പരാധീനതകള്‍ക്കിടയിലും തിളക്കമാര്‍ന്ന നേട്ടവുമായി നല്ലൂര്‍നാട് സ്കൂള്‍
മാനന്തവാടി: പരാധീനതകള്‍ക്കിടയിലും മികച്ച നേട്ടം കൊയ്ത് നല്ലുര്നാട് അംബേദ്ക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ ശ്രദ്ധേയമാവുന്നു. കൊല്ലത്ത് നടന്ന സംസ്ഥാന ബെസ്റ്റ് സ്കൂള്‍ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ചാംപ്യന്മാരായാണ് സ്കൂള്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചത്.
സംസ്ഥാനത്തെ പ്രധാന സ്പോര്‍ട്സ് സ്കൂളായ കൊല്ലം ജി.വി രാജ സ്പോര്‍ട്സ് സ്കൂളിനെ പരാജയപ്പെടുത്തിയാണ് അഭിമാനര്‍ഹമായ നേട്ടം കൊയ്തത്. ക്യാപ്റ്റന്‍ അമല്‍ രാജിന്റെ നേതൃത്വത്തിലാണ് സ്കൂള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. സതീശാണ് ഇവര്‍ക്ക് 20 വര്‍ഷമായി പരിശീലനം നല്‍കുന്നത്.
നേട്ടങ്ങള്‍ കൊയ്തെടുക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഇല്ലെന്നതാണ് സ്കൂളിനെ വലക്കുന്നത്. പരിശീലനം നടത്തുന്നതിനാവശ്യമായ ഗ്രൗണ്ടോ ആവശ്യമായ ഉപകരണങ്ങളോ ഇവര്‍ക്ക് ഇതുവരെയായും ലഭിച്ചിട്ടില്ല. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തം പരിശ്രമം കൊണ്ട് നേട്ടങ്ങള്‍ കൊയ്തെടുക്കുന്ന ഈ വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ലെന്നതാണ് യഥാര്‍ഥ വസ്തുത.
ജില്ലയില്‍ ഹോക്കി ടീമുള്ള ഏക സ്കൂള്‍ കൂടിയാണിത്. നവംബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് സ്കൂള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."