പ്രതികരിച്ചാല്‍ നിശബ്ദമാക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയം
മെഹ്താബ് ആലം
ബി.ജെ.പിയുടെ പുതിയ ഇര ആര്‍.ജെ.ഡിയുടെ മുതിര്‍ന്ന നേതാവ് അബ്ദുല്‍ ബാരി സിദ്ദീഖി ആണ്. രാജ്യത്തിന്റെ അവസ്ഥയോര്‍ത്ത് തന്റെ മക്കളോട് വിദേശ പൗരത്വം സ്വീകരിക്കാന്‍ താന്‍ ഉപദേശിച്ചു എന്നത് പുറത്തുപറഞ്ഞതോടെയാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ വാചകക്കസര്‍ത്തുകള്‍ ഇദ്ദേഹത്തിനു നേരെയാവുന്നത്.
ആര്‍.ജെ.ഡി നേതാവ് അബ്ദുല്‍ ബാരി സിദ്ദീഖി തന്റെ മക്കളെ കുറിച്ച് പറയുന്നൊരു വിഡിയോയാണ് നിലവില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അതില്‍ പറയുന്നതിങ്ങനെ: 'എന്റെ മകന്‍ ഹാര്‍വാര്‍ഡില്‍ പഠിക്കുകയാണ്. മകള്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ നിന്ന് ബിരുദം നേടി. രാജ്യത്തിന്റെ അവസ്ഥ കണ്ടുകൊണ്ട് ഞാന്‍ മക്കളോട് പറഞ്ഞത് വിദേശത്ത് എവിടെയെങ്കിലും തൊഴില്‍ കണ്ടെത്താനാണ്. പൗരത്വം ലഭിക്കുമെങ്കില്‍ അതും സ്വീകരിക്കുക. മാതൃരാജ്യത്തെ ഉപേക്ഷിക്കാന്‍ മക്കളോട് പറയുന്നത് വളരെ വേദനയുണ്ടാക്കുന്ന കാര്യമാണ്. പക്ഷേ, നമ്മള്‍ ജീവിക്കുന്ന സാഹചര്യം ഇത്തരത്തിലുള്ളതായി പോയി'. ബി.ജെ.പിയുടെ ബിഹാര്‍ വക്താവും ഒ.ബി.സി മോര്‍ച്ചാ ജനറല്‍ സെക്രട്ടറിയുമായ നിഖില്‍ ആനന്ദ് ഇതിനോട് പ്രതികരിച്ചത്: 'ഒരു രാഷ്ട്രീയ നേതാവിന്റെ എല്ലാ സുഖസൗകര്യങ്ങളും ഈ രാജ്യത്തു ലഭിച്ചിട്ടും ഇവിടെ ജീവിക്കാന്‍ ബുദ്ധിമുട്ടു തോന്നുന്നുണ്ടെങ്കില്‍ അദ്ദേഹം കുടുംബത്തേയും കൂട്ടി പാകിസ്താനിലേക്ക് പോകട്ടെ' എന്നാണ്. മുന്‍മന്ത്രിക്കെതിരേ സമാനപ്രതികരണം നടത്തിയവരില്‍ ആനന്ദ് ഒറ്റക്കല്ല.
അബ്ദുല്‍ ബാരി സിദ്ദീഖി ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകരണം നല്‍കിയിട്ടു പോലും ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ നിന്ന് അദ്ദേഹത്തെ വാക്ശരം കൊണ്ട് ആക്രമിക്കുന്നതാണ് കാണുന്നത്. ബിഹാറില്‍ നിന്നുള്ള ലോക്‌സഭാംഗവും ആഭ്യന്തര കാര്യ സഹമന്ത്രിയുമായ നിത്യാനന്ദ റായി കഴിഞ്ഞദിവസം ഇതിനോട് പ്രതികരിച്ചത് ഇങ്ങനെ: 'ആഭ്യന്തരകാര്യ സഹമന്ത്രി എന്ന നിലയില്‍ ഏറ്റവും പ്രധാനമായി എനിക്കുപറയാനുള്ളത് ന്യൂനപക്ഷങ്ങളടക്കം എല്ലാ സമുദായങ്ങള്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ് എന്നാണ്'. റാഞ്ചിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ സി.പി സിങ് പ്രതികരിച്ചതിങ്ങനെ: 'അദ്ദേഹത്തിനു പേടി തോന്നുന്നുണ്ടെങ്കില്‍ അദ്ദേഹം പേടിക്കുക തന്നെ വേണം. ഇനി അദ്ദേഹത്തിന് ഈ രാജ്യം വിട്ടു പോകണം എന്നാണെങ്കില്‍ ബാക്കിയുള്ളവരേയും കൂടെ കൂട്ടി പോകുകയും വേണം' എന്നാണ്.
തന്റെ സംഭാഷണത്തിന്റെ സാഹചര്യം മനസിലാക്കാതെയാണ് രാഷ്ട്രീയക്കാര്‍ ഇതിനെതിരേ പ്രതികരിക്കുന്നതെന്നാണ് ആര്‍.ജെ.ഡി നേതാവിന്റെ വിശദീകരണം.
കാര്യങ്ങൾ എന്തൊക്കെയാണെങ്കിലും വലിയൊരു ശതമാനം ആളുകള്‍ തങ്ങളുടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുകയാണെന്ന സത്യം മറച്ചുവയ്ക്കാന്‍ സാധ്യമല്ല. 2021ല്‍ മാത്രം 1.6 ലക്ഷം ഇന്ത്യക്കാരാണ് തങ്ങളുടെ പൗരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വം നേടിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ തന്നെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. 2022 ജനുവരിക്കും ഒക്ടോബറിനും ഇടയിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു കഴിഞ്ഞു. ഇതില്‍ ഭൂരിഭാഗവും മുസ്ലിംകളല്ലാത്തവരുമാണ്. ഇത്തരത്തില്‍ പൗരത്വം ഉപേക്ഷിക്കുന്നവരെല്ലാം മികച്ച സൗകര്യങ്ങള്‍ തിരഞ്ഞുപോകുന്നവരാണെന്നു വേണമെങ്കില്‍ വാദിക്കാം. അതാണ് സത്യമെങ്കില്‍ അബ്ദുല്‍ ബാരി സിദ്ദീഖിക്ക് തന്റെ മക്കള്‍ക്ക് ഇത്തരമൊരു ഉപദേശം നല്‍കാനുള്ള സകല അവകാശങ്ങളുമുണ്ട്. അതിന് അദ്ദേഹത്തെ ആര്‍ക്കും കുറ്റം പറയാന്‍ സാധിക്കില്ല. മറ്റു ഇന്ത്യക്കാരെ പോലെ ഇദ്ദേഹത്തിന്റെ മക്കള്‍ക്കും മികച്ച അവസരങ്ങള്‍ തിരഞ്ഞ് പോവാനും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചുകൊണ്ട് പാകിസ്താനിലേക്കു മാത്രമല്ല മറ്റേതു രാജ്യത്തേക്കും പോകാനുള്ള സ്വാതന്ത്ര്യവുമുണ്ട്. സിദ്ദീഖിക്കെതിരേയുള്ള പ്രതികരണങ്ങള്‍ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് 'മുസല്‍മാനോന്‍ കേ ദോ ഹി ആസ്ഥാന്‍, പാകിസ്താന്‍ യാ ഖബറിസ്ഥാന്‍' എന്ന കുപ്രസിദ്ധ മുദ്രാവാക്യമാണ്. അഥവാ, മുസല്‍മാനുള്ളത് രണ്ട് സ്ഥലങ്ങളാണ്, പാകിസ്താന്‍ അല്ലെങ്കില്‍ ഖബര്‍സ്ഥാന്‍. ഇത് വെറും സങ്കല്‍പ്പമോ നുണയോ അല്ലെന്നു മുന്‍കാല സംഭവങ്ങള്‍ നോക്കിയാല്‍ മനസിലാകും. ഏതെങ്കിലും ഒരു മുസ്ലിം നാമധാരി ഈ രാജ്യത്തിന്റെ അവസ്ഥയെ കുറിച്ചോ ഇവിടുത്തെ അസഹിഷ്ണുതയെ കുറിച്ചോ സംസാരിച്ചാല്‍ ഉടനടി അവര്‍ക്കു ലഭിക്കുന്ന മറുപടി പാകിസ്താനില്‍ പോകാനാണ്.
രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെ കുറിച്ച് ഒരു തവണ സംസാരിച്ചതാണ് ആമിര്‍ ഖാന്‍. അതിന് അദ്ദേഹം നേരിട്ട സൈബര്‍ മാര്‍ഗവും അല്ലാതെയുമുള്ള ആക്രമണങ്ങള്‍ വളരെ ഭീകരമായിരുന്നു. ആ സംഭവത്തിനു ശേഷം ഈ ഏഴ് വര്‍ഷത്തിനിടക്ക് ആമിര്‍ ഖാന്‍ ഒരു പ്രതികരണത്തിനായും ശബ്ദിച്ചിട്ടില്ല. ആമിര്‍ ഖാന്‍ സൂചിപ്പിച്ച ഈ രാജ്യത്തെ അസഹിഷ്ണുതയുടെ സാഹചര്യം ഇല്ലാതാവുകയോ അതിന്റെ തീവ്രത കുറയുകയോ ചെയ്തിട്ടില്ല. അതേസമയം ഈ വര്‍ഷങ്ങളിലായി അസഹിഷ്ണുത വര്‍ധിക്കുന്നതായാണ് നാം കണ്ടത്. ഇതിന്റെ ഏറ്റവും വലിയ ഇരകളാവട്ടെ രാജ്യത്തെ മതന്യൂനപക്ഷങ്ങളുമാണ് പ്രത്യേകിച്ച് മുസ്ലിംകള്‍ അല്ലെങ്കില്‍ ക്രിസ്തീയര്‍. ഈ വര്‍ഷത്തിന്റെ ആദ്യത്തില്‍ വാഷിങ്ടണ്‍ പോസ്റ്റ് അവരുടെ എഡിറ്റോറിയലില്‍ ഇങ്ങനെ എഴുതി: 'സംശയാസ്പദമായ സാഹചര്യങ്ങളെന്നു കാണിച്ച് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയും ഉദ്യോഗസ്ഥര്‍ ഇതിനെ കുറിച്ച് വീമ്പു പറയുകയും ചെയ്തു. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചു. ഈ രാജ്യത്ത് മുസ്ലിംകള്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കുമെതിരേയുള്ള കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പ്രാദേശിക ബി.ജെ.പി നേതാക്കള്‍ വിദ്വേഷപ്രസംഗങ്ങള്‍ ഓടിനടന്നു നടത്തുന്നു. ഇതെല്ലാം കണ്ടിട്ടും മോദിയും ബി.ജെ.പി ദേശീയ നേതാക്കളും ഇപ്പോഴും തങ്ങളുടെ മൗനം വെടിഞ്ഞിട്ടില്ല'.
സ്വാഭാവികമായും ഇതെല്ലാം ഇവിടുത്തെ ന്യൂനപക്ഷ സമുദായങ്ങളെ ബാധിച്ചിട്ടുണ്ട് എന്നതു തീര്‍ച്ച. സിദ്ദീഖിയെ പോലെ മറ്റു പല മുസ്ലിം രക്ഷിതാക്കളും തങ്ങളുടെ മക്കള്‍ക്ക് സമാനമായ ഉപദേശം നര്‍കിയിട്ടുണ്ടാകണം. പല മുസ്ലിംകളും ഇതേക്കുറിച്ച് ചിന്തിക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യുന്നുണ്ടാകണം. പരിഭ്രാന്തി സൃഷ്ടിക്കുന്നതിനപ്പുറം തന്റെ ആശങ്കള്‍ പൊതുവായി പങ്കുവച്ചതിലൂടെ വിശ്വാസത്തിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ ആശങ്കകളാണ് നാം ഈ നേതാവിലൂടെ കേള്‍ക്കുന്നത്. ദൂതനെ വധിക്കുന്നതിനു പകരം അയാള്‍ക്കു പറയാനുള്ളത് സംയമനത്തോടെ കേട്ട് തീരുമാനമെടുക്കുകയാണ് ഈ സാഹചര്യത്തില്‍ വേണ്ടത്. ഭരണകൂടവും സഖ്യകക്ഷികളും ഇവര്‍ക്ക് പറയാനുള്ളതു കേള്‍ക്കുകയും അവരുടെ ആശങ്കകള്‍ പരിഹരിക്കുകയും ചെയ്യണം.
അല്ലാതെ, ഈ രാജ്യത്തെ ഭീകരമായ അസഹിഷ്ണുത സൃഷ്ടിച്ച പ്രതിസന്ധികള്‍ ദിനേന ഏറ്റുവാങ്ങുന്ന സമൂഹത്തോട് ഈ ലോകത്ത് ന്യൂനപക്ഷം ഏറ്റവും സുരക്ഷിതരായിരിക്കുന്ന രാജ്യം ഇന്ത്യയാണെന്ന വിധത്തിലുള്ള വാചാടോപം കൊണ്ടൊന്നും അവരില്‍ ഈ രാജ്യത്തെ കുറിച്ച് ആത്മവിശ്വാസമുണ്ടാക്കാനോ സുരക്ഷിതത്വ ബോധമുണ്ടാക്കാനോ സാധ്യമല്ലെന്നും ഭരണാധികാരികള്‍ മനസിലാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."