രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനം നിലനിര്‍ത്തി സിയാല്‍
നെടുമ്പാശേരി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം കൈവരിച്ച നേട്ടം തുടരുന്നു. കഴിഞ്ഞ ജൂണോടെയാണ് ചെന്നൈ വിമാനത്താവളത്തെ പിന്തള്ളി നെടുമ്പാശേരി മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള കണക്കുകള്‍ പ്രകാരമാണ് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ സിയാല്‍ മൂന്നാം സ്ഥാനം കൈവരിച്ചത്. ഈ നേട്ടം ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും തുടരാന്‍ സിയാലിന് കഴിഞ്ഞു. ഓഗസ്റ്റ് മാസത്തെ കണക്കനുസരിച്ച് 3,98,722 യാത്രക്കാരുമായി ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളമാണ് രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള മുംബൈ വിമാനത്താവളം വഴി 1,84,787 പേരാണ് യാത്ര ചെയ്തത്. 1,55,322 യാത്രക്കാരുമായാണ് നെടുമ്പാളേരി വിമാനത്താവളം മൂന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഇതിനിടെ ഏപ്രിലില്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ സിയാല്‍ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. ഓഗസ്റ്റില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലൂടെയും യാത്ര ചെയ്തത് 1.42 കോടി യാത്രക്കാരാണ്. ജൂലൈ മാസത്തെ അപേക്ഷിച്ച് 35 ശതമാനം യാത്രക്കാരുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതില്‍ 10.29 ലക്ഷം പേര്‍ രാജ്യാന്തര യാത്രക്കാരാണ്. കൊവിഡ് ബാധിതര്‍ കുറഞ്ഞു വരുന്നതോടെ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യൂറോപ്പിലേക്ക് നേരിട്ട് സര്‍വിസ് നടത്തുന്ന സംസ്ഥാനത്തെ ഏക വിമാനത്താവളമാണ് നെടുമ്പാശേരി. രാജ്യത്ത് ആഭ്യന്തര സര്‍വിസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് കൊവിഡിന് മുമ്പ് ഉണ്ടായിരുന്നതിന്റെ 72.05 ശതമാനം വരെ സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ ഓഗസ്റ്റില്‍ അനുമതി നല്‍കിയിരുന്നു. സെപ്റ്റംബറില്‍ ഇത് 85 ശതമായി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."