ആദർശവ്യതിയാനവും സമസ്ത നിലപാടും
മുഹമ്മദ് ജസീൽ കമാലി
അഹ്‌ലുസ്സുന്നയുടെ ആശയാദർശങ്ങൾക്കും സമസ്തയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കും വിരുദ്ധമായി പ്രചാരണം നടത്തുകയും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതിനാൽ അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ എല്ലാ ഘടകങ്ങളിൽ നിന്നും നീക്കം ചെയ്യാൻ 9/11/2022 ന് ചേർന്ന സമസ്ത മുശാവറ തീരുമാനമെടുക്കുകയുണ്ടായി. വിദ്യാർഥികളോടും പൊതുജനങ്ങളോടും അദ്ദേഹം നടത്തിയ ധാരാളം പ്രസംഗങ്ങളിൽ നിരവധി സുന്നിവിരുദ്ധ പരാമർശങ്ങൾ പുറത്തുവരികയുണ്ടായി. അവയിൽ ഏതാനും ഉദാഹരണങ്ങൾ നോക്കാം:
പുത്തനാശയങ്ങൾ ശാഖാപരമാക്കി നിസാരവൽക്കരിക്കൽ
സുന്നികളും ബിദഇകളും സമ്മേളിച്ച ഒരു വേദിയിൽ അദ്ദേഹം പ്രസംഗിച്ചതിങ്ങനെ: 'നബി(സ്വ)യുടെ കാലത്ത് നബിയായിരുന്നു നിസ്‌കാരത്തിന് ഇമാമത്ത് നിന്നിരുന്നത്. പകരം ആരും മുന്നോട്ടുവന്നിരുന്നില്ല. ഈ രീതിയാണ് മഹാന്മാരായ ഖുലഫാക്കളും അനുവർത്തിച്ചുപോന്നിരുന്നത്. പിൽക്കാലത്തു ഖുർആൻ സൃഷ്ടിവാദം പോലുള്ള ശാഖാപരമായ പ്രശ്‌നങ്ങളൊക്കെ ചർച്ചയ്ക്ക് വന്നു. അപ്പോൾ കുഴപ്പങ്ങളുണ്ടായി. ഗ്രൂപ്പുകളുണ്ടായി'.
ഖുർആൻ സൃഷ്ടിവാദം പോലുള്ള പുത്തൻവാദങ്ങൾ ശാഖാപരമായ കാര്യങ്ങളാണോ? തികഞ്ഞ തെറ്റിദ്ധരിപ്പിക്കലാണിത്. പുത്തനാശയങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ച വിവാദമാണ് ഖുർആൻ സൃഷ്ടിവാദം. അല്ലാഹുവിന്റെ കലാമായ ഖുർആൻ സൃഷ്ടിയാണ് എന്ന പിഴച്ച വാദമാണത്. ഇതെങ്ങനെയാണ് ശാഖാപരമാകുന്നത്? ഈ വാദവുമായി മുഅ്തസിലികൾ രംഗത്തുവന്നപ്പോൾ അതിനെതിരിൽ ഇമാം അഹ്മദ്(റ) പോലുള്ള അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ ശക്തമായി പ്രതികരിച്ചു. അതിന്റെ പേരിൽ അഹ്മദ്(റ)ഉൾപ്പെടെ പലരും വർഷങ്ങളോളം ജയിൽവാസവും കഠിന പീഡനവും നേരിടുകയുണ്ടായി. ഇതേപോലെ അനേകം അപകടകരമായ പുത്തൻവാദങ്ങൾ വേറെയും അക്കാലത്ത് കടന്നുവന്നു. ഗൗരവമേറിയ ആ വിവാദങ്ങൾ വെറും ശാഖാപരമായ വിഷയങ്ങളാണോ? ആണെങ്കിൽ അഹ്‌ലുസ്സുന്നയുടെ മഹാന്മാരായ ഇമാമുമാർ എന്തിനാണ് അവയ്‌ക്കെതിരേ ശക്തമായി പോരാടിയത്? അനേകം ഗ്രന്ഥങ്ങൾ രചിച്ചത്? ജയിൽവാസവും പീഡനവും അനുഭവിച്ചത്? യഥാർഥത്തിൽ അവ ദീനിന്റെ അടിസ്ഥാനമായ അഖീദയുമായി ബന്ധപ്പെട്ട കാര്യമല്ലേ. അതിനെയാണ് കേവലം ശാഖാപരമായ തർക്കങ്ങളായി ഹകീം ഫൈസി വകമാറ്റുന്നത്. സുന്നികളുടെയും ബിദ്അത്തുകാരുടെയുമിടയിലുള്ള ഭിന്നതകൾ പരലോക വിജയവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങളാണ്. ജനങ്ങളുടെ ദീനിന്റെ തലപോകുന്ന കാര്യങ്ങളാണ് പുത്തൻവാദികളിൽ നിന്ന് ഉയർന്നുവന്നത്. ഇതിനെ നാലു മദ്ഹബുകളിലെ അഭിപ്രായ വൈവിധ്യങ്ങളോട് തുലനപ്പെടുത്തിയാണ് അദ്ദേഹം അതേ പ്രസംഗത്തിൽ അവതരിപ്പിക്കുന്നത്. മദ്ഹബുകൾ മുസ്‌ലിംകളിൽ കുഴപ്പങ്ങൾക്ക് കാരണമായി എന്ന പുത്തനാശയക്കാരുടെ ആരോപണത്തിന് ചൂട്ടുപിടിക്കുന്നതാണ് ആ പ്രസംഗം. തുടർന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: 'ഭിന്നത ഒരു അനുഗ്രഹമാണ്. ഒരുപാട് അഭിപ്രായമുണ്ടാകുമ്പോൾ ഏതെങ്കിലും ഒരു അഭിപ്രായമനുസരിച്ച് എങ്ങനെയെങ്കിലുമൊക്കെ തട്ടിമുട്ടി സ്വർഗത്തിലെത്തിയെങ്കിൽ മതിയല്ലോ. അതിനപ്പുറത്ത് എല്ലാ അഭിപ്രായഭിന്നതകളും തീർന്നിട്ട് എങ്ങനെയാണ് നമ്മൾ രക്ഷപ്പെടുക? നീ ശാഫിയാകുക, ഹനഫിയാകുക, ഹമ്പലിയാകുക, മാലിക്കിയാകുക. അതിനപ്പുറത്ത് പ്രാമാണികമായി വല്ലതും പൂർണരൂപത്തിൽ ഉണ്ടെങ്കിൽ അതിന്റെ ആളാകുക. നിങ്ങൾ ശാഖാപരമായ കാര്യങ്ങളിൽ ഭിന്നിച്ചോളൂ. 'കുല്ലുൻ ബിമാ ലദൈഹിം ഫരിഹൂൻ' നിങ്ങൾ നിങ്ങളുടെ ന്യായവും കണ്ടെത്തിക്കോളൂ. പക്ഷേ അത്തരം വീക്ഷണ വ്യത്യാസങ്ങളൊക്കെ സമുദായത്തിന്റെ തല സംരക്ഷിക്കുന്ന ശ്രമങ്ങൾക്ക് തടസമാകുന്ന തരത്തിൽ എവിടെയും ഉന്നയിക്കരുത്'.
എന്താണ് ഇദ്ദേഹം ഉദ്ദേശിക്കുന്നത്? സുന്നികളും ബിദ്അത്തുകാരും തമ്മിലുള്ള തർക്കങ്ങൾ നാലു മദ്ഹബുകൾക്കിടയിലുള്ള അഭിപ്രായഭിന്നത പോലെയാണെന്നാണോ? അത് കേവലം ശാഖാപരമാണെന്നാണോ? ഉമ്മത്തിന് അനുഗ്രഹമായ പണ്ഡിതഭിന്നതയാണോ അത്? ഓരോരുത്തരും അവരവരുടെ ന്യായമനുസരിച്ച് ജീവിച്ചാൽ സ്വർഗത്തിലെത്തുമെന്നാണോ? 'ഓരോ വിഭാഗവും അവരുടെ പക്കലുള്ളതിൽ സന്തോഷിക്കുന്നവരാണ്' എന്ന ഖുർആനിക വാക്യം അതാണോ കുറിക്കുന്നത്? എങ്കിൽ പിന്നെ 'ഏതാനും സമയംവരേയ്ക്കും അവരുടെ വഴികേടിൽ അവരെ ഒഴിച്ചുവിടുക' എന്ന് ഖുർആൻ തുടർന്ന് കൽപ്പിച്ചതെന്തിനാണ്?
ഖുർആനും സ്വഹീഹായ ഹദീസും മതി; തർക്കമുള്ളതൊന്നും പറയേണ്ട
ഹകീം ഫൈസിയുടെ മറ്റൊരു പ്രസംഗം ഇങ്ങനെയാണ്: 'തെളിവ് പറയാൻ പറ്റാത്തത്; അല്ലെങ്കിൽ ഏതെങ്കിലും മുക്കുമൂലകളിൽ നിന്ന് തെളിവ് തപ്പിപ്പിടിച്ചു കൊണ്ടുവരേണ്ടത് ഒന്നും പറയേണ്ട. ഖുർആനും സ്വഹീഹായ ഹദീസും തന്നെ മതി. കെട്ടുകഥകളൊന്നും വേണ്ട. ഒരുപാട് തർക്കമുള്ളതൊന്നും വേണ്ട'.
ഖുർആനും സ്വഹീഹായ ഹദീസും മാത്രം മതിയെന്ന് ബിദ്അത്തുകാർ പറയാറുണ്ട്. ളഈഫായ ഹദീസുകൾ വാറോലകളാണെന്നും മുൻകാല പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾ പാളക്കിതാബുകളാണെന്നും അതിലുള്ളതൊക്ക കെട്ടുകഥകളാണെന്നും അവർ ആരോപിക്കാറുണ്ട്. അതേ പ്രചാരണമാണ് ഹകീം ഫൈസി നടത്തുന്നത്. സുന്നികളുടെയും പുത്തൻവാദികളുടെയുമിടയിൽ തർക്കമുള്ളതൊന്നും പൊതുസമൂഹത്തോട് പറയാതിരുന്നാൽ ഇവിടെ സുന്നത്ത് ജമാഅത്ത് നിലനിൽക്കുമോ?
ദീനിൽ ഇളവുകളും പഴുതുകളുമാണ് പറയേണ്ടത്
അദ്ദേഹം തുടരുന്നു: 'ഫിഖ്ഹ്, അറിവ്, തസ്വവ്വുഫ്, ഇഹ്‌സാൻ ഇതിന്റെയൊക്കെ ഉള്ള് എന്താണ്? ഗസാലി(റ) ഇഹ്‌യാഇൽ സുഫ്‌യാനുസ്സൗരി(റ)വിൽ നിന്നുദ്ധരിക്കുന്നു: 'വിശ്വാസ യോഗ്യരായ ഇമാമുകളിൽ നിന്ന് പഴുതുകളും ഇളവുകളും കണ്ടെത്തുക എന്നുള്ളതാണത്. പാടില്ല എന്ന് പറയാൻ എല്ലാവർക്കും കഴിയുമല്ലോ'. അത് മനുഷ്യർക്ക് ആശ്വാസം കൊടുക്കുന്നതിന് വിപരീതമാണ്. മദ്ഹബുകളിൽ പക്ഷപാതം ഒഴിവാക്കുക. നാല് മദ്ഹബും ശരിയാണ്. മുഹ്‌യിദ്ദീൻ ശൈഖ് ശാഫിഈ മദ്ഹബ് ഒഴിവാക്കാതെയാണ് ഹമ്പലി മദ്ഹബ് പിന്തുടർന്നത്'.
'പണ്ഡിതന്മാർ സാധാരണക്കാർക്ക് എളുപ്പം ചെയ്തുകൊടുക്കണം. നടന്നുപോരുന്ന രീതിയൊക്കെ മാറണം. നബി(സ്വ) പറഞ്ഞത് ദീൻ എളുപ്പമാണെന്നാണ്. ലോകത്ത് നാല് മദ്ഹബുകളുണ്ട്. സാധാരണക്കാർക്ക് സൗകര്യമായതനുസരിച്ച് പ്രവർത്തിക്കാമല്ലോ. ഹനഫി മദ്ഹബാണ് കൂടുതൽ യുക്തിപരമായത് '.
നിരവധി അപകടങ്ങൾ പതിഞ്ഞിരിക്കുന്നതാണ് ഹകീം ഫൈസിയുടെ മേൽവാക്കുകൾ. നാലിൽ ഒരു മദ്ഹബനുസരിച്ച് അമല് ചെയ്യലാണ് സാധാരണഗതിയിൽ എളുപ്പം. ഇനി ഏതെങ്കിലും വിഷയത്തിൽ മറ്റൊരു മദ്ഹബ് സ്വീകരിക്കണമെന്നുണ്ടെങ്കിൽ അതിന് ചില നിബന്ധനകളുണ്ട്. പ്രസ്തുത വിഷയത്തിൽ ആ മദ്ഹബിന്റെ വ്യവസ്ഥകളും മാനദണ്ഡങ്ങളുമെല്ലാം പാലിക്കേണ്ടതുണ്ട്. കൂടാതെ എല്ലാ മദ്ഹബുകളിലെയും ഇളവുകളും പഴുതുകളും മാത്രം തെരഞ്ഞെടുക്കുവാൻ പാടില്ല. കാരണം അത് നിഷിദ്ധമാണ്. ഇങ്ങനെയുള്ള കർശന നിബന്ധനകൾ പാലിക്കലാണോ സാധാരണക്കാർക്ക് എളുപ്പമായത്? പ്രത്യുത അതവർക്ക് പ്രയാസമാണുണ്ടാക്കുക. അതിനാലാണ് സാധാരണഗതിയിൽ ഏതെങ്കിലും ഒരു മദ്ഹബ് തന്നെ അവലംബിക്കണമെന്ന് പറയുന്നത്. മദ്ഹബ് തന്നെ വേണ്ടെന്ന് പറയുന്നവരുടെ (ലാ മദ്ഹബിയ്യത്ത്) വാദഗതികളിലേക്ക് ജനങ്ങളെ തള്ളിവിടുന്നതാണ് ഹകീം ഫൈസിയുടെ പ്രസംഗം. എല്ലാ മദ്ഹബുകളിൽ നിന്നും 'ഏറ്റവും എളുപ്പമുള്ളതും ഏറ്റവും നല്ലതും' സ്വീകരിക്കുക എന്ന മോഹനവാദം അവരുടേതാണ്. ഇതിനുവേണ്ടി 'ദീൻ എളുപ്പമാണ്' എന്ന ഹദീസ് അസ്ഥാനത്തുദ്ധരിക്കുകയാണ് ഹകീം ഫൈസി ചെയ്തത്. മതം എളുപ്പമാണ് എന്നാൽ സാധാരണക്കാരോട് എല്ലാ മദ്ഹബുകളിലെയും അഭിപ്രായങ്ങൾ അവതരിപ്പിച്ച് എളുപ്പമാക്കിക്കൊടുക്കുക എന്നാണോ? അതുമൂലം ആളുകളുടെ ദീൻ അപകടപ്പെടുത്തുന്ന നിലയാണുണ്ടാകുക.
ഹാഫിസ് ഇബ്‌നു ഹജർ(റ) രേഖപ്പെടുത്തി: 'ദീൻ എളുപ്പമാണ്' എന്ന പ്രവാചക വചനം ഇബാദത്തിൽ ഏറ്റവും പൂർണമായത് എടുക്കുന്നത് തടയുകയല്ല. കാരണം ഏറ്റവും പൂർണമായത് പ്രവർത്തിക്കൽ സ്തുത്യർഹമായ കാര്യമാണ്. 'ദീൻ എളുപ്പമാണ്' എന്നാൽ അലസതയിലേക്ക് നയിക്കുന്ന വിധത്തിൽ ഇബാദത്തിനെ കഠിനമാക്കരുതെന്നാണ്. ഏറ്റവും ശ്രേഷ്ഠമായതിനെ ഉപേക്ഷിക്കുന്ന വിധം സുന്നത്തുകളെ അമിതമാക്കരുതെന്നാണ്. ഫർള്വിനെ സമയത്തെ തൊട്ട് പുറപ്പെടുവിക്കുന്ന തരത്തിൽ ആവേശം കൂടരുത് എന്നാണ്. ഉദാഹരണത്തിന്, ഒരാൾ രാത്രി മുഴുവൻ ഇബാദത്തിൽ മുഴുകി. അവസാനം ഉറക്കത്തിൽ വീണു. അങ്ങനെ സുബ്ഹിയുടെ ജമാഅത്ത് നഷ്ടപ്പെടുകയോ ശ്രേഷ്ഠസമയം കഴിയുകയോ നിസ്‌കാരം ഖള്വാആകുകയോ ചെയ്യുക (ഫത്ഹുൽ ബാരി 1-117).
ഹകീം ഫൈസി പറഞ്ഞതുപോലെ പഴുതുകളുടെ പിറകെ പോകലല്ല ഫിഖ്ഹ്. ഫിഖ്ഹിൽ കർശനമായ വിധിവിലക്കുകളുമുണ്ട്. കൂടുതൽ സൂക്ഷ്മമായതും കർശനമായതും കഠിനമായതും കൈകൊള്ളലാണ് ത്വരീഖത്ത്. അല്ലാഹുവിന്റെ മുറാഖബയിലേക്കും മുശാഹദയിലേക്കും എത്തലാണ് ഇഹ്‌സാൻ. ഇമാം സുഫ്‌യാനുസ്സൗരി(റ)യുടെ വാക്കുകൾ ഇതിനോടെതിരല്ല. അതിനെ വളച്ചൊടിക്കുകയാണ് ഹകീം ഫൈസി. ഗസാലി ഇമാമിന്റെ ഇഹ്‌യാ ഉലൂമിദ്ദീനിൽ ഇൗ നിലയിൽ സുഫ്‌യാനുസ്സൗരിയെഉദ്ധരിച്ചിട്ടുമില്ല. മഹാൻ പറഞ്ഞതെന്താണെന്നും അതിന്റെ ഉദ്ദേശ്യമെന്താണെന്നും ഇമാം ഇബ്‌നുസ്സ്വലാഹും ഇമാം നവവിയും(റ) വിശദീകരിച്ചിട്ടുണ്ട്. ചില കുടുങ്ങിയ സാഹചര്യത്തിൽ പഴുതുകൾ പറഞ്ഞുകൊടുക്കുന്നതിനെ കുറിച്ചാണതെന്നും പൊതുവായി പറഞ്ഞതല്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. (ശർഹുൽ മുഹദ്ദബ് 1-103, ഫതാവാ ഇബ്‌നി സ്സ്വലാഹ് 47) ആധുനിക മദ്ഹബ് വിരോധിയായ യൂസുഫുൽ ഖർള്വാവിയുടെ പ്രഭാഷണങ്ങളിൽ ഇത്തരം തെറ്റുകൾ കാണുന്നുണ്ട്. അവ അതേപടി മലയാളീകരിക്കുന്ന പണിയാണ് ഹകീം ഫൈസി നിർവഹിക്കുന്നത്.)
(ഇസ്തിഖാമ സംസ്ഥാന കൺവീനറാണ് ലേഖകൻ)
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."