ്യത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരുടെ നിയോഗത്തിന്റെ തീക്ഷ്ണത പ്രതിരൂപങ്ങളുടെ അവ്യവസ്ഥിത സംയോജനം വഴി വത്സല അനുഭവപ്പെടുത്തിയിട്ടുണ്ട്. 'പടിഞ്ഞാറെ വരാന്തയില്‍, ഒരു വിജയത്തിന്റെ പുഞ്ചിരിയുമായി താഴോട്ട് നോക്കുന്ന അമാവാസി. മരണത്തിന്റെ ചിരി കണ്ടു ഉത്തമന്‍ തളര്‍ന്നിരുന്നു'-മരണഗന്ധം പ്രതിരോധമില്ലാതെ ഉത്തമന് അസ്ഥിരത ഒാർമപ്പെടുത്തുന്നു. പ്രത്യക്ഷതയില്‍ പുനര്‍ജനിക്കുന്ന ദ്വിമാനതലം വൈയക്തിക പ്രപഞ്ചത്തിലൂടെ അപഗ്രഥിച്ചു വിസ്തരിക്കുന്ന സംഗീതരീതിയാണ് ഈ കഥ.


കഥകളില്‍ വത്സല നേടുന്ന സിദ്ധികള്‍ പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. നമ്മുടെ ബോധത്തില്‍ വന്നടിയ്ക്കുന്ന ബിംബങ്ങളുടെ ശില്‍പസമാനമായ ദാര്‍ഢ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന ജലബിംബങ്ങളും, കിണറ്റിലെ ആമ, ആനവാതില്‍, കറുത്ത ചിരി, കണ്ണീര്‍പ്പാടുകള്‍, വറ്റിയ സംഗീതത്തിന്റെ സ്മൃതികളും യാഥാർഥ്യത്തിന്റെ കാഠിന്യം വഹിക്കുമ്പോഴും ശൈലിയുടെ സാന്ദ്രത വെളിപ്പെടുത്തുന്നു. 'ധവളവിപ്ലവ'ത്തില്‍ മുതലാളിത്ത ശീലങ്ങളുടെ കപടമുഖം ചീന്തുകയാണ്. അധ്വാനത്തെ അനുഷ്ഠാനംപോലെ ആചരിക്കുന്നവരായ കഥാപാത്രങ്ങള്‍ പ്രത്യയശാസ്ത്ര ബോധത്തില്‍ വീണുകിടക്കുന്ന വിള്ളലുകളെ തുറന്നുകാണിക്കുന്നു. കഥകളില്‍ ആവിഷ്‌കൃതമാകുന്ന വ്യക്തിത്വ പ്രതിസന്ധി സമൂഹത്തിന്റെ ഉടഞ്ഞ ചിത്രങ്ങളിലേയ്ക്ക് വിരല്‍ചൂണ്ടുകയാണ്. ഓരോ രചനയും അപ്രതീക്ഷിതമായ മൗലികതയിലൂടെ വ്യാകരണഭേദനം നിർവഹിക്കുമ്പോഴാണ് കഥകള്‍ സവിശേഷവല്‍ക്കരിക്കപ്പെടുന്നത്. വത്സലയുടെ കഥകളില്‍ സംസ്‌കാരവും യാന്ത്രികവുമായ ഉഴവുചാലുകളും തുറന്നുപറച്ചിലുകളും അനുഭവിക്കുന്ന കണ്ണീര്‍പ്പാടുകളും സുചിതമാണ്.


കഥ പറച്ചിലിന്റെ വൈവിധ്യവും സാന്ദ്രതയും കൊണ്ട് വായനക്കാരുടെ മനസു പൊള്ളിക്കുന്ന എഴുത്തുകാരിയാണ് പി. വത്സല. മണ്ണിന്റെയും മനുഷ്യന്റെയും ചേര്‍ച്ചയിലേക്ക് മനസ്സര്‍പ്പിക്കുന്ന വത്സലയുടെ കൃതികള്‍ ആഘാതങ്ങളെ എതിരേറ്റും പ്രതിസന്ധികളെ അതിജീവിച്ചും സ്‌നേഹത്തില്‍ കുതിര്‍ന്നും ദുരിതത്തില്‍ അകമെരിഞ്ഞും ജീവിതം നേര്‍ക്കുന്നവരുടെ ഭൂമികയാണ്. അടിയാള ജീവിതം എഴുതുന്നതില്‍ ദ്രാവിഡമായ ഒരു കാടകം സൂക്ഷിക്കുന്ന വത്സലയുടെ കഥാപാത്രങ്ങള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട മുഴക്കങ്ങളാണ്. അവര്‍ അനീതികളുടെ ഇരകളും പുറമ്പോക്കുജീവികളുമാണ്. ഫെമിനിസത്തിന്റെ കൊടിക്കൂറയില്ലാതെ സ്ത്രീത്വം ധീരമായി സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദിക്കുന്നത് വത്സലയുടെ രചനകളില്‍ കേള്‍ക്കാം. അനുഭവത്തിന്റെ മുറുക്കമുള്ള അടരുകളും, പച്ചമണ്ണിന്റെ വീറും, കീഴാളന്റെ പട്ടിണിയും, വിയര്‍പ്പിന്റെ ചൂരും, അരക്കില്ലത്തിന്റെയും ആഗ്നേയങ്ങളുടെയും സജീവ സാന്നിധ്യമായി വത്സലയുടെ ആണ്‍/പെണ്‍ കഥാപാത്രങ്ങള്‍ ജീവിതത്തില്‍നിന്നും ഇറങ്ങിവരുന്നു. അവര്‍ സാമൂഹിക ഇടപെടലിന്റെ കഥയും കഥപറച്ചിലുകാരുമാണ്. ഒറ്റപ്പെട്ടവരുടെയും വേട്ടയാടപ്പെടുന്നവരുടെയും നിശ്വാസത്തില്‍ തളിര്‍ക്കുന്ന ക്രിയാത്മക ഇടപെടലായി എഴുത്ത്/സാഹിത്യത്തെ കണ്ടെടുത്ത വത്സലയുടെ ചില ആരായലുകള്‍:
'എന്നെ കഥയിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചത് ഉറൂബൂം മാധവിക്കുട്ടിയുമാണ്. തകഴി, പൊറ്റെക്കാട്ട് മുതലായവരുടെ കൃതികള്‍ നല്ല വായന നല്‍കിയെങ്കിലും എവിടെയോ ചില ഇടങ്ങളില്‍ എനിക്ക് വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് വേണമെന്നു തോന്നുകയുണ്ടായി. ഞാന്‍ കഥ എഴുതിയ കാലത്താണ് ആധുനിക കഥാകൃത്തുക്കള്‍ രംഗം പിടിച്ചടക്കിയത്. ഇവരുടെ ജീവിതനിഷേധപരമായ കാഴ്ചപ്പാടിനോട് എനിക്ക് തീര്‍ത്തും അനുഭാവം ഇല്ലായിരുന്നു. കേരളത്തിന്റെ ഇടുങ്ങിയ വീഥികളില്‍നിന്നു വിട്ടുപോയി മറുനാടന്‍ നഗരങ്ങളില്‍ അഭയം തേടിയവരുടെ കഥാഘടനയില്‍ കണ്ട വൈരുധ്യങ്ങള്‍ ഭാവപരമായി ഒന്നായിരുന്നു. ഇത് ജീവിതത്തിനോട് സംശയാകുലത സൃഷ്ടിക്കാനാണ് എന്നെപ്പോലുള്ളവര്‍ക്ക് ഇടയാക്കിയത്. നഗരജീവിതമുഖങ്ങള്‍ ഏകമുഖമാണ് എന്ന് എനിക്ക് തോന്നി. കേരളത്തിനകത്ത് അതുവരെ വെളിപ്പെട്ടിട്ടില്ലാത്ത ജീവാങ്കുരങ്ങള്‍ ഉണ്ട് എന്നത് എന്നെ കൂടുതല്‍ ആകര്‍ഷിച്ചു. ഇതിന് എന്നെ സഹായിച്ചത് ആരുടെയെങ്കിലും രചനകളല്ല. മറിച്ച്, ചെറിയ ചെറിയ യാത്രകളും അനുഭവങ്ങളുമായിരുന്നു. പലതരം ജീവിതങ്ങളുമായി ഇടപെടാനുള്ള ഒരു പ്രത്യേക മനോഭാവം എന്നില്‍ നേരത്തെ ഉണ്ടായിരുന്നു. കൂടുതല്‍ മനുഷ്യരോട് അടുക്കുന്തോറും വിജൃംഭിതമായ ചിത്രങ്ങള്‍ പലതും തെളിഞ്ഞുവന്നു. അതുകൊണ്ട് എന്റെ കഥാപാത്രങ്ങളും അവരുടെ ജീവിതവട്ടവും നമുക്ക് കണ്ടെത്താന്‍ കഴിയുന്നിടത്തൊക്കെ ഉണ്ട്. എഴുത്തില്‍ വിഷയദാരിദ്ര്യം ഞാനൊരിക്കലും അനുഭവിച്ചിട്ടില്ലാത്തതിന്റെ കാരണം അതാണ്.' (വത്സലയുടെ സംഭാഷണങ്ങള്‍-ലേഖകന്‍)


'തേങ്ങ' എന്ന കഥ അക്കമ്മ എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ്. തമിഴ്‌നാട്ടില്‍ നിന്നു കേരളത്തില്‍ വീട്ടിജോലിക്ക് എത്തുന്ന അക്കമ്മയുടെ മാനസികഭാവങ്ങള്‍ 'തേങ്ങ'യില്‍ അവതരിപ്പിക്കുന്നു. നാടും വീടും ഉപേക്ഷിക്കേണ്ടി വന്ന അക്കമ്മ വേദനകള്‍ക്കിടയിലും ജോലിചെയ്യുന്ന വീട്ടിലെ അംഗങ്ങളിലേക്കും പ്രകൃതിയിലേക്കും അവളുടെ സ്‌നേഹമനസ് ചേര്‍ത്തുപിടിക്കുന്നു.
ദ്രാവിഡ നാഗരികത ഒരു ചരിത്രമുഹൂര്‍ത്തത്തില്‍ വഴിതടഞ്ഞുവീണുപോയതിന്റെ ചിത്രമാണ് ഇന്ത്യയിലെ ഗോത്രവര്‍ഗത്തിലെ ജീവിതത്തിലുമുള്ളത്. ഇതിന്റെ നേര്‍ക്കണ്ണിയാണ് തിരുനെല്ലിയിലെ മനുഷ്യരുടെ ജീവിതം. പ്രാചീന ദ്രാവിഡ സംസ്‌കാരത്തിനുമേല്‍ ശക്തമായ അധിനിവേശം നടന്നിട്ടുണ്ട്. ഒരുമിച്ചുള്ള കുടുംബജീവിതം, ആത്യന്തിക മുഹൂര്‍ത്തത്തില്‍ അതില്‍നിന്ന് വിട്ടുപോകല്‍, കുഞ്ഞുങ്ങളോടുള്ള ഉത്തരവാദിത്വം എന്നിവയില്‍ ദ്രാവിഡസംസ്‌കൃതിയില്‍ അതിപുരാതനകാലം മുതല്‍ക്ക് പ്രാധാന്യം ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരു ജീവിത വീക്ഷണമാണ് നെല്ല് , കൂമന്‍കൊല്ലി തുടങ്ങിയ നോവലുകലില്‍ വത്സല വരച്ചുചേര്‍ത്തത്. വയനാട്ടില്‍ കുടിയേറ്റക്കാരുടെ അധിനിവേശം ഇല്ലാത്ത ഒരേയൊരു സ്ഥലം തിരുനെല്ലിയാണ്. അക്കാര്യം ഒരു സമൂഹത്തിന്റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. ഇന്ത്യയിലെ മറ്റധിനിവേശ ഗോത്രവര്‍ഗ്ഗമേഖലകളെല്ലാം സെമറ്റിക് മതത്തിന്റെ ആധിപത്യത്തില്‍ ഏതാണ്ട് മാഞ്ഞുപോയിട്ടുണ്ട്. അതേസമയം അവരുടെ പൂര്‍വ്വസംസ്‌കാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. വേണ്ടത്ര പക്വതയാര്‍ന്ന നേതൃത്വം ഇല്ലാത്തതുകൊണ്ടാണ് അവര്‍ക്ക് നിവര്‍ന്നുനില്‍ക്കാന്‍ ഇന്നും കഴിയാതിരിക്കുന്നത്. അവരെ അംഗീകരിക്കാതിരിക്കാന്‍ അംഗീകൃത രാഷ്ട്രീയ ജനാധിപത്യം എന്ന് വിളിക്കപ്പെടുന്ന തന്ത്രപരമായ വ്യവസ്ഥകളാണ് നാട്ടില്‍ നിലനില്‍ക്കുന്നത്. ഇത്തരമൊരു രാഷ്ട്രീയപ്രതിബോധമാണ് 'നെല്ല്', 'ആഗ്നേയം' മുതലയായ രചനകള്‍ ഉയര്‍ത്തുന്നത്.


ജീവിതവൃത്താന്തത്തെപ്പറ്റി' വത്സല പറഞ്ഞതിങ്ങനെ 'കുട്ടിക്കാലം മുതല്‍ക്ക് ഞങ്ങളുടെ വീട്ടില്‍ ആണ്‍കുട്ടി, പെണ്‍കുട്ടി എന്നൊരു വ്യത്യാസം ഇല്ലാതെയാണ് എല്ലാവരും കളിച്ചുവളര്‍ന്നത്. അവര്‍ക്ക് പ്രത്യേകം നിയമങ്ങളും ഉണ്ടായിരുന്നില്ല. ഇതൊരുപക്ഷേ, അന്നത്തെ അവസ്ഥയില്‍ ഞങ്ങളുടെ കുടുംബത്തിനകത്തുണ്ടായിരുന്ന ഒരു കാഴ്ചപ്പാടായിരുന്നു. ശൈശവം മുതല്‍ കാണുന്ന ഈ അനുഭവങ്ങള്‍ തീര്‍ച്ചയായും ഒരാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തും. ജീവിതം ഒരിക്കലും പുരുഷന്റെയോ സ്ത്രീയുടെയോ മാത്രമല്ല, പ്രാണിലോകത്തില്‍പോലും ഉള്ള ഈ പാരസ്പര്യം, പരിഷ്‌കൃതരെന്ന് അഭിമാനിക്കുന്ന മനുഷ്യലോകത്ത് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സൂക്ഷ്മമായ പ്രകൃതി-ജീവ നിരീക്ഷണത്തില്‍നിന്ന് നിങ്ങള്‍ക്കിത് പെട്ടെന്ന് മനസ്സിലാകും. ഒരു കാക്കയ്ക്ക് ഒരുപിടിച്ചോറ് നിങ്ങള്‍ എറിഞ്ഞുകൊടുത്താല്‍ ഒരിക്കലും അത് ഒറ്റയ്ക്ക് വന്നു തിന്നുകയില്ല. ചോറിന്റെ അടുത്ത് ചെന്നുനിന്ന് ഇണയെ വിളിച്ചുവരുത്തിയാണ് കാക്ക ആദ്യത്തെ വറ്റുപോലും കൊത്തിയെടുക്കുന്നത്. ഇവ കൂടുകൂട്ടുന്നതും ശത്രുവിനെതിരെ പൊരുതുന്നതുമെല്ലാം ഇങ്ങനെ ഒന്നിച്ചാണ്. അതാണ് ജീവന്റെ സ്വാഭാവികത'(വത്സലയുടെ സംഭാഷണങ്ങള്‍-ലേഖകന്‍).


കാടും നാടും ചരിത്രവുമെല്ലാം വത്സലയുടെ എഴുത്തില്‍ നിറഞ്ഞുനില്‍പ്പുണ്ട്. ഒട്ടേറെ സ്ഥലങ്ങളിലൂടെ അവിടങ്ങളിലെ ജനജീവിതം മനസ്സിലാക്കി എഴുതുന്ന രീതിയാണ് ഈ കഥാകാരിയുടേത്. 'സ്ത്രീത്വം ശരിയായ അര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദിക്കണം. അങ്ങനെയുള്ള സ്വാതന്ത്ര്യത്തിന് സ്പന്ദിക്കുന്ന അനേകം കഥാപാത്രങ്ങള്‍ എന്റെ കൃതികളിലുണ്ട്. സമൂഹത്തിലെ ദുര്‍ബലന്റെ പ്രതിരോധങ്ങളുമുണ്ട്. ചേമ്പി, പാളയം പോലുള്ളവ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ടതാണ്. അധ്യാപക ജീവിതത്തില്‍ നിന്ന് ഉള്‍ക്കൊണ്ട കാര്യങ്ങള്‍. ജീവിതത്തില്‍ പെട്ടെന്ന് പെട്ടെന്ന് നമ്മള്‍ ചര്യകള്‍ മാറ്റിക്കൊണ്ടിരിക്കുന്നു'. ഇതെല്ലാം വത്സലയുടെ രചനകളില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു.


'കിളിക്കാലം' എന്ന ആത്മകഥയില്‍ വത്സല മരണത്തെപ്പറ്റി എഴുതിയിട്ടുണ്ട്. മരണം പരുന്തായി വരുന്ന കാഴ്ചയിലേക്ക് കണ്ണയക്കുന്നു. കുടുംബത്തിലെ ആദ്യ കണ്ട മരണം അച്ഛമ്മയുടെതായിരുന്നു. വത്സലയുടെ വാക്കുകളില്‍:' ആദ്യം സാക്ഷിയായ ഒരു മരണം അച്ഛമ്മയുടേതായിരുന്നു. കുട്ടിക്കാലത്ത് തറവാട്ടില്‍ ഒരു മരണവും ഉണ്ടായിട്ടില്ല. എന്റെ അച്ഛമ്മ തൊണ്ണൂറ് കഴിഞ്ഞപ്പോ ആണ് മരിച്ചത്'. യാഥാര്‍ഥ്യ ത്തില്‍ തൊട്ടുകൊണ്ടുള്ള എഴുത്തുശീലമാണ് വത്സലയുടേത്. അതുകൊണ്ടുതന്നെ വത്സലയുടെ രചനകള്‍ വായിച്ചു കഴിയുമ്പോള്‍ മനസ്സിലൊരു പിടച്ചിലുറപ്പാണ്. ജീവിതത്തെ നോക്കി നിഷ്‌കളങ്കമായി ചിരിക്കുക മാത്രമല്ല; ഉള്‍ത്താപം കൂട്ടുന്ന സൂചിമുനപോലെ യാഥാര്‍ഥ്യം അടയാളപ്പെടുത്താനും ഈ എഴുത്തുകാരി ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago